വിജയ് ഹസാരെ ട്രോഫിയിൽ സൗരാഷ്ട്രക്കെതിരായ മത്സരത്തിൽ കേരളത്തിന് തകർപ്പൻ വിജയം. 46 റൺസിനാണ് കേരളം സൌരാഷ്ട്രായെ പരാജയപ്പെടുത്തിയത്. കേരളം ഉയർത്തിയ 317 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന സൌരാഷ്ട്ര 270 റൺസിന് പുറത്താകുകയായിരുന്നു. നാല് വിക്കറ്റെടുത്ത ബേസിൽ തമ്പിയുടെയും 93 റൺസ് നേടിയ ക്യാപ്റ്റൻ സച്ചിൻ ബേബിയുടെയും മികവിലായിരുന്നു കേരളത്തിന്റെ വിജയം.

ക്യാപ്റ്റൻ സച്ചിൻ ബേബി മുന്നിൽ നിന്ന് നയിച്ചപ്പോൾ ആദ്യ ഇന്നിങ്സിൽ കേരളം മികച്ച സ്കോറിലെത്തുകയായിരുന്നു. അർദ്ധ സെഞ്ചുറി നേടിയ സച്ചിൻ ബേബിയുടെയും ഓപ്പണർ വിഷ്ണു വിനോദിന്റെയും മികവിൽ കേരളം 7 വിക്കറ്റ് നഷ്ടത്തിൽ 316 റൺസെടുത്തു. ന്യൂഡൽഹിയിലെ പാലം ‌ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ സൗരാഷ്ട്ര കേരളത്തെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗരാഷ്ട്രായെ സമ്മർദ്ദത്തിലാക്കി തുടക്കത്തിൽ തന്നെ രണ്ട് ഓപ്പണർമാരെയും ബേസിൽ മടക്കിയയച്ചു. അർദ്ധ സെഞ്ചുറി നേടിയ എസ് ബി വ്യാസിനും സി എസ് ജാനിക്കും മാത്രമേ സൗരാഷ്ട്ര നിരയിൽ തിളങ്ങാനായുള്ളു. ബേസിൽ തമ്പിക്ക് പുറമെ കേരളത്തിനായി കെസി അക്ഷയ് മൂന്നും, സച്ചിൻ ബേബി, ജലജ് സക്‍സേന, എആർ ചന്ദ്രൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്‍ത്തി.

കേരളത്തിനായി ഓപ്പണർമാരായ വിഷ്ണു വിനോദും, ജലജ്‌സക്സേനയും ചേർന്ന് ആദ്യ വിക്കറ്റിൽ 79 റൺസ് കൂട്ടിച്ചേർത്ത് മികച്ച തുടക്കമാണ് സമ്മാനിച്ചത്. 72 പന്തിൽ‌ 93 റൺസ് നേടിയ സച്ചിന്റെയും, 62 റൺസ് നേടിയ ഓപ്പണർ വിഷ്ണു വിനോദിന്റേയും ബാറ്റിങ് മികവിൽ നിശ്ചിത 50 ഓവറിൽ 316/7 എന്ന തകർപ്പൻ സ്കോറാണ് കേരളം നേടിയിരിക്കുന്നത്. 33 റൺസിൽ സക്സേന മടങ്ങിയപ്പോൾ പിന്നാലെയെത്തിയ സഞ്ജു സാംസൺ 30 റൺസിൽ പുറത്തായി.

നാലാമനായി ഇറങ്ങിയ നായകൻ സച്ചിൻ ബേബി തുടക്കം മുതൽ ആക്രമണ ശൈലിയിൽ ബാറ്റ് വീശുകയായിരുന്നു. 72 പന്തിൽ 6 വീതം ഫോറുകളും, സിക്സറുകളും പായിച്ച് 93 റൺസാണ് സച്ചിൻ അടിച്ചുകൂട്ടിയത്. 71 പന്തിൽനിന്ന് 62 റൺസാണ് വിഷ്ണുവിന്റെ സമ്പാദ്യം. ജഗദീഷ് 41ഉം അരുൺ കാർത്തിക് 38 ഉം റൺസ് നേടി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ