ഐപിഎൽ 13-ാം സീസണിലെ മൂന്നാം ജയം സ്വന്തമാക്കി ട്രാക്കിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്. ഞായറാഴ്‌ച സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ നാടകീയ ജയമാണ് രാജസ്ഥാൻ സ്വന്തമാക്കിയത്. അവസാന ഓവറുകൾ നാടകീയമായിരുന്നു. അവസാന ഓവറിൽ രാജസ്ഥാൻ റോയൽസ് താരം രാഹുൽ തെവാതിയയും സൺറൈസേഴ്സ് താരം ഖലീൽ അഹമ്മദും ഏറ്റുമുട്ടിയടോതെ മത്സരത്തിന് ചൂടേറി.

രാജസ്ഥാൻ റോയൽസിനുവേണ്ടി ക്രീസിലുണ്ടായിരുന്നത് രാഹുൽ തെവാതിയയും റിയാൻ പരാഗും. സൺറൈസേഴ്‌സിനുവേണ്ടി അവസാന ഓവർ എറിയാനെത്തിയത് ഖലീൽ അഹമ്മദും. അവസാന ഓവറിലെ നാലാം ബോളിനുശേഷം തെവാതിയയും ഖലീൽ അഹമ്മദും ഏറ്റുമുട്ടി. ഇരു താരങ്ങളും പരസ്‌പരം വാക്കേറ്റത്തിലായി.

മത്സരശേഷവും രാഹുൽ തെവാതിയ കൂളായില്ല. ഖലീൽ അഹമ്മദിനെതിരെ തെവാതിയ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. എന്നാൽ, മത്സരശേഷം സൺറൈസേഴ്‌സ് നായകൻ ഡേവിഡ് വാർണർ പ്രശ്‌നത്തിൽ ഇടപെട്ടു. തെവാതിയയുമായി വാർണർ സംസാരിച്ചു. ഒടുവിൽ ഖലീൽ അഹമ്മദിനു കൈ കൊടുത്താണ് തെവാതിയ മടങ്ങിയത്. തങ്ങൾ തമ്മിലുണ്ടായ ഉരസൽ വലിയ പ്രശ്‌നമൊന്നും അല്ലെന്നും കളിയുടെ ചൂടിൽ സംഭവിച്ചുപോയതാണെന്നും മത്സരശേഷം തെവാതിയ പറയുകയും ചെയ്‌തു.

Image

അതേസമയം, സൺറൈസേഴ്‌സ് ഹൈദരാബാദിനെ അഞ്ച് വിക്കറ്റിനാണ് രാജസ്ഥാൻ റോയൽസ് തകർത്തത്. മുൻനിര ഒരിക്കൽ കൂടി പരാജയപ്പെട്ടപ്പോൾ മധ്യനിരയിൽ യുവതാരങ്ങളായ രാഹുൽ തെവാതിയായും റിയാൻ പരാഗും നടത്തിയ പ്രകടനമാണ് രാജസ്ഥാന് വിജയമൊരുക്കിയത്.

159 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്റെ ഓൾറൗണ്ടർ സ്റ്റോക്‌സിനെ ഓപ്പണറാക്കാനുള്ള തന്ത്രം പാളി. രണ്ടാം ഓവറിന്റെ രണ്ടാം പന്തിൽ തന്നെ അഞ്ച് റൺസുമായി സ്റ്റോക്‌സ് കൂടാരം കയറി. പിന്നാലെ അതേ സ്കോറിന് നായകനും കൂടാരം കയറി. കഴിഞ്ഞ കളിയിൽ തിളങ്ങിയ ജോസ് ബട്‌ലർ 16 റൺസിനും പുറത്തായി.

കേരള താരങ്ങളായ സഞ്ജു സാംസണും റോബിൻ ഉത്തപ്പയും രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും റഷിദ് ഖാനുമുന്നിൽ ഇരുവർക്കും അടിതെറ്റി. 18 റൺസെടുത്ത ഉത്തപ്പയെ റഷിദ് വിക്കറ്റിന് മുന്നിൽ കുടുക്കിയപ്പോൾ 26 റൺസെടുത്ത സഞ്ജുവിനെ ബെയർസ്റ്റോയുടെ കൈകളിൽ എത്തിച്ചു.

രാഹുൽ തെവാതിയ വീണ്ടും രക്ഷകനായി അവതരിച്ചതോടെ രാജസ്ഥാന്റെ പ്രതീക്ഷകൾ വീണ്ടും സജീവമായി. യുവതാരം റിയാൻ പരാഗിനെ കൂട്ടുപിടിച്ച താരം അതിവേഗം സ്കോർബോർഡ് ചലിപ്പിച്ചു. അവസാന ഓവർ വരെ ആവേശം നിറഞ്ഞു നിന്ന പോരാട്ടത്തിൽ ഖലീൽ അഹമ്മദ് എറിഞ്ഞ അഞ്ചാം പന്ത് സിക്സർ പായിച്ച് റിയാൻ വിജയമുറപ്പിച്ചു. റിയാൻ 42 റൺസും രാഹുൽ 45 റൺസും നേടി പുറത്താകാതെ നിന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook