ഇന്ത്യൻ ക്രിക്കറ്റിലെ നവ വാഗ്‌ദാനമാണ് ഇടം കൈയ്യൻ പേസർ ഖലീൽ അഹമ്മദ്. സഹീർ ഖാന്റെ പിൻഗാമിയായാണ് ക്രിക്കറ്റ് ലോകത്ത് ഖലീൽ അറിയപ്പെടുന്നത്. ഇന്ത്യൻ ടീമിൽ സ്ഥിര സാന്നിധ്യമാകാൻ ഒരുങ്ങുകയാണ് ഈ ഇരുപതുകാരൻ.

ഈ വർഷം സെപ്റ്റംബറിൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ഖലീൽ ഇതിനൊടകം തന്നെ ആറ് ഏകദിന മത്സരങ്ങളിലും മൂന്ന് ടി20 മത്സരങ്ങളിലും കളിച്ചു കഴിഞ്ഞു. ഖലീൽ അടങ്ങിയ ഇന്ത്യൻ ടീം മൂന്ന് കിരീടങ്ങൾ ഉയർത്തുകയും ചെയ്തു.

ചുരുങ്ങിയ കാലയളവിനുള്ളിൽ ഇന്ത്യ കണ്ട മികച്ച മൂന്ന് നായകന്മാർക്ക് കീഴിൽ കളിക്കാനുള്ള ഭാഗ്യവും ഖലീലിന് ലഭിച്ചു. ഏഷ്യ കപ്പിൽ അഫ്ഗാനിസ്ഥാനെതിരെ ധോണിക്ക് കീഴിലാണ് ഇന്ത്യൻ ടീം മത്സരിച്ചത്. അന്ന് ടീം സമനില വഴങ്ങുകയും ചെയ്തു. ഏഷ്യ കപ്പിലും പിന്നീട് വിൻഡീസിനെതിരായ ടി20 പരമ്പരയിലും ഇന്ത്യ കിരീടമുയർത്തിയത് രോഹിത്തിന് കീഴിലായിരുന്നു. അന്ന് ടീമിൽ ഖലീലും അംഗമായിരുന്നു.

വിരാട് കോഹ്‍ലിക്ക് കീഴിൽ വിൻഡീസിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കിയ ഇന്ത്യൻ ടീമിന്രെയും ഭാഗമായിരുന്നു യുവപേസർ. മൂന്ന് താരങ്ങളും ഒരു കാര്യത്തിൽ സമാന സ്വഭാവക്കാരാണെന്നാണ് ഖലീൽ പറയുന്നത്. മൂവരും യുവതാരങ്ങൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുന്നവരാണെന്ന് ഖലീൽ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഖലീൽ നായകന്മാരെ കുറിച്ച് മനസ് തുറന്നത്.

“കോഹ്‍ലിയും രോഹിതും മികച്ച താരങ്ങളാണ്, ധോണി ഇതിഹാസവും. ഫീൾഡിൽ യുവതാരങ്ങളെ സ്വതന്ത്രരായി വിടുന്നവരാണ് മുവരും. വിക്കറ്റിന് പിന്നിൽ നിന്ന് ധോണി നൽകുന്ന നിർദേശങ്ങൾ വലുതാണ്. നമ്മുടെ സഹായത്തിന് എപ്പോഴും മൂവരും സന്നദ്ധരാണ്,” ഖലീൽ പറഞ്ഞു. വിസ്മയ നായകന്‍ എന്നാണ് രോഹിത്തിനെ ഖലില്‍ വിശേഷിപ്പിച്ചത്.

വിന്‍ഡീസ് പരമ്പരയില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞതായും സമ്മർദ്ദത്തെ എങ്ങനെ അതിജീവിക്കണമെന്ന് മനസ്സിലാക്കിയതായും ഖലീല്‍ പറഞ്ഞു. ഓസ്‌ട്രേലിയയില്‍ ഇന്ത്യ ടി20 പരമ്പര സ്വന്തമാക്കും. നാലാം ട്രോഫി ഏറ്റുവാങ്ങാന്‍ തയ്യാറായിക്കഴിഞ്ഞുവെന്നും ഖലീൽ കൂട്ടിച്ചേർത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook