scorecardresearch
Latest News

ഹാട്രിക് വിക്കറ്റ് നേടിയ ബോളർക്ക് ‘വയറുനിറയെ’ നൽകി പൊള്ളാർഡ്; ഒരോവറിൽ ആറ് സിക്‌സ്

കിറോൺ പൊള്ളാർഡ് എന്ന കരീബിയൻ കരുത്ത് ആഞ്ഞുവീശി. ശ്രീലങ്ക പരാജയം സമ്മതിച്ചു. മൂന്ന് മുൻനിര വിക്കറ്റുകൾ വീഴ്‌ത്തി ഹാട്രിക് നേട്ടം സ്വന്തമാക്കിയ ധനഞ്ജയ നാണക്കേടുകൊണ്ട് മുഖം താഴ്‌ത്തി

ഹാട്രിക് വിക്കറ്റ് നേടിയ ബോളർക്ക് ‘വയറുനിറയെ’ നൽകി പൊള്ളാർഡ്; ഒരോവറിൽ ആറ് സിക്‌സ്

ഇവിൻ ലൂയിസ്, ക്രിസ് ഗെയ്‌ൽ, നിക്കോളാസ് പൂരാൻ…വെസ്റ്റ് ഇൻഡീസിന്റെ മൂന്ന് മുൻനിര ബാറ്റ്‌സ്‌മാൻമാരെ തുടർച്ചയായ പന്തുകളിൽ പുറത്താക്കി ഹാട്രിക് നേടിയ അഖില ധനഞ്ജയ ശ്രീലങ്കയെ വിജയത്തിലെത്തിക്കുമെന്ന് തോന്നിയ നിമിഷം. ശ്രീലങ്കൻ ആരാധകരും ഏറെ ആവേശത്തിലായിരുന്നു. വെസ്റ്റ് ഇൻഡീസിനെതിരായ ടി 20 പരമ്പരയിലെ ആദ്യ മത്സരം ജയിച്ച് ലീഡ് നേടാമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകരെല്ലാം. വിജയശിൽപിയാകാമെന്ന സന്തോഷത്തിൽ ധനഞ്ജയയും നിൽക്കുന്നു. എന്നാൽ, കിറോൺ പൊള്ളാർഡ് എന്ന കരീബിയൻ കരുത്ത് ആഞ്ഞുവീശി. ശ്രീലങ്ക പരാജയം സമ്മതിച്ചു. മൂന്ന് മുൻനിര വിക്കറ്റുകൾ വീഴ്‌ത്തി ഹാട്രിക് നേട്ടം സ്വന്തമാക്കിയ ധനഞ്ജയ നാണക്കേടുകൊണ്ട് മുഖം താഴ്‌ത്തി.

Read Also: മോദിയുടെ റാലിയിൽ പങ്കെടുക്കാൻ ഗാംഗുലിയെത്തുമോ? സ്ഥാനാർഥിയാകുമോ? സസ്‌പെൻസ്

ഹാട്രിക് നേടിയ സന്തോഷത്തിൽ നിൽക്കുന്ന ധനഞ്ജയയുടെ ഓവറിലെ ആറ് പന്തുകളിൽ തുടർച്ചയായി സിക്‌സ് നേടിയാണ് പൊള്ളാർഡ് വെസ്റ്റ് ഇൻഡീസിനെ വിജയത്തിലെത്തിച്ചത്. ഹാട്രിക് സ്വന്തമാക്കിയ ഓവറിനു ശേഷം അടുത്ത ഓവർ എറിയാനെത്തിയപ്പോഴാണ് പൊള്ളാർഡിന്റെ മിന്നലാട്ടം. ഹാട്രിക് നേടിയ ബോളറെ ശ്രദ്ധയോടെ നേരിടണമെന്ന ചിന്തയൊന്നും പൊള്ളാർഡിനുണ്ടായിരുന്നില്ല. ടി 20 ക്രിക്കറ്റിൽ ഒരോവറിലെ എല്ലാ പന്തിലും സിക്‌സ് നേടിയ രണ്ടാമത്തെ താരമായിരിക്കുകയാണ് പൊള്ളാർഡ്. നേരത്തെ ഇന്ത്യയുടെ യുവരാജ് സിങ്ങാണ് ഈ​ നേട്ടം കൈവരിച്ചിട്ടുള്ളത്.

അതേസമയം, നാല് വിക്കറ്റിനാണ് വെസ്റ്റ് ഇൻഡീസ് ശ്രീലങ്കയെ തകർത്തത്. ഇതോടെ ടി 20 പരമ്പരയിൽ 1-0 ത്തിന് കരീബിയൻസ് ലീഡ് ചെയ്യുന്നു. ആദ്യം ബാറ്റ് ചെയ്‌ത ശ്രീലങ്ക നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്‌ടപ്പെടുത്തി 131 റൺസ് മാത്രമാണ് നേടിയത്. മറുപടി ബാറ്റിങ്ങിൽ 13.1 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ വെസ്റ്റ് ഇൻഡീസ് വിജയത്തിലെത്തി. 11 പന്തിൽ 38 റൺസ് നേടിയാണ് പൊള്ളാർഡ് പുറത്തായത്. ജേസൻ ഹോൾഡർ 24 പന്തിൽ 29 റൺസ് നേടി പുറത്താകാതെ നിന്നു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Kieron pollard smashes six sixes in an over