ബെംഗളൂരു: സീനിയർ വനിത ഏകദിന ലീഗിൽ കേരളത്തിന് തുടർച്ചയായ രണ്ടാം ജയം. ബെംഗളൂരുവിൽ നടന്ന മത്സരത്തിൽ ഡൽഹിയെയാണ് കേരളം പരാജയപ്പെടുത്തിയത്. മൂന്ന് വിക്കറ്റിനായിരുന്നു കേരളത്തിന്റെ വിജയം. കഴിഞ്ഞ മത്സരത്തിൽ മുംബൈയെയും കേരള വനിതകൾ പരാജയപ്പെടുത്തിയിരുന്നു.
ടോസ് നേടിയ കേരളം ഡൽഹിയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. പതിനൊന്ന് റൺസിൽ ഓപ്പണറെ നഷ്ടപ്പെട്ട ഡൽഹിക്ക് പിന്നീട് കാര്യമായ ചെറുത്തുനിൽപ്പ് നടത്താൻ സാധിച്ചില്ല. 46 റൺസ് നേടിയ പ്രിയ പൂനിയ ഒഴിച്ച് മറ്റാർക്കും തിളങ്ങാനാകാതെ വന്നതോടെ കേരളം ഡൽഹിയെ 143 റൺസിന് പുറത്താക്കുകയായിരുന്നു. കേരളത്തിന് വേണ്ടി മിന്നു മണി നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ മൃദുല വി.എസ് മൂന്ന് വിക്കറ്റും വീഴ്ത്തി.
ഡൽഹി ഉയർത്തിയ ചെറിയ വിജയലക്ഷ്യം പിന്തുടർന്ന കേരളത്തിന് തുടക്കത്തിലെ ജിസ്നയെ നഷ്ടമായെങ്കിലും ഷാനിയും ജിൻസിയും ചേർന്ന് കേരള സ്കോർ ഉയർത്തി. അർദ്ധസെഞ്ചുറിക്കരികിൽ ഇരുവരും വീണതിന് പിന്നാലെ മധ്യനിര തകർന്നടിഞ്ഞു. എന്നാൽ അക്ഷയ കേരളത്തെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. കേരളത്തിന് വേണ്ടി ഷാനി 40 റൺസും ജിൻസി 46 റൺസും നേടി.