ക്രിക്കറ്റ് ഒരു ലഹരിയാണ് ഇന്ത്യക്കാർക്ക്. സ്വന്തം രാജ്യത്തിന്റെ താരങ്ങളെ മാത്രമല്ല, ഇതര രാജ്യങ്ങളിലെ കളിക്കാരെ പോലും നെഞ്ചേറ്റുന്ന ക്രിക്കറ്റ് ആരാധകർ ഏറെയാണ്. ഒരു കാലത്ത് ഇത്തരത്തിൽ ലോകമാകെ ആരാധകരെ നേടിയ താരമാണ് ഇംഗ്ലണ്ടിന്റെ മുൻ താരവും ദക്ഷിണാഫ്രിക്കക്കാരനുമായ കെവിൻ പീറ്റേഴ്‌സൺ.

താൻ നേരിട്ട വിവിധ രാജ്യങ്ങളിലെ ബോളർമാരിൽ മികച്ച അഞ്ച് താരങ്ങളെ തിരഞ്ഞെടുത്തിരിക്കുകയാണ് കെവിൻ പീറ്റേഴ്സൺ ഇപ്പോൾ. സ്‌പിൻ ബോളിംഗിലൂടെ ലോക ക്രിക്കറ്റിൽ ചരിത്രം കുറിച്ച ഷെയ്ൻ വോണും മുത്തയ്യ മുരളീധരനുമാണ് ആദ്യ പേരുകാർ. ആദ്യ പേരുകാരെ നിസംശയം പറഞ്ഞ താരത്തിന് മുഖത്ത് ഇവരുടെ പന്തുകൾ നേരിട്ട ബുദ്ധിമുട്ടും അതേപടി തെളിഞ്ഞു കണ്ടു.

ഒന്നും ചിന്തിക്കാതെ വോണിന്റെ പേരു പറഞ്ഞ പീറ്റേഴ്‌സൺ മുത്തയ്യ മുരളീധരന്റെ ഓഫ് സ്‌പിൻ പന്തുകളും ദൂസ്‌രയും നേരിടാൻ നന്നേ ബുദ്ധിമുട്ടിയെന്നും പറഞ്ഞു. ശാന്തനായ കൊലയാളി എന്നാണ് മുത്തയ്യയെ പീറ്റേഴ്‌സൺ വിശേഷിപ്പിച്ചത്. പട്ടികയിൽ മൂന്നാമതെത്തിയ പേരുകാരൻ പാക് ക്രിക്കറ്റ് ടീമിലെ മുൻ പേസർ മുഹമ്മദ് ആസിഫാണ്.

പന്തിന്റെ വേഗതയും ബൗൺസും നിയന്ത്രിച്ച് ഓഫ് സ്റ്റംപിന് പുറത്തേക്ക് ആസിഫ് എറിയുന്ന പന്തുകൾ നേരിടുക എളുപ്പമായിരുന്നില്ലെന്നാണ് പീറ്റേഴ്സൺ പറഞ്ഞത്. ആസിഫിന് ശേഷം, നാലാം സ്ഥാനം നൽകിയത് ഇംഗ്ലണ്ട് താരം ജയിംസ് ആന്റേഴ്‌സണാണ്. ലൈനും ലെഗ്‌തുമുളള ആന്റേഴ്‌സന്റെ പന്തുകൾ മനോഹരമായി സ്വിംഗ് ചെയ്യുന്നുവെന്നും ഇവ നേരിടാൻ
ബാറ്റ്സ്‌മാന്മാർ വിയർപ്പൊഴുക്കിയെന്നും കെവിൻ പീറ്റേഴ്‌സൺ പറഞ്ഞു. നല്ല ഷെയ്പ്പിലുളള ഔട്ട് സിംഗർ ബോളുകൾ താരത്തിന്റെ മാത്രം സവിശേഷതയാണെന്ന് പീറ്റേഴ്‌സൺ വിശദീകരിച്ചു.

പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ഒരു ഇന്ത്യൻ താരം ഉളളത്. എന്നാലിത് അനിൽ കുംബ്ലെയല്ല. ഇന്ത്യയുടെ എക്കാലത്തെയും മികച്ച പേസർമാരിൽ ഒരാളായ സഹീർ ഖാനാണ് താൻ നേരിട്ട മികച്ച ബോളർമാരിൽ അഞ്ചാമനെന്ന് പീറ്റേഴ്‌സൺ പറഞ്ഞു. പന്ത് പിടിക്കുന്ന രീതിയും റിവേഴ്‌സ് സ്വിംഗുമാണ് സഹീർ ഖാനെ തന്റെ ഇഷ്ട ബോളർമാരിൽ ഒരാളാക്കിയതെന്ന് പീറ്റേഴ്‌സൺ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ