ഇന്നലെ ഹോങ്കോങിനെതിരായ മത്സരത്തില്‍ ഇന്ത്യ ജയിച്ചത് തോല്‍വിയുടെ വക്കത്തു നിന്നുമാണ്. ഫലം അനുകൂലമായെങ്കില്‍ ഭാവിയില്‍ ഈ മത്സരത്തെ കുറിച്ചോര്‍ക്കുമ്പോഴൊക്കെ ഇന്ത്യയുടെ ചങ്കിടിപ്പുയരുമെന്നുറപ്പാണ്. ക്രിക്കറ്റിന്റെ ഭൂപടത്തില്‍ തങ്ങളുടേതായ യാതൊരു അടയാളവുമില്ലാതിരുന്ന ഒരു സംഘം ക്രിക്കറ്റിന്റെ രാജാക്കന്മാരെ മുഖത്ത് നോക്കി വെല്ലുവിളിക്കുകയായിരുന്നു. തോല്‍വിയുടെ വക്കത്തു നിന്നും ഇന്ത്യയെ പിടിച്ചു കയറ്റിയതില്‍ പ്രധാന പങ്കു വഹിച്ചത് പുതുമുഖം ഖലീല്‍ അഹമ്മദാണ്.
ഹോങ്കോങ്ങിന്റെ നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തിയാണ് ഖലീല്‍ ഇന്ത്യയെ വിജയത്തേരിലേറ്റിയത്. മത്സരത്തില്‍ പത്തോവറില്‍ 48 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ ഖലീല്‍ അഹമ്മദ് വീഴ്ത്തി. സഹീര്‍ ഖാന്റെ കട്ട ഫാനാണ് താനെന്ന് തുറന്ന് പറഞ്ഞിട്ടുളള താരമാണ് ഖലീല്‍. സാക്കിന്റെ പിന്‍ഗാമിയായി മാറണമെന്നാണ് ആഗ്രഹമെന്ന് ദ്രാവിഡിന്റെ ശിഷ്യനായ ഖലീല്‍ പറഞ്ഞിട്ടുണ്ട്. അന്നത് പറയുമ്പോള്‍ ഇത്ര പെട്ടെന്ന് ആ വാക്കുകള്‍ തനിക്ക് യഥാര്ത്ഥ്യമാക്കാനാകുമെന്ന് ഖലീല്‍ കരുതിക്കാണില്ല. അരങ്ങേറ്റ പ്രകടനത്തില്‍ സഹീറിനൊപ്പമെത്തിയിരിക്കുകയാണ് ഖലീല്‍.
അരങ്ങേറ്റ ഏകദിനത്തില്‍ ഏറ്റവും മികച്ച ബോളിങ് പ്രകടനം കാഴ്ചവെയ്ക്കുന്ന ഇന്ത്യന്‍ ഇടംകൈയന്‍ ബോളറെന്ന നേട്ടത്തില്‍ സഹീര്‍ ഖാനൊപ്പം ഖലീല്‍ അഹമദ് എത്തി . 2000 ല്‍ കെനിയക്കെതിരെ ഏകദിന അരങ്ങേറ്റത്തില്‍ 48 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ സഹീര്‍ ഖാന് വീഴ്ത്തിയിരുന്നു. അതേ പ്രകടനം ഇന്നലെ ഖലീലും ആവര്‍ത്തിക്കുകയാണ്. ഇതിലും മികച്ചൊരു അരങ്ങേറ്റം ഖലീലിന് ലഭിക്കാനില്ല.
എന്നാല്‍ ഇടംകൈയന്‍ ബോളര്‍മാരില്‍ 1980 ല്‍ ഓസ്ട്രേലിയക്കെതിരെ 32 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ ദിലീപ് ദോഷിയാണ് അരങ്ങേറ്റത്തില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത്. ഏഷ്യാ കപ്പിനുള്ള 16 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സര്‍പ്രൈസ് എന്‍ട്രി ലഭിച്ചയാളാണ് ഇടംകൈയന്‍ പേസറായ ഖലീല്‍ അഹമ്മദ്. ബാറ്റ്സ്മാനായി കരിയര്‍ ആരംഭിച്ച ഖലീല്‍ പിന്നീട് ബോളിങ്ങിലേക്ക് തിരിയുകയായിരുന്നു
പരിഭ്രാന്തനായ തുടക്കക്കാരനില്‍ നിന്നും ആത്മവിശ്വാസമുള്ള കളിക്കാരനാക്കി തന്നെ മാറ്റിയത് ദ്രാവിഡാണെന്ന് ഖലീല്‍ പറയുന്നു. അണ്ടര്‍ 19 ടീമില്‍ തന്റെ തെറ്റുകള്‍ തിരുത്തി പ്രൊഫഷണലാക്കിയത് അദ്ദേഹമാണെന്നും തന്റെ കരിയറിലെ നേട്ടങ്ങള്‍ക്ക് അദ്ദേഹത്തോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നും താരം പറഞ്ഞു.