ഡോംഗുവാൻ: ചൈനയിൽ നടന്ന ഏഷ്യൻ മാരത്തണിൽ മലയാളിക്ക് സ്വർണ്ണം. വയനാട് സ്വദേശി ഗോപിയാണ് സ്വന്തം നാടിന് എന്നും ഓർത്ത് അഭിമാനിക്കാവുന്ന നേട്ടം സ്വന്തമാക്കിയ്. ഇതാദ്യമായാണ് ഒരു ഇന്ത്യാക്കാരൻ അന്താരാഷ്ട്ര ഏഷ്യൻ മാരത്തൺ മത്സരത്തിൽ സ്വർണ്ണം നേടുന്നത്.

രണ്ട് മണിക്കൂർ 15 മിനിറ്റ് 48 സെക്കന്റിൽ ഫിനിഷ് ചെയ്താണ് ഗോപി വിജയം നേടിയത്. ഏഷ്യൻ മാരത്തൺ പ്രത്യേകമായി നടത്താൻ ആരംഭിച്ച ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ താരം മത്സരത്തിൽ ഒന്നാമതായി ഫിനിഷ് ചെയ്യുന്നത്.

വയനാട് കാക്കവയൽ സ്വദേശിയാണ് ഗോപി. ഏഷ്യൻ ട്രാക്ക് ആന്റ് ഫീൽഡ് മത്സരത്തിനൊപ്പം മാരത്തൺ സംഘടിപ്പിച്ചിരുന്ന കാലത്താണ് മുൻപ് ഇന്ത്യയിലേക്ക് സ്വർണ്ണമെഡൽ എത്തിയിട്ടുള്ളത്. വനിതകളിൽ ആശ അഗർവാൾ (1985), സുനിത ഗൊദാര(1992) എന്നിവരാണ് മുൻപ് വിജയം കൊയ്തത്.

ഇന്ത്യൻ ആർമിയിലെ മുൻനിര ഓട്ടക്കാർക്ക് വേഗം നിയന്ത്രിക്കുന്നതിനുള്ള പേസ്മേക്കർ റണ്ണറായി ഓടിയാണ് നേരത്തേ ഗോപി റിയോ ഒളിംപിക്സിലേക്ക് യോഗ്യത നേടിയത്. ഒളിംപിക്സിൽ കരിയറിലെ ഏറ്റവും മികച്ച സമയമായ 2:15:25 ലാണ് ഗോപി ഓട്ടം പൂർത്തിയാക്കിയത്.

ഖത്തർ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളുടെ പേരിൽ മത്സരിച്ച ആഫ്രിക്കൻ ഓട്ടക്കാരെയും ജപ്പാന്റെയും കൊറിയയുടെയും വേഗതാരങ്ങളെയും പിന്തള്ളിയാണ് മലയാളിയുടെ സ്വർണ്ണക്കൊയ്ത്ത്.

ഉസ്ബെക്കിസ്ഥാന്റെ ആന്ദ്രെ പെട്രോവിനാണ് വെള്ളി. മംഗോളിയൻ താരം ബിംബാലെവ് സിവെന്ദ്രൻ വെങ്കലം നേടി.

വയനാട് ഈരംകൊല്ലി പണിയ കോളനിയിലാണ് ഗോപി ജനിച്ചത്. സ്കൂൾ പഠനകാലത്ത് കായികാദ്ധ്യാപിക വിജയി ടീച്ചറുടെ ശിഷ്യത്വമാണ് അത്ലറ്റിക്സിലേക്ക് ഗോപിയെ എത്തിച്ചത്. പിന്നീട് 5000, 10000 മീറ്ററുകളിൽ സംസ്ഥാനതലത്തിൽ മികവ് തെളിയിച്ച ഗോപി കോതമംഗലം എംഎ കോളേജിൽ കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കി.

പിന്നീട് കരസേനയിൽ ജോലിക്ക് കയറിയ ഗോപി ഇന്ത്യൻ സർവ്വീസസ് കോച്ച് രവീന്ദ്രന് കീഴിൽ കഠിനമായ പരിശീലനത്തിലൂടെ നേട്ടങ്ങൾ കൊയ്തു. രണ്ട് വർഷം മുൻപ് ഡൽഹിയിൽ നടന്ന ഹാഫ് മാരത്തണിൽ ഇദ്ദേഹം വെള്ളിമെഡൽ നേടിയിരുന്നു.

കഴിഞ്ഞ വർഷം സാഫ് ഗെയിംസിൽ 10000 മീറ്ററിൽ സ്വർണ്ണം നേടിയിരുന്നു. ഇക്കഴിഞ്ഞ ജൂലൈയിൽ ഒഡിഷയിൽ നടന്ന ഏഷ്ൻ അത്ലറ്റിക്സിലും ഇതേ ഇനത്തിൽ ഗോപി സ്വർണ്ണം നേടിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ