ന്യൂഡൽഹി: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ഒഡീഷയ്ക്കെതിരെ കേരളത്തിന് വിജയ തുടക്കം. എലൈറ്റ് ഗ്രൂപ്പ് ബിയിൽ 6 വിക്കറ്റിനാണ് കേരളം ഒഡീഷയെ തറപറ്റിച്ചത്. കേരളത്തിനായി നാല് വിക്കറ്റുകൾ വീഴ്ത്തിയ അക്ഷയ് ചന്ദ്രന്റെ പ്രകടനമാണ് വിജയത്തിൽ നിർണ്ണായകമായത്.
ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ക്യാപ്റ്റൻ സച്ചിൽ ബേബിയുടെ തീരുമാനം ശരിവച്ച് ഒഡിഷയുടെ ടീം സ്കോർ രണ്ടക്കം കടക്കുന്നതിന് മുമ്പ് കേരളം ഓപ്പണർമാരെ മടക്കി. കേരളത്തിനായി അക്ഷയ് ചന്ദ്രന് പുറമേ ജലജ് സക്സേന മൂന്നും ബേസിൽ തമ്പി, സന്ദീപ് വാര്യർ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഒഡീഷ 34.4 ഓവറിൽ 117 റൺസിന് പുറത്താകുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം 37.3 ഓവറിൽ 4 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയ ലക്ഷ്യം മറികടക്കുകയായിരുന്നു. നായകൻ സച്ചിൻ ബേബി (41), സൽമാൻ നിസാർ (31), സഞ്ജു സാംസൺ (25) എന്നിവർ കേരളത്തിനായി ബാറ്റിങ്ങിൽ തിളങ്ങിയപ്പോൾ കേരളത്തിന് ആവേശകരമായ വിജയം.
സെപ്റ്റംബർ 23ന് ഛത്തീസ്ഗഡിനെതിരെയാണ് കേരളത്തിന്റെ രണ്ടാം മത്സരം.