പാരിസ്: ബാഡ്മിന്റൺ കോർട്ടിലെ ഇന്ത്യൻ വിപ്ലവം ഫ്രഞ്ച് മണ്ണിലും ആവർത്തിച്ചു. ഫ്രഞ്ച് ഓപ്പൺ സൂപ്പർ സിരീസിൽ കിരീടം നേടിക്കൊണ്ട് കിടാംമ്പി ശ്രീകാന്താണ് ഇന്ത്യയുടെ അഭിമാനം ഉയർത്തിയത്. കലാശപ്പോരാട്ടത്തിൽ ജപ്പാന്രെ നിഷിമോട്ടൊയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് ശ്രീകാന്ത് കിരീടം സ്വന്തമാക്കിയത്. തുടർച്ചയായ രണ്ടാമത്തെ സൂപ്പർ സിരീയസ് കിരീടമാണ് ശ്രീകാന്തിന്റേത്. ഈ മാസം ആദ്യം ഡെൻമാർക്ക് ഓപ്പൺ സിരീസ് കിരീടവും ശ്രീകാന്ത് സ്വന്തമാക്കിയിരുന്നു. സ്കോർ 21-14, 21-13

ഈ വർഷത്തെ നാലാം സൂപ്പർ സീരിയസ് കിരീടനേട്ടമാണ് ഫ്രാൻസിൽ ശ്രീകാന്ത് ആഘോഷിച്ചത്. ഈ സീസണിൽ ഇന്തോനേഷ്യൻ ഓപ്പൺ, ഓസ്ട്രേലിയൻ ഓപ്പൺ, ഡെൻമാർക്ക് ഓപ്പൺ എന്നീ കിരീടങ്ങൾ ഇന്ത്യൻ താരത്തിനായിരുന്നു. ഫ്രഞ്ച് ഓപ്പണിന്റെ
സെമി ഫൈനലിൽ ഇന്ത്യൻ താരമായ എച്ച്.എസ് പ്രണോയിയെ തോൽപ്പിച്ചാണ് ശ്രീകാന്ത് ഫൈനലിൽ കടന്നത്. മൂന്ന് സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് ശ്രീകാന്ത് മലയാളി കൂടിയായ എച്ച്.എസ് പ്രണോയിയെ തോൽപ്പിച്ചത്.

കിരീടപോരാട്ടം തീർത്തും ഏകപക്ഷീയമായിരുന്നു. കിഡംമ്പി ശ്രീകാന്തിന്റെ ആക്രമണ ശൈലിക്ക് മുന്നിൽ ജപ്പാനീസ് താരം പതറിപ്പോവുകയായിരുന്നു. തുടക്കത്തിൽ ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും അതിവേഗ ഷോട്ടുകളുമായി ശ്രീകാന്ത് ആധിപത്യം നേടുകയായിരുന്നു. 21-14 എന്ന സ്കോറിനാണ് ശ്രീകാന്ത് ആദ്യ സെറ്റ് സ്വന്തമാക്കുന്നത്. രണ്ടാം സെറ്റ് ഒരു ചടങ്ങ് മാത്രമായിരുന്നു, വാശിയേറിയ ഒരു മത്സരം പോലും കാഴ്ചവെക്കാൻ നിഷിമോട്ടോയ്ക്ക് ആയില്ല. രണ്ടാം സെറ്റ് 21-13 എന്ന സ്കോറിന് സ്വന്തമാക്കി രണ്ടാം സെറ്റും കിരിടവും ശ്രീകാന്ത് സ്വന്തമാക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ