ഇന്ത്യന്‍ കുപ്പായത്തില്‍ ലഭിച്ച അവസരങ്ങളെല്ലാം നന്നായി ഉപയോഗിക്കുകയാണ് ഖലീല്‍ അഹമ്മദ് എന്ന ഇടങ്കയ്യന്‍ പേസര്‍. ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച പേസര്‍മാരിലൊരാളായ സഹീറിന്റെ ആരാധകനും ഇതിഹാസ താരം രാഹുല്‍ ദ്രാവിഡിന്റെ ശിഷ്യനുമായ ഖലീല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ തന്റെ പൊട്ടന്‍ഷ്യല്‍ തെളിയിച്ചു കഴിഞ്ഞു.

ഹോങ്കോങ്ങിനെതിരെയായിരുന്നു രാജസ്ഥാനില്‍ നിന്നുമുള്ള ഖലീലിന്റെ അരങ്ങേറ്റം. വിന്‍ഡീസിനെതിരായ നാല് ഏകദിനങ്ങളില്‍ നിന്നുമായി എഴ് വിക്കറ്റുകളാണ് ഖലീല്‍ സ്വന്തമാക്കിയത്. രണ്ട് ടിട്വന്റികളിലും ഖലീല്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇന്നലെ ലക്‌നൗവില്‍ നടന്ന മത്സരത്തിനിടെയുണ്ടായ രസകരമായ സംഭവം ആരാധകര്‍ക്കിടയിലും ചര്‍ച്ചയാവുകയാണ്.

കളിക്കിടെ നായകന്‍ രോഹിത് ശര്‍മ്മയുടെ മുഖത്ത് ഖലീല്‍ അഹമ്മദ് ഇടിക്കുന്നതിന്റെ വീഡിയോ വൈറലായി മാറിയിരിക്കുകയാണ്. വിന്‍ഡീസ് താരത്തെ പുറത്താക്കിയതിന്റെ സന്തോഷത്തില്‍ മതി മറന്ന ഖലീല്‍ തന്നെ അഭിനന്ദിക്കാനെത്തിയ സഹതാരത്തെ കെട്ടിപ്പിടിക്കാനായി ശ്രമിക്കുമ്പോഴായിരുന്നു പിന്നിലൂടെ വന്ന രോഹിത്തിന് ഇടി കൊണ്ടത്.

ഉടനെ തന്നെ ഖലീല്‍ രോഹിത്തിനോട് മാപ്പ് ചോദിക്കുകയും എന്തെങ്കിലും പറ്റിയോ എന്ന് അന്വേഷിക്കുകയും ചെയ്തു. ഋഷഭ് പന്തും ക്രുണാലും ഭുവനേശ്വര്‍ കുമാറും രോഹിത്തിന് അരികിലെത്തി. ഇടിയുടെ ആഘാതം കുറവായതിനാല്‍ രോഹിത്തിന് പരുക്കൊന്നും ഏറ്റില്ല. ഷായ് ഹോപ്പ്, ഹെറ്റ്മയര്‍ എന്നീ പ്രധാന താരങ്ങളുടെ വിക്കറ്റുകളാണ് ഇന്നലെ ഖലീല്‍ വീഴ്ത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook