ഏഷ്യാ കപ്പിനുള്ള 16 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ അതില്‍ ഒരാള്‍ മാത്രമായിരുന്നു സര്‍പ്രൈസ് എന്‍ട്രി. ഇടങ്കയ്യന്‍ പേസറായ ഖലീല്‍ അഹമ്മദ്. അപ്രതീക്ഷിതമായി എത്തിയ ഇന്ത്യന്‍ കോളിന്റെ ആവേശത്തിലാണ് ഖലീല്‍. ഈ നേട്ടത്തില്‍ ഖലീലിന് നന്ദി പറയാനുളളത് അണ്ടര്‍ 19 പരിശീലകനായ രാഹുല്‍ ദ്രാവിഡിനോടാണ്.

ടീമിലെടുത്തത് അറിഞ്ഞതിന്റെ ഷോക്കില്‍ നിന്നും താന്‍ ഇപ്പോഴും മുക്തമായിട്ടില്ലെന്നും വിറച്ചു കൊണ്ടിരിക്കുകയാണെന്നും ഖലീല്‍ പറയുന്നു. ഇന്ത്യന്‍ ടീമില്‍ കളിക്കുക എന്നത് ഏതൊരു താരത്തിന്റേയും ആഗ്രഹമാണെന്നും തനിക്കിത് വിശ്വസിക്കാന്‍ പോലും കഴിയുന്നില്ലെന്നും താരം പ്രതികരിച്ചു. അതേസമയം തനിക്ക് നന്ദി പറയാനുള്ളത് മുഴുവന്‍ രാഹുല്‍ ദ്രാവിഡിനോടാണെന്നും യുവതാരം വ്യക്തമാക്കി.

പരിഭ്രാന്തനായ തുടക്കക്കാരനില്‍ നിന്നും ആത്മവിശ്വാസമുള്ള കളിക്കാരനാക്കി തന്നെ മാറ്റിയത് ദ്രാവിഡാണെന്ന് ഖലീല്‍ പറയുന്നു. അണ്ടര്‍ 19 ടീമില്‍ തന്റെ തെറ്റുകള്‍ തിരുത്തി പ്രൊഫഷണലാക്കിയത് അദ്ദേഹമാണെന്നും തന്റെ കരിയറിലെ നേട്ടങ്ങള്‍ക്ക് അദ്ദേഹത്തോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നും താരം പറഞ്ഞു.

അതേസമയം, കുട്ടിക്കാലം മുതല്‍ തന്നെ സഹീര്‍ ഖാന്റെ ആരാധകനായ ഖലീലിന് തന്റെ പ്രിയ താരത്തിന്റെ പിന്‍ഗാമിയായി മാറണമെന്നാണ് ആഗ്രഹം. സഹീറിനെ പോലെ പന്തെറിയാനാണ് ആഗ്രഹമെന്നും അദ്ദേഹത്തെ പോലെ ടീമിനെ ജയിപ്പിക്കണമെന്നും ഖലീല്‍ പറയുന്നു. സാക്കിന്റെ നേട്ടങ്ങളുടെ അടുത്തെങ്കിലും എത്താന്‍ കഴിഞ്ഞാല്‍ അത് വലിയ നേട്ടമായിരിക്കുമെന്നും ഖലീല്‍ പറഞ്ഞു.

ബാറ്റ്‌സ്മാനായി കരിയര്‍ ആരംഭിച്ച ഖലീല്‍ പിന്നീട് ബോളിങ്ങിലേക്ക് തിരിയുകയായിരുന്നു. അതേസമയം, സഹതാരമായിരുന്ന റിഷഭ് പന്തിനെ ഇന്ത്യന്‍ ടീമില്‍ കാണാന്‍ സാധിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും താരം പറഞ്ഞു.

ഇന്ത്യന്‍ ടീം:

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍ (വൈസ് ക്യാപ്റ്റന്‍), ലോകേഷ് രാഹുല്‍, അമ്പാട്ടി റായുഡു, മനീഷ് പാണ്ഡെ, കേദാര്‍ ജാദവ്, എം.എസ്. ധോണി (വിക്കറ്റ് കീപ്പര്‍), ദിനേഷ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുമ്ര, ഷാര്‍ദുല്‍ താക്കൂര്‍, ഖലീല്‍ അഹമ്മദ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook