scorecardresearch
Latest News

QATAR FIFA World Cup: ഖത്തര്‍ കീഴടക്കി മലയാളവും പൊറോട്ടയും

ഇന്ത്യന്‍, കേരള വിഭവങ്ങൾ കിട്ടുന്ന മൂവായിരത്തിലേറെ റസ്റ്റോറന്റുകളാണു ദോഹ നഗരത്തില്‍ ഭക്ഷണപ്രിയരെ കാത്തിരിക്കുന്നത്

QATAR FIFA World Cup: ഖത്തര്‍ കീഴടക്കി മലയാളവും പൊറോട്ടയും

”ലോകകപ്പ് ഫൈനലില്‍ ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ദിവസം മൈതാനത്തിറങ്ങാനാവുക എന്നത് വലിയൊരു ഭാഗ്യമാണ്. ഖത്തറില്‍ ജീവിക്കാനായതുകൊണ്ടു മാത്രമാണ് ഈ അവസരം ലഭിച്ചത്. ഈ ലോകകപ്പ് ഇന്ത്യയിലാണ് നടക്കുന്നതെങ്കില്‍ ഇത്തരത്തിലൊരു സാധ്യത ലഭിക്കുമായിരുന്നുവെന്ന് തോന്നുന്നില്ല,” ലോകകപ്പ് ഫൈനലിലെ പ്രീ കിക്കോഫ് സെറിമണി നടത്തിപ്പിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഫിഫയുടെ മലയാളി വനിത വോളണ്ടിയര്‍മാരില്‍ ഒരാളായ കവിതയുടേതാണ് ഈ വാക്കുകള്‍.

കവിതയെപ്പോലെ ഖത്തറില്‍ ജീവിക്കാനയതുകൊണ്ടു മാത്രം ലോക ഫുട്ബോള്‍ മാമാങ്കത്തിന്റെ ഭാഗമാകുവാന്‍ സാധിച്ച നൂറുകണക്കിന് മലയാളികള്‍ വേറെയുമുണ്ട്. ഫിഫ വോളണ്ടിയര്‍ കേന്ദ്രങ്ങളിലും ഫാന്‍ സോണുകളിലും പൊലീസ്, സെക്യൂരിറ്റി വിഭാഗങ്ങളിലുമെല്ലാം മലയാളി മയമാണ്. മേളവും കോല്‍ക്കളിയും മാപ്പിളപ്പാട്ടുകളുമായാണു മലയാളി ആരാധക സംഘങ്ങള്‍ മെസി, നെയ്മര്‍ ഉള്‍പ്പെടെ സൂപ്പര്‍ താരങ്ങളെയും ടീമുകളെയും വരവേല്‍ക്കാനും ആനയിക്കാനുമെത്തിയത്.

ഖത്തര്‍ ലോകകപ്പ് ശരിക്കു പറഞ്ഞാല്‍ മലയാളികളുടെ ലോകകപ്പാണ്. ബാള്‍ പിക്കര്‍മാര്‍ മുതല്‍ ഉന്നതതല സംഘാടക സമിതി ഓഫിസില്‍ വരെ മലയാളികളുടെ സാന്നിധ്യമുള്ള ആദ്യത്തെ ഫിഫ ലോകകപ്പ്. യൂറോപ്പിലുടനീളം ഖത്തര്‍ വിരുദ്ധപ്രചാരണങ്ങള്‍ നടക്കുമ്പോള്‍ ഖത്തറിന്റെ തെരുവോരങ്ങളില്‍ ലോകകപ്പിന്റെ ആവേശം വാനോളമുയര്‍ത്തി ഉത്സവപ്രതീതി തീര്‍ത്തിരിക്കുകയാണു മലയാളി ആരാധക സംഘങ്ങള്‍.

FIFA World cup 2022, World cup 2022 Qatar, FIFA World Cup News, FIFA World Cup Updates

കുടിയേറ്റക്കാര്‍ക്ക് ഇത്രയധികം പങ്കാളിത്തം ലഭിച്ച മറ്റൊരു ലോകകപ്പും ഫിഫയുടെ ചരിത്രത്തിലുണ്ടായിട്ടില്ല. അതിനപ്പുറം മലയാളികള്‍ ഗാലറികളെ ഇളക്കിമറിക്കുന്ന ആദ്യത്തെ ലോകകപ്പ് കൂടിയായിരിക്കും ഖത്തര്‍ 2022. ദക്ഷിണേഷ്യക്കാരുടെ സജീവ പങ്കാളിത്തം ഉറപ്പായ ലോകകപ്പ് ഫിഫയുടെ ചരിത്രത്തിലെ തന്നെ വേറിട്ട അനുഭവമായിരിക്കുമെന്ന പ്രതീക്ഷയിലാണു ഖത്തര്‍.

വോളണ്ടിയര്‍മാരില്‍ നമ്പര്‍വണ്‍ ഇന്ത്യക്കാര്‍

സ്റ്റേഡിയങ്ങളിലും ഫാന്‍ സോണുകളിലും സ്പെഷല്‍ ഇവന്റ്സുകളിലും വിന്യസിക്കാനായി തിരഞ്ഞെടുത്ത 20,000 വോളണ്ടിയര്‍മാരില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരാണെന്നാണു ഫിഫ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ഖത്തറില്‍ താമസിക്കുന്നവര്‍ക്കു പുറമെ 159 രാജ്യങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ച് ഇന്റര്‍വ്യൂ നടത്തിയാണു വോളണ്ടിയര്‍മാരെ തിരഞ്ഞെടുത്തത്. വലിയ പ്രതിഫലം ഇല്ലാതെയുള്ള ഈ ജോലി ഏറെ ആവേശത്തോടെയാണ് ഖത്തറിലെ ഇന്ത്യന്‍ ജനത ഏറ്റെടുത്തിരിക്കുന്നത്.

ലോകത്തെ മുഴുവന്‍ ഫുട്ബോള്‍ പ്രേമികളും ഉറ്റുനോക്കുന്ന മത്സരങ്ങളുടെ ഭാഗമാവാന്‍ കഴിയുകയെന്നതു വലിയൊരു ഭാഗ്യമാണെന്നു മലയാളി വനിതാ വോളണ്ടിയര്‍മാരായ ജുമാന, അര്‍ച്ചന, സബ്ന എന്നിവരുടെ അഭിപ്രായം. അല്‍ജനൂബ് സ്റ്റേഡിയത്തിലെ മത്സരങ്ങളിലും ലുസൈല്‍ സ്റ്റേഡിയത്തിലെ ഫൈനലിലും കളി തുടങ്ങുന്നതിനു മുമ്പുള്ള പ്രീ സെറിമണികളിലും ഇവര്‍ ഗ്രൗണ്ടിലുണ്ടാകും.

FIFA World cup 2022, World cup 2022 Qatar, FIFA World Cup News, FIFA World Cup Updates
ഫിഫ വോളണ്ടിയര്‍മാർ

ഒരു മാസം വരെ ജോലിയില്‍നിന്ന് അവധിയെടുത്താണ് ചിലര്‍ വോളണ്ടിയര്‍ ലോകകപ്പിന്റെ ഭാഗമാകുന്നത്. സറ്റേഡിയങ്ങളിലും ഫാന്‍ സോണുകളിലും വിമാനത്താവളങ്ങളിലും മെട്രോ-ബസ് സ്റ്റേഷനുകളിലുമൊക്കെയാണു വോളണ്ടിയര്‍മാരെ കാണാനാവുക. 150 വോളണ്ടിയര്‍മാര്‍ക്കാണുസ്റ്റേഡിയങ്ങളിലെ പ്രീ മാച്ച് സെറിമണികളുടെ ഭാഗമാകാന്‍ കഴിയുക.

ഇന്ത്യക്കാര്‍ കഴിഞ്ഞാല്‍ വോളണ്ടിയര്‍മാരുടെ എണ്ണത്തില്‍ കൂടുതലുള്ളതു ഫിലിപ്പീന്‍സുകാരാണ്. യൂറോപ്പില്‍ ഖത്തറിനെതിരായ പ്രചാരണങ്ങള്‍ ശക്തമാണെങ്കിലും റഷ്യ, സ്വിറ്റ്സര്‍ലാന്‍ഡ്, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള വോളണ്ടിയര്‍മാരും ദോഹയിലുണ്ട്.

മലയാളി പ്ലെയേര്‍സ് മാനേജ്മെന്റ് അസിസ്റ്റന്‍സ്

ടീമുകളുടെയും കളിക്കാരുടെയും ലഗേജുകളും മറ്റും കൈകാര്യം ചെയ്യുന്നതിനുള്ള ലോജിസ്റ്റിക് മാനേജ്മെന്റ് ടീമിലും മലയാളികളാണ് ഏറെയുള്ളത്. മൂന്നു മാസത്തെ കരാര്‍ വ്യവസ്ഥയില്‍ നൂറു കണക്കിന് മലയാളികളെയാണ് വെയര്‍ഹൗസ് രംഗത്തെ വമ്പന്മാരായ ജി ഡബ്ല്യു സി രംഗത്തിറക്കിയിരിക്കുന്നത്. ഇവരിലൊരാളാണു തൃശൂര്‍ സ്വദേശിയായ ജെനിന്‍ ജെന്‍സണ്‍. ജെനിന്‍ ഉള്‍പ്പെടെ 41 പേര്‍ കൊച്ചിയില്‍നിന്ന് ഒരേ ഫ്ളൈറ്റിലാണ് ഒക്ടോബര്‍ അവസാനം ദോഹയിലെത്തിയത്. മൂന്നു മാസത്തെ കരാര്‍ വ്യവസ്ഥയിലാണ് റിക്രൂട്ട്മെന്റ്്.

”ഏതു ടീമിനൊപ്പമാണ് ജോലിയെന്ന് തലേന്നു മാത്രമാണ് അറിയാന്‍ കഴിയുക. മെസിയെയും ഡീ മരിയയെയുമെല്ലാം നേരില്‍ കാണാനും അവര്‍ക്കൊപ്പം കഴിയാനും സാധിക്കുമല്ലോ എന്ന ത്രില്ലിലാണ് ഞാന്‍,” അര്‍ജന്റീനയുടെ ആരാധകനായ ജെനിന്‍ പറഞ്ഞു.

FIFA World cup 2022, World cup 2022 Qatar, FIFA World Cup News, FIFA World Cup Updates
പ്ലെയേഴ്‌സ് മാനേജ്‌മെന്റ് അസിസ്റ്റ് ടീമിലെ മലയാളി സംഘങ്ങളില്‍ ഒന്ന്‌

മലയാളികള്‍ക്കു പുറമെ തമിഴ്നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ള ഇന്ത്യക്കാരും ലോജിസ്റ്റിക് ടീമില്‍ കരാര്‍ വ്യവസ്ഥയില്‍ താത്കാലിക ജോലിക്കായി എത്തിയിട്ടുണ്ട്. കളിക്കാരുടെയും ടീമിന്റെയും ബാഗുകളും ഉപകരണങ്ങളും താമസ സ്ഥലങ്ങളില്‍നിന്നു മൈതാനങ്ങളിലേക്ക് എത്തിക്കുകയെന്നതാണ് ഇവരുടെ പ്രധാന ജോലി.

ആകാശത്തും ഭൂമിയിലും മലയാളികള്‍ ഏറെ

റോഡ് ഗതാഗത രംഗത്തും ആകാശപാതയിലും നൂറു കണക്കിന് ഇന്ത്യക്കാരെ കഴിഞ്ഞ മാസങ്ങളില്‍ താത്കാലിക ജോലിക്കാരായി സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. ഖത്തര്‍ എയര്‍വേയ്സ് ഗ്രൗണ്ട് ഹാന്‍ഡ്ലിങ് മുതല്‍ പൈലറ്റുവരെയുള്ള തസ്തികകളിലേക്കാണു ലോകകപ്പിനു വേണ്ടി മാത്രമായി 600ലേറെ ഇന്ത്യക്കാരെ എത്തിച്ചിരിക്കുന്നത്. കളിക്കാരുടെയും ടീമിന്റെയും വാഹനമോടിക്കാനും കാണികള്‍ക്കുള്ള പബ്ലിക് വാഹനങ്ങളുടെ ഡ്രൈവര്‍മാരായും ആയിരത്തി അഞ്ഞൂറോളം ഇന്ത്യക്കാര്‍ കഴിഞ്ഞ മാസങ്ങളില്‍ ഖത്തറിലെത്തിയിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്.

”ഒരേ പോയിന്റില്‍നിന്നു പല ഭാഗത്തേക്കുള്ള റോഡുകള്‍ കാണുമ്പോള്‍ ഞങ്ങളെപ്പോലുള്ള പുതിയ ആളുകള്‍ക്ക് ആശയക്കുഴപ്പമുണ്ടാകും. പക്ഷേ പൈലറ്റ് വാഹനത്തെ പിന്തുടര്‍ന്നു നിരനിരയായി പോകുന്നതിനാല്‍ വഴി തെറ്റുമെന്ന ബേജാറില്ല,” ടീമുകള്‍ സഞ്ചരിക്കുന്ന ബസ് ഓടിക്കാനെത്തിയ മലപ്പുറത്തുകാരനായ സലാം പറഞ്ഞു. കേരളത്തില്‍ ദീര്‍ഘദൂര ബസ് ഡ്രൈവറായി ജോലി നോക്കുന്ന സലാം ഇത്തരം റോഡുകള്‍ ഏതു കാലത്താണ് കേരളത്തില്‍ പ്രതീക്ഷിക്കാനാവുകയെന്നാണ് ചോദിക്കുന്നത്.

ഫാന്‍ ക്ലബ്ബുകളിലും റാലികളിലും മലയാളം തന്നെ

ഫ്രാന്‍സ്, ബെല്‍ജിയം, അര്‍ജന്റീന, ബ്രസീല്‍, ജര്‍മനി, ഇംഗ്ലണ്ട് തുടങ്ങിയ വന്‍കിട ടീമുകളുടെ ദോഹയിലെ ഫാന്‍ ക്ലബ്ബുകളിലും മലയാളികളാണു കൂടുതലുളളത്. ബെല്‍ജിയം ടീമിന്റെ ഔദ്യോഗിക ഫാന്‍ ക്ലബ്ബില്‍ അംഗത്വമുള്ള 64 പേരില്‍ 50 പേരും മലയാളികളാണെന്നു കോര്‍ഡിനേറ്ററായ ബാബു കളത്തില്‍ പറയുന്നു. ബെല്‍ജിയം ടീമിനായി ഗാലറിയില്‍ താളം മുഴക്കാനും ബെല്‍ജിയം ജേഴ്സിയില്‍ നഗരത്തിലുടനീളം വിവിധ പരിപാടികള്‍ അവതരിപ്പിക്കാനും പദ്ധതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

FIFA World cup 2022, World cup 2022 Qatar, FIFA World Cup News, FIFA World Cup Updates
പ്രധാന ഫാന്‍ സോണുകളില്‍ ഒന്നായ ലുസൈല്‍ ബോലിവാര്‍ഡിന്റെ ദൃശ്യം

മറ്റു ടീമുകളുടെ ഫാന്‍ ക്ലബ്ബുകളുടെ അവസ്ഥയും ഏതാണ്ട് ഇതു തന്നെ. അര്‍ജന്റീന, ബ്രസീല്‍ ഫാന്‍ ക്ലബ്ബുകളിലാണു കൂടുതല്‍ അംഗങ്ങളുള്ളത്. അവിടെയും മലയാളിക്കൂട്ടങ്ങളാണ് ഏറെയും. അര്‍ജന്റീന, ബ്രസീല്‍, ഖത്തര്‍ ടീമുകള്‍ക്കു വേണ്ടി കഴിഞ്ഞ ദിവസങ്ങളില്‍ ഫാന്‍ സോണുകളില്‍ സംഘടിപ്പിച്ച റാലികളില്‍ നൂറു കണക്കിനു മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാരാണു ജനസാഗരം തീര്‍ത്തത്.

അര്‍ജന്റീന, ബ്രസീല്‍, പോര്‍ച്ചുഗല്‍, ജര്‍മനി…ടീം ഏതുമാവട്ടെ മേളവും കോല്‍ക്കളിയും നാടന്‍ പാട്ടുകളുമായി ഫാന്‍ റാലികള്‍ക്കു കൊഴുപ്പേകുന്നതു മലയാളി ഫാന്‍സാണ്.

FIFA World cup 2022, World cup 2022 Qatar, FIFA World Cup News, FIFA World Cup Updates
ഫാന്‍ സോണുകളിലെ മലയാളികളുടെ ആഘോഷങ്ങള്‍

ലുസൈല്‍ ബൊലിവാര്‍ഡില്‍ ഖത്തര്‍ ടീമിനു വേണ്ടി മലയാളികള്‍ സംഘടിപ്പിച്ച കൂറ്റന്‍ ഫാന്‍ റാലി ഫുട്ബോള്‍ ലോകത്തെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. കുട്ടികളും സ്്ത്രീകളും ഉള്‍പ്പെടെ ആയിരങ്ങളാണു ഫാന്‍ റാലിയില്‍ അണിനിരന്നത്.

പ്രമോഷന്‍ സോങ്ങുകളിലും മലയാളി ടച്ച്

ഖത്തര്‍ ലോകകപ്പിന്റെ പേരില്‍ മലയാളികള്‍ തയാറാക്കിയ നിരവധി പ്രമോഷന്‍ സോങ്ങുകള്‍ പ്രചരിക്കുന്നുണ്ട്. അറബി, ഇംഗ്ലീഷ് ഭാഷകളിലാണു പലരും സ്വന്തം നിലയിലുള്ള പ്രമോഷന്‍ സോങ്ങുകള്‍ പ്രചരിപ്പിക്കുന്നത്. ഖത്തര്‍ യൂത്ത് കൊയറും ഖത്തര്‍ മ്യൂസക് അക്കാദമിയും ചേര്‍ന്ന് പുറത്തിറക്കിയ അറബിയിലും മലയാളത്തിലുമുള്ള പ്രമോഷന്‍ ഗാനത്തിന്റെ വരികള്‍ തയാറാക്കിയതു ശാഫി മുണ്ടോട്ടില്‍ എന്ന വേങ്ങരക്കാരനും ലിയോണ്‍ എന്ന ദക്ഷിണാഫ്രിക്കക്കാരനും ചേര്‍ന്നാണ്.

‘ഇറ്റ് ഈസ് എ ബ്യൂട്ടിഫുള്‍ ഗെയിം’ എന്ന പേരിലുള്ള ഗാനത്തിന് ഏറെ സന്തോഷത്തോടെയാണു വരികള്‍ തയാറാക്കിയതെന്നു ശാഫി മുണ്ടോട്ടില്‍ പറയുന്നു. ”ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ഗാനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുമെന്ന പ്രതീക്ഷയിലാണ് വരികള്‍ എഴുതി തുടങ്ങിയത്. ഇപ്പോള്‍ യൂടൂബിള്‍ പാട്ട് ട്രെന്‍ഡിങ്ങായതിന്റെ സന്തോഷമുണ്ട്,” ശാഫി പറഞ്ഞു.

ടേസ്റ്റി ഫാന്‍ സോണ്‍ വിത്ത് പൊറോട്ട

ഫിഫ ഫാന്‍ സോണുകള്‍ കളിയാവേശത്തിനു പുറമെ പല നാടുകളുടെ രുചികള്‍ വിളമ്പുന്ന ഇടം കൂടിയായി മാറിയിട്ടുണ്ട്. ആഫ്രിക്കന്‍, ഏഷ്യന്‍, യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ വിഭവങ്ങള്‍ക്കൊപ്പം മലയാളിയുടെ പൊറോട്ടയും ബിരിയാണിയുമെല്ലാം ഫാന്‍ സോണുകളില്‍ ലഭ്യമാണ്.

FIFA World cup 2022, World cup 2022 Qatar, FIFA World Cup News, FIFA World Cup Updates
ഫാന്‍ സോണുകളിലെ മലയാളികളുടെ ആഘോഷങ്ങള്‍

പല രാജ്യങ്ങളില്‍നിന്നുള്ള ആരാധകര്‍ക്കായി ഓരോ ഫാന്‍ സോണുകളിലും റസ്റ്റോറന്റുകളും കഫേകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനു പുറമെ ഇന്ത്യന്‍, കേരള ഉള്‍പ്പെടെ മൂവായിരത്തിലേറെ റസ്റ്റോറന്റുകള്‍ ദോഹ നഗരത്തില്‍ ഭക്ഷണപ്രിയര്‍ക്കായി കാത്തിരിപ്പുണ്ട്.

നഗരത്തിലെ ഏറ്റവും വലിയ ഫാന്‍ സോണുകളായ കത്താറ സാംസ്‌കാരിക കേന്ദ്രത്തിലും സൂഖ് വാഖിഫിലും പൊറോട്ടയും കേരള വിഭവങ്ങളും കഴിക്കാനെത്തുന്ന യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിയാരാധകരുണ്ടെന്നാണ് റസ്റ്റോറന്റ് ജീവനക്കാര്‍ പറയുന്നത്.

കളിയാരാധകര്‍ വന്നു തുടങ്ങിയതോടെ മീനും മന്തിയും അടങ്ങുന്ന ഞങ്ങളുടെ സ്പെഷ്യല്‍ വിഭവങ്ങള്‍ തേടി വിവിധ രാജ്യക്കാര്‍ എത്തുന്നുണ്ടെന്ന് സൂഖ് വാഖിഫിലെ റസ്റ്റോറന്റ് നടത്തിപ്പുകാരനായ മുഹമ്മദ് സാലിഹ് പറഞ്ഞു.

FIFA World cup 2022, World cup 2022 Qatar, FIFA World Cup News, FIFA World Cup Updates
ദോഹ തീരത്ത് എത്തിയ ഫ്ലോട്ടിങ് ഹോട്ടൽ

പൊറോട്ട, കിഴി പൊറോട്ട, ബീഫ് തുടങ്ങിയ വിഭവങ്ങള്‍ക്കും ആവശ്യക്കാരേറെയാണ്. കത്താറയില്‍ ലൈവ് പൊറോട്ട വാങ്ങിക്കാന്‍ വൈകുന്നേരങ്ങളില്‍ വിവിധ രാജ്യക്കാരുടെ നീണ്ട നിരതന്നെയുണ്ടെന്നാണ് ജീവനക്കാരനായ റിഫാന്‍ പറയുന്നത്.

ലോകകപ്പിനു ഫൈനല്‍ വിസില്‍ മുഴങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ഖത്തറിലെ തെരുവുകളിലൂടെ മലയാളിയുടെ ഫുട്ബോള്‍ ആവേശമാണിപ്പോള്‍ ലോകം കാണുന്നത്. കളിക്കാര്‍ക്കൊപ്പം ചെണ്ടകൊട്ടിയും കോല്‍ക്കളി നടത്തിയും മലയാളിയുടെ ഫുട്ബോള്‍ ജ്വരം ലാറ്റിനമേരിക്കയിലും യൂറോപ്പിലും ആഫ്രിക്കയിലും സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Keralites their porotta and biriyani add spice to football fervour in qatar