രഞ്ജി ട്രോഫി ടൂർണമെന്റിൽ കേരളത്തിന് ആദ്യ ജയം. ഒമ്പത് വിക്കറ്റിനാണ് കേരളം ആന്ധ്രയെ പരാജയപ്പെടുത്തിയത്. ആന്ധ്ര ഉയർത്തിയ 42 റൺസ് വിജയലക്ഷ്യം ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കേരളം മറി കടക്കുകയായിരുന്നു. ബാറ്റ്‍കൊണ്ടും ബോളുകൊണ്ടും തിളങ്ങിയ ഓൾറൗണ്ടർ ജലജ് സക്സേനയുടെ പ്രകടനമാണ് കേരളത്തിന്റെ വിജയത്തിൽ നിർണ്ണായകമായത്.

രണ്ടാം ഇന്നിങ്സിൽ തകർന്നടിഞ്ഞ ആന്ധ്ര നാലാം ദിനം കളി പുനരാരംഭിച്ച് 12 റൺസ് കൂട്ടി ചേർക്കുന്നതിനിടയിൽ എല്ലാവരും പുറത്താകുകയായിരുന്നു. ജലജ് സക്സേന എട്ട് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ആദ്യ ഇന്നിങ്സിൽ തിളങ്ങിയ അക്ഷയ് കെ.സി രണ്ടാം ഇന്നിങ്സിലും രണ്ട് വിക്കറ്റുകൾ വീഴ്ത്തി.

കേരളം ഉർത്തിയ 74 റൺസൊന്ന ചെറിയ ലീഡ് പിന്തുടർന്ന് രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ആന്ധ്ര ഒരു ഘട്ടത്തിൽ ഇന്നിങ്സ് തോൽവി വരെ പ്രതീക്ഷിച്ചു. എന്നാൽ റിക്കി ഭൂയിയുടെ ചെറുത്തു നിൽപ്പാണ് ആന്ധ്രക്ക് തുണയായത്.

ചെറിയ വിജയലക്ഷ്യം പിന്തുടർന്ന കേരളം പത്ത് വിക്കറ്റ് വിജയം പ്രതീക്ഷിച്ചാണ് ബാറ്റിങ്ങിനിറങ്ങിയത്. എന്നാൽ ടീം സ്കോർ 25ൽ എത്തിയപ്പോഴേക്കും ഓപ്പണർ അരുൺ കാർത്തിക് പുറത്തായി. പിന്നീട് രോഹൻ പ്രേമിനെ കൂട്ടുപിടിച്ച് സക്സേന കേരളത്തെ വിജയത്തിലേക്ക് നയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook