സിഡ്നി: ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ സൂ​പ്പ​ര്‍ സീ​രീ​സ് ബാ​ഡ്മി​ന്‍റ​ൺ ചാംപ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യൻ താരം കിടാംമ്പി ശ്രീകാന്ത് നേരിട്ടുള്ള സെറ്റുകൾക്ക് വിജയിച്ചു. ഒളിമ്പിക് സ്വർണ്ണമെഡൽ ജേതാവ് ചൈനയുടെ ചെൻ ലോങിനെ എതിരിട്ട രണ്ട് സെറ്റിലും പരാജയപ്പെടുത്തിയാണ് ശ്രീകാന്ത് കിരീടം നേടിയത്. കഴിഞ്ഞ ആഴ്ച സമാപിച്ച ഇന്തോനേഷ്യൻ ഓപ്പൺ ബാഡ്മിന്റൺ ചാംപ്യൻഷിപ്പിലും ശ്രീകാന്ത് കിരീടം നേടിയിരുന്നു.

ആദ്യ സെറ്റ് 22-20 ന് നേടിയ ശ്രീകാന്ത് രണ്ടാം സെറ്റിൽ 21-15നാണ് ശ്രീകാന്ത് നേടിയത്. ആദ്യ സെറ്റിൽ ചെൻ ലോങ് ശക്തമായ മത്സരമാണ് കാഴ്ചവച്ചത്. 12-12 എന്ന നിലയിൽ നിന്ന് 20-20 എന്ന നിലയിലേക്ക് നീങ്ങിയ ആദ്യ സെറ്റിൽ രണ്ട് ഭാഗത്തും തുല്യ പോരാട്ടമായിരുന്നു. പിന്നെയാണ് തുടർച്ചയായി രണ്ട് പോയിന്റുകൾ നേടി ശ്രീകാന്ത് സെറ്റ് കൈവശപ്പെടുത്തിയത്.

രണ്ടാം സെറ്റിൽ തുടക്കം മുതൽ ആക്രമിച്ച് കളിച്ച ശ്രീകാന്ത് എല്ലാ ഘട്ടത്തിലും ചെൻ ലോങിനെക്കാൾ മുന്നിലായിരുന്നു. തുടക്കത്തിൽ 5-2 എന്ന നിലയിൽ മുന്നേറിയ ശ്രീകാന്തിനെ 6-6 ൽ തളച്ചിടാൻ ചെൻ ലോങ് ശ്രമിച്ചെങ്കിലും സാധിച്ചില്ല. 13-11 എന്ന നിലയിലേക്ക് മാറിയ കളിയിൽ പിന്നീട് ശ്രീകാന്ത് മുന്നേറ്റം തുടർന്നു. 17-13 എന്ന നിലയിൽ നിന്ന് 19-14 ലേക്ക് മുന്നേറിയ ശ്രീകാന്ത് അനായാസം 21-15 എന്ന നിലയിൽ സെറ്റ് നേടുകയായിരുന്നു.

ചൈനീസ് താരങ്ങൾ ബാഡ്മിന്റണിൽ പുലർത്തിപ്പോന്ന ആക്രമണ രീതി അതേ നിലയിൽ ശ്രീകാന്ത് ഉപയോഗിക്കുകയായിരുന്നു. 23 മിനിറ്റാണ് ആദ്യ സെറ്റ് മത്സരം നീണ്ടു നിന്നത്. വേഗത്തിലുള്ള നീക്കങ്ങളിലൂടെയാണ് ശ്രീകാന്ത് എതിരാളികളെ സമ്മർദ്ദത്തിലാക്കിയത്. കൂടുതലും വൈഡ് ഷോട്ടുകളുതിർത്ത് എതിരാളിയുടെ മത്സരത്തിലുള്ള ശ്രദ്ധ പരമാവധി കുറയ്ക്കാൻ ശ്രമിക്കുന്നതിൽ ശ്രീകാന്ത് വിജയിച്ചു.

അട്ടിമറികളിലൂടെയാണ് ഓസ്ട്രേലിയൻ ഓപ്പണിൽ ശ്രീകാന്ത് മുന്നേറിയത്. ലോക ഒന്നാം നമ്പർ താരം സൺ വാൻ ഹുവാണ് ശ്രീകാന്ത് ടൂർണ്ണമെന്റിൽ അട്ടിമറിച്ച മറ്റൊരു സൂപ്പർതാരം. കഴിഞ്ഞ ആഴ്ച നടന്ന ഇന്തോനേഷ്യൻ ഓപ്പണിലും ലോക ഒന്നാം നമ്പർ താരത്തെ ശ്രീകാന്ത് അട്ടിമറിച്ചിരുന്നു.

ബാഡ്മിന്റണിൽ ചൈനീസ് താരം ഷീ യുഖിയെയും ഇന്ത്യൻ താരം ഒരാഴ്ചക്കിടെ അട്ടിമറിച്ചിരുന്നു. തുടർച്ചയായി മൂന്നാമത്തെ അന്താരാഷ്ട്ര ടൂർണ്ണമെന്റ് ഫൈനലിലാണ് ശ്രീകാന്ത് പ്രവേശിച്ചത്. നേരത്തേ സിങ്കപ്പൂർ, ഇന്തോനേഷ്യൻ ഓപ്പൺ ടൂർണ്ണമെന്റുകളിലും ശ്രീകാന്ത് ഫൈനലിൽ പ്രവേശിച്ചിരുന്നു.

സിംഗപൂർ ഓപ്പണിന്റെ ഫൈനലിൽ ഇന്ത്യൻ താരങ്ങളാണ് ഏറ്റുമുട്ടിയത്. സായി പ്രണീതും കെ. ശ്രീകാന്തും തമ്മിലുളള മത്സരത്തിൽ പക്ഷെ സായി പ്രണീതിനായിരുന്നു വിജയം. പിന്നീട് നടന്ന ഇന്തോനേഷ്യൻ ഓപ്പണിൽ ലോക ഒന്നാം നമ്പർ താരത്തെ അട്ടിമറിച്ചാണ് ശ്രീകാന്ത് കിരീടം നേടിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ