ഹൈദരാബാദ്: ആവേശകരമായ പോരാട്ടത്തിനൊടുവിലായിരുന്നു ഇന്നലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തിയത്. അവസാന പന്തിലായിരുന്നു ഓറഞ്ച് ആര്‍മിയുടെ വിജയം. മുംബൈയ്ക്ക് തുടര്‍ച്ചയായ രണ്ടാമത്തെ തോല്‍വി സമ്മാനിച്ച കളിയിലെ താരം അഫ്ഗാനിസ്ഥാന്‍ ബോളര്‍ റാഷിദ് ഖാനാണ്.
നാല് ഓവറില്‍ വെറും 13 റണ്‍സ് മാത്രം വിട്ടു കൊടുത്ത് ഒരു വിക്കറ്റുമാണ് റാഷിദ് നേടിയത്. പേരുകേട്ട മുംബൈ ബാറ്റിങ് നിരയെ റാഷിദ് വെള്ളം കുടിപ്പിക്കുകയായിരുന്നു. ഒരിക്കല്‍ പോലും റാഷിദിനു മേല്‍ ആധിപത്യം നേടാന്‍ മുംബൈയ്ക്ക് സാധിച്ചില്ല എന്നതാണ് വാസ്തവം. എന്നാല്‍ കളിക്കിടെ റാഷിദിനും ചെറിയൊരു പണി കിട്ടി.
മുംബൈയുടെ, കളിക്കളത്തിലെ അടികള്‍ക്ക് പേരുകേട്ട കീറോണ്‍ പൊള്ളാര്‍ഡിനെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ച റാഷിദിനെ പൊളളാര്‍ഡ് ബാറ്റ് കൊണ്ട് മറുപടി നല്‍കി വായടപ്പിക്കുകയായിരുന്നു. മുംബൈ ഇന്നിങ്സ് നാല് വിക്കറ്റ് നഷ്ടത്തില്‍ 78 എന്ന നിലയില്‍ എത്തി നില്‍ക്കെയായിരുന്നു സംഭവം.
റാഷിദ് എറിഞ്ഞ പന്ത് അടിക്കാന്‍ ശ്രമിച്ച പൊള്ളാർഡ് പരാജയപ്പെട്ടു. റിട്ടേണ്‍ വന്ന പന്ത് റാഷിദ് പിടിച്ചെടുക്കുകയും പൊള്ളാര്‍ഡിന്റെ തലയ്ക്ക് മുകളിലൂടെ കീപ്പര്‍ക്ക് എറിഞ്ഞ് കൊടുക്കുകയുമായിരുന്നു. പിന്നാലെ പൊള്ളാര്‍ഡിനെ നോക്കി ചിരിക്കുകയും ചെയ്തു റാഷിദ്. മതിയല്ലോ പൊള്ളാര്‍ഡിനെ പ്രകോപിപ്പിക്കാന്‍. റാഷിദിന്റെ അടുത്ത പന്ത് ബൗണ്ടറി കടത്തിയായിരുന്നു പൊള്ളാര്‍ഡ് റാഷിദിന് മറുപടി കൊടുത്തത്.