ഇതുവരെയുള്ള കളികൾ വിലയിരുത്തിയാൽ ഐപിഎൽ 13-ാം സീസണിലെ ഏറ്റവും മികച്ച താരങ്ങളുടെ പട്ടികയിൽ മുംബൈ ഇന്ത്യൻസ് താരം കീറോൺ പൊള്ളാർഡ് ഉണ്ടാകും. ബാറ്റിങ്ങിലും ബോളിങ്ങിലും ഫീൽഡിങ്ങിലും ഒരേപോലെ തിളങ്ങിനിൽക്കുകയാണ് പൊള്ളാർഡ്.
അപ്രാപ്യമെന്ന് തോന്നിയ മത്സരങ്ങളിൽ മുംബൈ ഇന്ത്യൻസിലെ വിജയത്തിലെത്തിക്കാൻ കെൽപ്പുള്ള പൊള്ളാർഡ് ഇന്നലെ നടന്ന രാജസ്ഥാൻ റോയൽസിനെതിരായ പോരാട്ടത്തിലും മികവ് തെളിയിച്ചു. രാജസ്ഥാനുവേണ്ടി മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയായിരുന്ന ജോസ് ബട്‌ലറുടെ ക്യാച്ച് നേടിയാണ് കീറോൺ പൊള്ളാർഡ് ശ്രദ്ധിക്കപ്പെട്ടത്.
Read Also: ബട്ട്ലർ മാത്രം; അടിപതറി രാജസ്ഥാൻ, നാലാം ജയവുമായി മുംബൈ
13-ാം ഓവറിലെ മൂന്നാം പന്തിലായിരുന്നു ഇത്. ജെയിംസ് പാറ്റിൻസണിന്റെ ബോളിൽ കൂറ്റൻ അടിക്ക് ശ്രമിച്ച ജോസ് ബട്‌ലർക്ക് പുറത്തേക്കുള്ള വഴി തുറന്നിട്ടത് പൊള്ളാർഡിന്റെ ഉഗ്രൻ ക്യാച്ചാണ്. ബൗണ്ടറി ലൈനിനരികെ വായുവിൽ പറന്ന് ഇടത് കൈ കൊണ്ട് ക്യാച്ച് സ്വന്തമാക്കാനാണ് പൊള്ളാർഡ് ശ്രമിച്ചത്. എന്നാൽ, ഇടത് കൈയിൽ തട്ടി പന്ത് തെറിക്കുന്നു. ഉടനെ തന്നെ വലത് കൈയിൽ പന്ത് സുരക്ഷിതമാക്കി. ക്യാച്ച് നഷ്ടപ്പെടാതിരിക്കാൻ ശരീരത്തെ ബാലൻസ് ചെയ്തു. രാജസ്ഥാന് നേരിയ വിജയപ്രതീക്ഷ നൽകിയിരുന്ന ബട്‌ലറിന്റെ ഇന്നിങ്‌സ് അങ്ങനെ അവസാനിച്ചു.
ക്യാച്ച് സ്വന്തമാക്കിയ ശേഷമുള്ള പൊള്ളാർഡിന്റെ ആഹ്ലാദപ്രകടനവും മുംബൈ ആരാധകർ ഏറ്റെടുത്തു. സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ അടക്കമുള്ളവർ പൊള്ളാർഡിന്റെ ക്യാച്ചിനെ അഭിനന്ദിച്ച് രംഗത്തെത്തി. ഇത്ര സ്ഥിരതയോടെ ഇങ്ങനെയൊരു ക്യാച്ച് സ്വന്തമാക്കാൻ പൊള്ളാർഡിനു മാത്രമേ സാധിക്കൂ എന്ന് സച്ചിൻ ട്വീറ്റ് ചെയ്തു.
അതേസമയം, ഇന്നലെ നടന്ന മത്സരത്തിൽ 58 റൺസിനാണ് രാജസ്ഥാൻ റോയൽസിനെ മുംബെെ കീഴടക്കിയത്. മുംബൈ ഉയർത്തിയ 194 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ 18.1 ഓവറിൽ 136 റൺസ് നേടി പുറത്താവുകയായിരുന്നു. മുംബൈയുടെ നാലാം ജയമാണിത്. പോയിന്റ് നിലയിൽ ഒന്നാമതെത്താൻ ഈ ജയത്തോടെ മുംബൈക്ക് കഴിഞ്ഞു.
രാജസ്ഥാനു വേണ്ടി ജോസ് ബട്‌ലർ മികച്ച സ്കോർ നേടിയെങ്കിലും സ്റ്റീവ് സ്‌മിത്തും സഞ്ജു സാംസണും രാഹുൽ തെവാത്തിയയും അടക്കമുള്ള താരങ്ങൾക്ക് അടി പതറി. 44 പന്തിൽ നിന്ന് 70 റൺസാണ് ബട്‌ലർ നേടിയത്. സ്‌മിത്ത് ഏഴ് പന്തിൽനിന്ന് ആറ് റൺസ് മാത്രമാണ് നേടിയത്. സഞ്ജു റൺസൊന്നുമെടുക്കാതെ പുറത്തായി. തുടക്കത്തിൽ തന്നെ യശസ്വി ജൈസ്വാളിന്റെ വിക്കറ്റ് രാജസ്ഥാന് നഷ്ടമായി. ആദ്യ പന്തിലാണ് ജൈസ്വാൾ പൂജ്യം റണ്ണിൽ പുറത്തായത്.
Read Also: ശ്രേയസ് അയ്യരിൽ ഒരു ഇന്ത്യൻ നായകൻ ഒളിഞ്ഞിരിപ്പുണ്ട്; വാഴ്‌ത്തി ക്രിക്കറ്റ് ലോകം
അഞ്ച് റൺസ് മാത്രമാണ് തെവാത്തിയ നേടിയത്. ടോം കറാൻ 15 റൺസെടുത്തു. ജോഫ്ര ആർച്ചർ 24 റൺസ് നേടി. ശ്രെയസ് ഗോയലും അങ്കിത് രാജ്‌പുതും യഥാക്രമം ഒന്നും രണ്ടും റൺസ് നേടി. മുംബൈക്ക് വേണ്ടി ബുംറ നാല് വിക്കറ്റെടുത്തു. ട്രെന്റ് ബൗൾട്ടും പാറ്റിൻസണും രണ്ട് വീതം വിക്കറ്റ് നേടി. ചാഹറും പൊള്ളാർഡും ഓരോ വിക്കറ്റെടുത്തു.
നിശ്ചിത 20 ഓവറിൽ വെറും നാല് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി മുംബൈ നേടിയത് 193 റൺസ്. 47 പന്തിൽ നിന്ന് 79 റൺസ് നേടി പുറത്താകാതെ നിന്ന സൂര്യകുമാർ യാദവിന്റെ ഉഗ്രൻ ഇന്നിങ്‌സാണ് മുംബൈ ഇന്ത്യൻസിന് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്.
രണ്ട് സിക്‌സും 11 ഫോറും അടങ്ങിയതായിരുന്നു സൂര്യകുമാറിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്. ടീം ടോട്ടൽ 88 ൽ എത്തിയപ്പോൾ മുംബൈക്ക് മൂന്നാം വിക്കറ്റ് നഷ്‌ടമായി. എന്നാൽ സൂര്യകുമാർ യാദവ് ഒരറ്റത്ത് വിക്കറ്റ് കാവൽക്കാരനായും അതിവേഗ റൺസ് നേട്ടക്കാരനായും തിളങ്ങി. ഹാർദിക് പാണ്ഡ്യ 19 പന്തിൽ നിന്ന് 30 റൺസുമായി സൂര്യകുമാറിനു പിന്തുണ നൽകി. അവസാന ഓവറുകളിലെ തകർപ്പൻ പ്രകടനമാണ് മുംബൈയുടെ ടോട്ടൽ ഉയർത്തിയത്. ക്വിന്റൺ ഡി കോക്ക് (15 പന്തിൽ നിന്ന് 23), രോഹിത് ശർമ (23 പന്തിൽ നിന്ന് 35 റൺസ്), ഇഷാൻ കിഷൻ (പൂജ്യം), ക്രുണാൽ പാണ്ഡ്യ (12 പന്തിൽ നിന്ന് 17) എന്നിവരുടെ വിക്കറ്റുകളാണ് മുംബൈക്ക് നഷ്ടമായത്. രാജസ്ഥാൻ റോയൽസിനുവേണ്ടി ശ്രേയസ് ഗോപാൽ രണ്ട് വിക്കറ്റും ജോഫ്ര ആർച്ചർ, കാർതിക് ത്യാഗി എന്നിവർ ഓരോ വിക്കറ്റും നേടി.