കോഴിക്കോട്: ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിലെ ആദ്യ മത്സരത്തിൽ കേരളത്തിന്റെ വനിത ടീമിനും വിജയം. കരുത്തരായ തെലങ്കാനയെ നേരിട്ടുളള സെറ്റുകൾക്കാണ് കേരളത്തിന്റെ വനിത ടീം തോൽപ്പിച്ചത്. സ്കോർ 25-16, 25-14,25-23 .

9 വർഷത്തെ കിരീട വരൾച്ച അവസാനിപ്പിക്കാനാണ് കേരള വനിത ടീം ഇത്തവണ ഇറങ്ങുന്നത്. കരുത്തരായ തെലങ്കാനയ്ക്കെതിരെ മികച്ചൊരു മത്സരത്തോടെയാണ് കേരളം തുടങ്ങിയത്. ആദ്യ സെറ്റിൽ തുടക്കം മുതലേ ലീഡ് എടുത്ത കേരളം അനായാസമാണ് കുതിച്ചത്. തകർപ്പൻ സ്മാഷുകളുമായി അഞ്ജു ബാലകൃഷ്ണനും രേഖ എസും കേരളത്തിനായി കളംനിറഞ്ഞ് കളിച്ചു. ബ്ലോക്കിങ്ങിലും ഫിനിഷിങ്ങിലും മികച്ച പ്രകടനം പുറത്തെടുത്ത കേരളം ആദ്യ സെറ്റ് 25-16 എന്ന സ്കോറിനാണ് ജയിച്ചത്.

രണ്ടാം സെറ്റിലും തങ്ങളുടെ ഫോം തുടർന്ന കേരളം തെലങ്കാനയെ നിലം തൊടാൻ അനുവദിച്ചില്ല. 25-14 എന്ന സ്കോറിനാണ് കേരളത്തിന്രെ വിജയം. മൂന്നാം സെറ്റിൽ പ്രധാന താരങ്ങളെ പിൻവലിച്ച് പരിശീലകൻ സണ്ണി ജോസഫ് കേരളത്തിന്റെ സബ്സ്റ്റിറ്റ്യൂട്ട് താരങ്ങൾ അവസരം നൽകി. എന്നാൽ ഈ മാറ്റം മുതലെടുത്ത തെലങ്കാന കേരളത്തിന് കടുത്ത വെല്ലുവിളി ഉയർത്തി. ഓരോ പോയിന്റിനും വേണ്ടി കേരളത്തിനെ വെള്ളം കുടിപ്പിച്ച തെലങ്കാന 22-22 എന്ന സ്കോർവരെ പൊരുതി നോക്കി. എന്നാൽ സായി തലശ്ശേരിയുടെ താരം സൂര്യ എസ് രക്ഷകയായി അവതരിച്ചതോടെ കേരളം 25-23 എന്ന സ്കോറിന് മൂന്നാം സെറ്റും മാച്ചും സ്വന്തമാക്കുകയായിരുന്നു.

നേരത്തെ കേരള പുരുഷ ടീം ആദ്യ മത്സരത്തിൽ രാജസ്ഥാനെ തകർത്തിരുന്നു. നേരിട്ടുളള സെറ്റുകൾക്കായിരുന്നു കേരളത്തിന്റെ വിജയം. സ്കോർ 25-20,25-13,25-13.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook