ഗോൾഡ്കോസ്റ്റ്: ലോക ബാഡ്മിന്റൺ ചരിത്രത്തിലേക്ക് തന്റെ പേർ കൂടി എഴുതിച്ചേർത്ത് ഇന്ത്യയുടെ കിടംബി ശ്രീകാന്ത്. ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തുന്ന ആദ്യ ഇന്ത്യൻ​ പുരുഷ ബാഡ്മിന്റൺ താരമെന്ന നേട്ടമാണ് ശ്രീകാന്ത് സ്വന്തമാക്കിയത്. കോമൺവെൽത്ത് ഗെയിംസിൽ നടത്തിയ മികച്ച പ്രകടനമാണ് ശ്രീകാന്തിനെ ഒന്നാം പടിയിലേക്ക് ഉയർത്തിയത്.

ഡെൻമാർക്കിന്റെ വിക്ടർ അക്സൽസനെ പിന്തളളിയാണ് ശ്രീകാന്തിന്റെ മുന്നേറ്റം. ഇന്ന് പുറത്ത് വന്ന റാങ്കിങ്ങിൽ 76895 പോയിന്റുമായാണ് ശ്രീകാന്ത് ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. രണ്ടാം സ്ഥാനത്തുളള വിക്ടർ അക്സെൽസണ് 75470 പോയിന്രാണ് ഉളളത്.

ഗോൾഡ് കോസ്റ്റിലെ ബാഡ്മിന്റൺ ടീം മൽസരത്തിൽ ഇന്ത്യക്കായി ശ്രീകാന്ത് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഫൈനലിലെ പുരുഷ സിംഗിൾസിൽ മലേഷ്യൻ താരം ലീ ചോങ് വെയെ തോൽപ്പിച്ചാണ് കിടംബി കരുത്ത് കാട്ടിയത്. നേരിട്ടുളള​ സെറ്റുകൾക്കാണ് ശ്രീകാന്ത് ഇതിഹാസ താരത്തെ തോൽപ്പിച്ചത്. പുരുഷ സിംഗിൾസിൽ ശ്രീകാന്ത് സെമിയിൽ എത്തിയിട്ടുണ്ട്.

കഴിഞ്ഞ സീസണിൽ 4 സൂപ്പർ സീരിയസ് കിരീടങ്ങളാണ് ശ്രീകാന്ത് സ്വന്തമാക്കിയത്. ഇന്ത്യോനേഷ്യ, ഓസ്ട്രേലിയ, ഡെൻമാർക്ക്, ഫ്രഞ്ച് എന്നീ സൂപ്പർ സീരിയസ് മൽസരങ്ങളിലാണ് ഇന്ത്യൻ താരം കപ്പ് ഉയർത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ