ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗിൽ താരലേലം പുരോഗമിക്കുമ്പോൾ താരങ്ങൾക്കായി തുക വാരിയെറിഞ്ഞാണ് കിങ്സ് ഇലവൻ പഞ്ചാബ് ലേലം വിളിക്കുന്നത്. ആറ് താരങ്ങൾക്ക് വേണ്ടി ഇതിനോടകം 35 കോടിയിലേറെ കിങ്സ് ഇലവൻ ചിലവഴിച്ചു.

കെ.എൽ.രാഹുലിന് വേണ്ടിയാണ് ഏറ്റവും കൂടുതൽ തുക കിങ്സ് ഇലവൻ ചിലവഴിച്ചത്. 11 കോടിക്കാണ് താരത്തെ ഇവർ നേടിയത്. ആർ. അശ്വിന് 7.6 കോടിയും ആരോൺ ഫിഞ്ചിന് 6.2 കോടിയും കരുൺ നായർക്ക് 5.6 കോടിയും ആണ് കിങ്സ് ഇലവൻ ലേലത്തിൽ പ്രഖ്യാപിച്ചത്.

മൂന്ന് കോടിക്ക് ഡേവിഡ് മില്ലറെ സ്വന്തമാക്കിയ ടീം യുവരാജ് സിങ്ങിനെ ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് തിരികെ കൊണ്ടുവന്നു. അടിസ്ഥാന വിലയായ രണ്ടു കോടിക്കാണ് യുവിയെ കിങ്സ് ഇലവൻ സ്വന്തമാക്കിയത്.

ലേലത്തിൽ ഏറ്റവും കുറവ് തുക മുടക്കിയത് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവാണ്. 3.6 കോടിക്ക് ബ്രണ്ടൻ മക്കലത്തെ സ്വന്തമാക്കിയത് ഒഴിച്ചാൽ മറ്റൊരു താരത്തിന് വേണ്ടിയും ബെംഗളൂരു ലേലം വിളിയിൽ കാര്യമായി പങ്കെടുത്തില്ല.

അതേസമയം, വൻതുകകളാണ് പ്രമുഖ താരങ്ങൾക്കെല്ലാമായി ചിലവഴിക്കപ്പെട്ടത്. ചെന്നൈ സൂപ്പർ കിങ്സ് 6.4 കോടിക്ക് ഡ്വെയ്ൻ ബ്രാവോയെ സ്വന്തമാക്കി. ഗ്ലെൻ മാക്സ്വെല്ലിനെ 9 കോടിക്ക് സ്വന്തമാക്കിയ ഡൽഹി 2.8 കോടി മുടക്കി ഗൗതം ഗംഭീറിനെയും വലയിലാക്കി.

വിദേശ താരങ്ങളായ ക്രിസ് ലിന്നിനെയും മിച്ചൽ സ്റ്റാർക്കിനെയുമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഇതുവരെ സ്വന്തമാക്കിയത്. 9.6 കോടി ക്രിസ് ലിന്നിനും 9.4 കോടി മിച്ചൽ സ്റ്റാർക്കിനും വേണ്ടി കൊൽക്കത്ത ചിലവഴിച്ചു. ഇവർ രണ്ടുപേർക്ക് വേണ്ടി മാത്രമേ കൊൽക്കത്ത ഇതുവരെ പണം ചിലവഴിച്ചുളളൂ.

പൊള്ളാഡിനെ നിലനിർത്താൻ 5.4 കോടി എറിഞ്ഞ മുംബൈ ഇന്ത്യൻസ് പക്ഷെ മറ്റൊരു താരത്തിനും വേണ്ടി പണം മുടക്കിയില്ല. ലേലത്തിൽ ഏറ്റവും കൂടുതൽ പണം നൽകി ബെഞ്ചമിൻ സ്റ്റോക്സിനെ സ്വന്തമാക്കിയ രാജസ്ഥാൻ അജിങ്ക്യ രഹാനെയ്ക്ക് നാല് കോടി രൂപ പ്രതിഫലം പ്രഖ്യാപിച്ച് സ്വന്തമാക്കി.

സൺറൈസേഴ്സ് ഹൈദരാബാദാണ് ഇതുവരെ ഏറ്റവും അധികം തുക ചിലവഴിച്ച രണ്ടാമത്തെ ഫ്രാഞ്ചൈസി. 23.2 കോടിയാണ് ഇവർ ചിലവഴിച്ചത്. 11 കോടി രൂപയ്ക്ക് മനീഷ് പാണ്ഡെയെയും 5.2 കോടിക്ക് ശിഖർ ധവാനെയും ഇവർ സ്വന്തമാക്കി. കെയ്ൻ വില്യംസൺ (മൂന്ന് കോടി), ബ്രാത്ത്വെയ്റ്റ്, ഷാക്കിബ് അൽ ഹസൻ (രണ്ട് കോടി വീതം) എന്നിവരാണ് ഹൈദരാബാദ് സ്വന്തമാക്കിയ മറ്റ് താരങ്ങൾ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ