കൊച്ചി : കളിച്ച മൂന്ന് കളികൊണ്ട്‌ തന്നെ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് പ്രിയങ്കരനായിരിക്കുകയാണ് ഉഗാണ്ടന്‍ മധ്യനിരതാരമായ കെസിരോണ്‍ കിസിറ്റോ. അലക്ഷ്യമായിരുന്ന ബ്ലാസ്റ്റേഴ്‌സ് മധ്യനിരയ്ക്ക് പുതിയോരൂര്‍ജം നല്‍കിയ ഈ താരത്തിന് ആദ്യ കളിയില്‍ തന്നെ ഒരു പേരും വീണു- ‘ഡ്യൂഡ്’. ആട് എന്ന സൂപ്പര്‍ഹിറ്റ് പടത്തില്‍ വിനായകന്‍ അവതരിപ്പിച്ച സൂപ്പര്‍ ഹിറ്റ് കഥാപാത്രം.. ചിത്രത്തിലെ വിനായകന്‍റെ എന്‍ട്രിയോളം മികച്ചതായിരുന്നു കിസിറ്റോയുടേയും എന്‍ട്രി. എന്നാല്‍ എന്‍ട്രിയില്‍ മാത്രമല്ല കളിച്ച ഓരോ കളിയിലും താനൊരു ‘തട്ടുപൊളിപ്പന്‍ ഡ്യൂഡ്’ തന്നെയാണ് എന്ന് തന്നെയാണ് ഈ താരം തെളിയിക്കുന്നത്. തന്നില്‍ ഒരു നാട് അര്‍പ്പിച്ച വിശ്വാസം തിരിച്ചും സ്നേഹമായി നല്‍കുകയാണ് ഈ താരവും.

“ആദ്യ കളിയില്‍ പോയന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാറോട് മത്സരിച്ചിട്ടാണെങ്കിലും ഒരു പോയന്‍റ് നേടാന്‍ ഞങ്ങള്‍ക്കായി. അതെനിക്കൊരു നല്ല അരങ്ങേറ്റമായിരുന്നു.” സമനിലയില്‍ പൂനെയെ തലച്ച ഗോളിനുള്ള കളി മെനഞ്ഞ ‘ഡ്യൂഡ്’ പറഞ്ഞു. പാസിങ്ങും ഡ്രിബ്ലിങ്ങുമാണ് തന്‍റെ കരുത്ത് എന്ന് കിസിറ്റോ വിലയിരുത്തുന്നു. പത്ത് വയസ്സ് മുതല്‍ ഫുട്ബോള്‍ മാത്രം സ്വപ്നം കണ്ട ഈ ഇരുപതികാരന്‍ മിഡ്ഫീല്‍ഡറില്‍ നിന്നും ബ്ലാസ്റ്റേഴ്‌സിന് പലതും ലഭിക്കുവാനുണ്ട്. ആരാധകരെ കുറിച്ച് പറയുമ്പോള്‍ കിസിറ്റോ ഏറെ സന്തുഷ്ടനാണ്.
“ഇന്ത്യയുടെ ഡോര്‍ട്ട്മുണ്ട് ആണ് കേരളാ ബ്ലാസ്റ്റേഴ്‌സ് എന്നാണ് എനിക്ക് അനുഭവപ്പെട്ടത്. ഈ ക്ലബ്ബിന്‍റെ ഭാഗമായത്തില്‍ ഞാന്‍ അഭിമാനിക്കുന്നു”

ഇന്ത്യന്‍ സൂപ്പര്‍ ലീഗിനോട് സംസാരിച്ച കേരളാ ബ്ലാസ്റ്റേഴ്‌സ് മധ്യനിരതാരം തന്റെ അനുഭവങ്ങള്‍ പങ്കുവച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ