മുംബൈ: 40 ഓവറിൽ 453 റൺസ് പിറന്ന അത്യപൂർവമായ മത്സരം. പ്ലേഓഫ് ടീമുകളെ തീരുമാനിക്കുന്നതിൽ ഏറെ നിർണായകമായ പോരാട്ടം. ഇത്തരമൊരു കളിയിൽ എന്തു ചെയ്തും ടീമിനെ വിജയിപ്പിക്കാൻ ഏതു കളിക്കാരനും ശ്രമിക്കും. എന്നാൽ കീറോൺ പൊള്ളാർഡ് എന്ന മുതിർന്ന കരീബിയൻ താരത്തിന്റെ ചതി പ്രയോഗത്തിന് ഇതെല്ലാം ന്യായീകരണമാകുമോ എന്നതാണിപ്പോൾ ക്രിക്കറ്റ് ലോകത്തിന്റെ ചർച്ച.

ഇന്നലെ നടന്ന മുംബൈ ഇന്ത്യൻസ്- കിങ്സ് ഇലവൻ പഞ്ചാബ് മത്സരത്തിനിടയ്ക്കാണ് സംഭവം. 230 എന്ന പടുകൂറ്റൻ സ്കോർ പിന്തുടരുകയായിരുന്ന മുംബൈ ഇന്ത്യൻസിന് മോഹിത് ശർമ എറിഞ്ഞ അവസാന ഓവറിൽ വേണ്ടിയിരുന്നത് 16 റൺസ്. സ്ട്രൈക്ക് ചെയ്യുന്നത് പൊള്ളാർഡും നോൺ സ്ട്രൈക്കേഴ്സ് എൻഡിൽ ഹർഭജൻ സിങ്ങും. ആദ്യ പന്തിൽ തന്നെ നീട്ടിയടിച്ച് പൊള്ളാർഡ് രണ്ട് റൺസ് ഓടി. എന്നാൽ ആദ്യ റൺസിൽ നോൺസ്ട്രൈക്കേഴ്സ് എൻഡിലെ ക്രീസിൽ ബാറ്റ് കുത്താൻ കാത്തു നിൽക്കാതെ പൊള്ളാർഡ് രണ്ടാം റൺസിനായി തിരിച്ചോടുകയായിരുന്നു. എന്നിട്ടും കഷ്ടിച്ചാണ് താരം റൺഔട്ടിൽ നിന്ന് രക്ഷപ്പെട്ടത്. സംഭവം കൃത്യമായി കാമറയിൽ പതിഞ്ഞതോടെ അന്പയർ ഒരു റൺസ് മാത്രമാണ് മുംബൈക്ക് അനുവദിച്ചത്. സ്ട്രൈക്ക് നിലനിർത്താൻ വേണ്ടിയാണ് പൊള്ളാർഡിന്റെ ഈ ‘അധാർമിക’ ചെയ്തിയെന്ന് വ്യക്തം. എന്നാൽ മത്സരം ഏഴ് റൺസിന് മുംബൈ പരാജയപ്പെട്ടു.

പൊള്ളാർഡിന്റെ പാളിപ്പോയ ‘കബളിപ്പിക്കൽ’ ക്രിക്കറ്റ് പോലെ മാന്യമായ കളിയുടെ ധാർമികതക്ക് നിരക്കാത്തതാണെന്നാണ് ഭൂരിഭാഗം ക്രിക്കറ്റ് ആരാധകരുടെയും അഭിപ്രായം. ഈ ഐപിഎല്ലിൽ തന്നെ, പന്ത് ബാറ്റിലുരസി കീപ്പർ പിടിച്ചപ്പോൾ, അന്പയർ ഔട്ട് വിളിക്കുകയോ ബോളറും കീപ്പറും അപ്പീൽ ചെയ്യുക പോലും ചെയ്യാതെ ക്രീസിൽ നിന്നും കയറിപ്പോയ ഹാഷിം ആലയെ പോലുള്ളവരുടെ മാന്യത പൊള്ളാർഡ് ഉൾക്കൊള്ളണമായിരുന്നെന്നാണ് ഒരു മുംബൈ ആരാധകൻ അഭിപ്രായപ്പെട്ടത്.

അതേസമയം പൊള്ളാർഡ് ചെയ്തതിൽ തെറ്റില്ലെന്ന് വാദിക്കുന്നവരുമുണ്ട്. ടീമിന്റെ വിജയത്തിന് അവസാന ഓവറിലെ നിർണായക പന്തുകളിൽ പൊള്ളാർഡ് തന്നെ സ്ട്രൈക്ക് ചെയ്യണമായിരുന്നെന്നും അതിനാൽ ഷോർട്ട് റൺ ഓടിയതിൽ അത്ഭുതം ഒന്നുമില്ലെന്നുമാണ് കമന്റേറ്റർ ഹർഷ ഭോഗ്ലെ അഭിപ്രായപ്പെട്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook