ഇന്ത്യൻ പ്രീമിയർ ലീഗിലെ തങ്ങളുടെ രണ്ടാം ജയവുമായി ഒന്നാം സ്ഥാനത്തെത്തിയ മുംബൈ ഇന്ത്യൻസിന്റെ പഞ്ചാബിനെതിരായ പ്രകടനത്തിൽ നിർണായക പങ്കുവഹിച്ചത് നായകൻ രോഹിത് ശർമയും വെടിക്കെട്ട് താരം കിറോൺ പൊള്ളാർഡുമായിരുന്നു. തുടക്കം പിഴച്ച മുംബൈയെ രോഹിത് കരകയറ്റിയപ്പോൾ അവസാന ഓവറുകളിലെ വെടിക്കെട്ട് പ്രകടനത്തോടൊ പൊള്ളാർഡ് മുംബൈയെ കൂറ്റൻ സ്കോറിലെത്തിച്ചു. ഹാർദിക് പാണ്ഡ്യയ്ക്കൊപ്പം ചേർന്ന അവസാന 23 പന്തിൽ 67 റൺസാണ് പൊള്ളാർഡ് അടിച്ചെടുത്തത്.
14-ാം ഓവറിൽ 83ന് മൂന്ന് എന്ന നിലയ്ക്ക് നിന്നാണ് 191 എന്ന കൂറ്റൻ സ്കോറിലേക്ക് മുംബൈ കുതിച്ചത്. ഇതിന് ചുക്കാൻ പിടിച്ചതാകട്ടെ പൊള്ളാർഡും. മത്സരശേഷം ഇന്നിങ്സിനെക്കുറിച്ച് ചോദിച്ചപ്പോൾ പൊള്ളാർഡിന്റെ മറുപടി ഇങ്ങനെ, “അവസാന നാല് ഓവറിൽ ആകാശമാണ് അതിര്.” ഇതിൽ നിന്ന് തന്നെ വ്യക്തമാണ് തന്റെ ഇന്നിങ്സിലൂടെ പൊള്ളാർഡ് എന്താണ് ലക്ഷ്യമാക്കിയതെന്ന്.
Also Read: സീസണിലെ രണ്ടാം ജയവുമായി മുംബൈ; പഞ്ചാബിനെ പരാജയപ്പെടുത്തിയത് 48 റൺസിന്
മത്സരത്തിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടത് പൊള്ളാർഡായിരുന്നു. മുന്നിലുള്ള ലക്ഷ്യമാണ് പ്രധാനം. ബോളറെ നോക്കുക, ആ ഓവറിൽ എത്ര റൺസ് വേണമെന്ന് കണക്കാക്കു. 15 റൺസാണെങ്കിൽ അതിനായി കഠിനമായി ശ്രമിക്കുകയെന്ന് പൊള്ളാർഡ് പറഞ്ഞു. ഹാർദിക് വന്ന് ഇന്ന് തന്റെ കഴിവ് തെളിയിച്ചെന്നും അതിന് കാരണം അവസാന നാല് ഓവറിൽ ആകാശമാണ് അതിരെന്ന് ഞങ്ങൾക്ക് അറിയാവുന്നത് കൊണ്ടാണെന്നും പൊള്ളാർഡ് കൂട്ടിച്ചേർത്തു.
Also Read: ഇഷ്ടതാരം സഞ്ജു, രാജസ്ഥാനെ പിന്തുണയ്ക്കാനുള്ള കാരണവും അത് തന്നെ; മനസ് തുറന്ന് സ്‌മൃതി മന്ദന
കിങ്സ് ഇലവൻ പഞ്ചാബിനെ 48 റൺസിനാണ് മുംബൈ പരാജയപ്പെടുത്തിയത്. മുംബൈ ഉയർത്തിയ 192 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് നിശ്ചിത ഓവറിൽ 143 റൺസെടുക്കാനെ കഴിഞ്ഞുള്ളു. അർധസെഞ്ചുറി നേടിയ നായകൻ രോഹിത് ശർമയുടെയും അവസാന ഓവറുകളിൽ വെടിക്കെട്ട് തീർത്ത കിറോൺ പൊള്ളാർഡിന്റെയും പഞ്ചാബിനെ പിടിച്ചുകെട്ടിയ ജസ്‌പ്രീത് ബുംറയുടെ പ്രകടനമാണ് മുംബൈ വിജയമൊരുക്കിയത്.