കൊൽക്കത്ത: രഞ്ജി ട്രോഫി ക്രക്കിറ്റിൽ കേരളത്തിന് തുടർച്ചയായ രണ്ടാം ജയം. ഒമ്പത് വിക്കറ്റിന്റെ തകർപ്പൻ ജയമാണ് ബംഗാളിനെതിരെ കേരളം സ്വന്തമാക്കിയത്. ജലജ് സക്സേനയുടെ ഓൾറൗണ്ട് മികവിലാണ് കേരളം അനായാസം ബംഗാളിനെ കീഴ്‍പ്പെടുത്തിയത്. രണ്ട് ഇന്നിങ്സുകളിൽ നിന്നും ഒരു സെഞ്ചുറി ഉൾപ്പടെ 169 റൺസും രണ്ടും വിക്കറ്റുമാണ് കേരളത്തിനായി ജലജ് സക്സേനയുടെ സമ്പാദ്യം.

ആദ്യ ഇന്നിങ്സിൽ കേരളം ഉയർത്തിയ 144 റൺസ് ലീഡ് പിന്തുടർന്ന ബംഗാൾ 184 റൺസിന് പുറത്താകുകയായിരുന്നു. ഇതോടെ കേരളത്തിന്റെ വിജയലക്ഷ്യം 40 റൺസ് മാത്രമായി. രണ്ടാം ഇന്നിങ്സിൽ നായകൻ മനോജ് തിവാരിയുടെ ചെറുത്തുനിൽപ്പാണ് ബംഗാളിന്റെ ഇന്നിങ്സ് തോൽവി ഒഴിവാക്കിയത്. മനോജ് തിവാരി 75 പന്തിൽ 62 റൺസ് നേടി.

ബംഗാൾ ഉയർത്തിയ ചെറിയ വിജയലക്ഷ്യം പിന്തുടർന്ന കേരളത്തിന് ടീം സ്കോർ 32ൽ നിൽക്കെ ജലജ് സക്സേനയെ നഷ്ടമായെങ്കിലും അരുൺ കാർത്തിക്കും രോഹൻ പ്രേമും ചേർന്ന് വിജയത്തിലെത്തിക്കുകയായിരുന്നു. 11 ഓവറിലായിരുന്നു കേരളത്തിന്റെ വിജയം. തുടർച്ചയായ രണ്ടാം ജയത്തോടെ കേരളം ഗ്രൂപ്പിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി.

ആദ്യ ഇന്നിങ്സിൽ 147 റൺസിന് പുറത്തായ ബംഗാളിനെതിരെ മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം 291 റൺസ് നേടുകയായിരുന്നു. 190 പന്തുകളിൽ നിന്നും 21 ബൗണ്ടറികളുടെയും 2 സിക്സറുകളുടെയും അകമ്പടിയോടെയായിരുന്നു സക്സേനയുടെ സെഞ്ചുറി നേട്ടം.

ബംഗാളിനായി ഇഷാൻ പോറൽ നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഇന്ത്യൻ പേസർ മുഹമ്മദ് ഷമി മൂന്ന് വിക്കറ്റും വീഴ്ത്തി. 26 ഓവറിൽ 100 റൺസ് വഴങ്ങിയാണ് ഇന്ത്യൻ താരത്തിന്റെ പ്രകടനം. രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ബംഗാൾ അഞ്ച് റൺസ് നേടിയപ്പോൾ ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ