വിചിത്രമായ ബോളിങ് ആക്ഷനുമായി ശ്രീലങ്കയിൽ നിന്ന് ഒരു പുത്തൻ താരോദയം. ശ്രീലങ്കയ്ക്കായി U-19 ഏഷ്യ കപ്പില്‍ അരങ്ങേറ്റം കുറിച്ച കെവിന്‍ കോത്തിഗോഡയാണ് വ്യത്യസ്തമായ ആക്ഷൻ കൊണ്ട് ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധ പിടിച്ച് പറ്റിയത്.

മലേഷ്യയില്‍ നടന്നു വരുന്ന യൂത്ത് ഏഷ്യ കപ്പിലാണ് ഈ 18കാരന്‍ വലം കൈയ്യന്‍ സ്പിന്നറില്‍ ഏവരുടെയും ശ്രദ്ധ പതിഞ്ഞത്. ചൈനാമാൻ ബോളർ പോള്‍ ആഡംസിന്റെ ആക്ഷന് സമാനമാണ് കെവിന്റെയും ആക്ഷൻ. പോൾ ആഡംസ് ഇടം കൈയ്യനായിരുന്നുവെങ്കില്‍ കെവിന്‍ വലം കൈയ്യനാണെന്ന വ്യത്യാസമാണ് ഇരുവരുടെയും ആക്ഷനിലുള്ളത്.

അഫ്ഗാനിസ്ഥാനെതിരെയുള്ള ശ്രീലങ്കന്‍ വിജയത്തില്‍ ഒരു വിക്കറ്റ് നേട്ടവും താരം കൊയ്തു. റിച്ച്മണ്ട് കോളേജില്‍ നിന്നാണ് കെവിന്‍ ക്രിക്കറ്റ് രംഗത്തേക്ക് എത്തുന്നത്. മുന്‍ ശ്രീലങ്കന്‍ ഓപ്പണര്‍ ധമിക സുദര്‍ശനയാണ് കെവിന്റെ കഴിവു ചെറുപ്പത്തിലേ കണ്ടെത്തി വളര്‍ത്തിക്കൊണ്ടു വന്നത്.

മറ്റൊരു ശ്രീലങ്കന്‍ താരം വനിഡു ഹസരംഗയും അതേ ടീമില്‍ കളിച്ചിരുന്നത് ആദ്യ കാലങ്ങളില്‍ താരത്തിനു തിരിച്ചടിയായിരുന്നു. രണ്ട് ലെഗ് സ്പിന്നര്‍മാര്‍ക്ക് ടീമില്‍ ഇടം നല്‍കാന്‍ ടീമിനു സാധിക്കാതെ വന്നപ്പോള്‍ കെവിന്‍ മഹിന്‍ഡ കോളേജിലേക്ക് മാറുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ