കിങ്സ് കപ്പിൽ ഇന്ത്യൻ ഫുട്ബോൾ ടീമിന് തകർപ്പൻ ജയം. തായ്‌ലൻഡിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. യുവതാരം അനിരുദ്ധ് ഥാപയുടെ ഗോളാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. ജയത്തോടെ ടൂർണമെന്റിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനും ഇന്ത്യക്ക് സാധിച്ചു.

ഏഷ്യൻ കപ്പിലേറ്റ നാണംകെട്ട തോൽവിക്ക് പകരം വീട്ടാനാണ് തായ്‌ലൻഡ് ഇന്ത്യക്കെതിരെ ഇറങ്ങിയത്. എന്നാൽ മത്സരത്തിന്റെ ഒരു ഘട്ടത്തിൽ പോലും ഇന്ത്യക്ക് വെല്ലുവിളി ഉയർത്താനും ഗോൾ കണ്ടെത്താനും തായ്‌ലൻഡിന് സാധിച്ചില്ല. കളിയുടെ 17-ാം മിനിറ്റിലാണ് ഇന്ത്യക്ക് വേണ്ടി ഥാപ തായ്‌ലൻഡ് ഗോൾവല ചലിപ്പിച്ചത്. ആദില്‍ ഖാന്റെ ഒരു ക്രോസ് മനോഹരമായി ടാപ്പ് ചെയ്യുകയായിരുന്നു ഥാപ്പ.

പുതിയ പരിശീലകൻ ഇഗോർ സ്റ്റിമാച്ചിന് ഇന്ത്യ നേടുന്ന ആദ്യ ജയമാണ് ഇന്നത്തേത്. കഴിഞ്ഞ മത്സരത്തിൽ നിന്ന് മാറ്റങ്ങൾ വരുത്തിയാണ് ഇഗോർ സ്റ്റിമോച്ച് ഇന്ന് ആദ്യ ഇലവനെ ഇറക്കിയത്. നായകൻ സുനിൽ ഛേത്രിക്ക് പകരം പ്രതിരോധ താരം സന്ദേശ് ജിങ്കനാണ് ഇന്ത്യൻ ടീമിനെ നയിച്ചത്. മലയാളി താരം സഹൽ അബ്ദുൾ സമദ് ആദ്യ ഇലവനിൽ സ്ഥാനം കണ്ടെത്തിയില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook