കോഴിക്കോട്:​ ഒമ്പത് വർഷത്തെ കിരീട വരൾച്ചയ്ക്ക് അറുതി വരുത്താൻ കേരള വനിത ടീമിന് ഇതാ ഒരു സുവർണ്ണാവസരം. സെമിഫൈനലിൽ ശക്തരായ തമിഴ്നാടിനെ തോൽപ്പിച്ചാണ് കേരളം ഫൈനലിലേക്ക് പ്രവേശിച്ചത്. ഏകപക്ഷീയമായ മത്സരത്തിൽ നേരിട്ടുളള സെറ്റുകൾക്കാണ് കേരളത്തിന്റെ വിജയം. സ്കോർ 25-14, 25-18, 25-11

തമിഴ്നാടിന്റെ യുവതാരങ്ങൾക്കെതിരെ കരുത്തുറ്റ പ്രകടനമാണ് കേരളം കാഴ്ചവെച്ചത്. 6-0 എന്ന സ്കോറിന് ലീഡ് എടുത്ത കേരളം തമിഴ്നാടിനെ ഇടംവലം തിരിയാൻ അനുവദിച്ചില്ല. അഞ്ജലി ബാബുവിന്രെയും എസ്. രേഖയുടെയും കരുത്തുറ്റ സ്മാഷുകൾക്ക് മുന്നിൽ തമിഴ്നാട് താരങ്ങൾ നിസ്സഹായരായിപ്പോയി. 25-14 എന്ന സ്കോറിൽ ആദ്യ സെറ്റ് സ്വന്തമാക്കി കേരളം കുതിപ്പ് തുടങ്ങി. 9 പോയിന്രുകൾ കേരളത്തിന് സമ്മാനിച്ച് അഞ്ജലി ബാബുവാണ് ആദ്യ സെറ്റിൽ തിളങ്ങിയത്.

രണ്ടാം സെറ്റിൽ തമിഴ്നാട് താരങ്ങൾ തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും കേരളത്തിന്റെ വനിതാ പോരാളികൾ വിട്ടുകൊടുത്തില്ല. അറ്റാക്കർ ശ്രുതിക്ക് പകരം അനുശ്രിയെ കളത്തിലിറക്കി പരിശീലകൻ കേരളത്തിന്റെ ബെഞ്ചിന്റെ കരുത്ത് ആരാധകർ കാട്ടിക്കൊടുത്തു. കേരളത്തിന്റെ സെറ്റർ ജിനിമോളുടെ കൂർമ്മ ബുദ്ധിയുടെ മികവിൽ കേരളത്തിന്റെ അറ്റാക്കർമാർ കളംപിടിച്ചതോടെ മത്സരം 25-18 എന്ന സ്കോറിന് രണ്ടാം സെറ്റ് പിടിച്ച് കേരളം മുന്നേറി.

നിർണ്ണായകമായ മൂന്നാം സെറ്റിൽ സർവ്വശക്തിയുമെടുത്ത് തമിഴ്നാട് പൊരുതി നോക്കിയെങ്കിലും പരിചയ സമ്പന്നരായ കേരള താരങ്ങൾ വിട്ട്കൊടുത്തില്ല. 25-21 എന്ന സ്കോറിന് മൂന്നാം സെറ്റും മാച്ചും സ്വന്തമാക്കി കേരളം ഫൈനലിലേക്ക് കുതിക്കുകയായായിരുന്നു. ഫൈനലിൽ മഹാരാഷ്ട്ര Vs റെയിൽവേസ് മത്സരത്തിലെ വിജയിയെയാകും കേരളം നേരിടുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ