കോഴിക്കോട്: ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ 9 വർഷത്തെ കിരീട വരൾച്ച അവസാനിപ്പിക്കാൻ ഇറങ്ങിയ കേരള വനിത ടീം സെമിയിൽ കടന്നു. ക്വാർട്ടർ ഫൈനലിൽ ഹരിയാനയെ തോൽപ്പിച്ചാണ് അഞ്ജു മോളിന്റെ നേതൃത്വത്തിലുളള കേരളം സെമിയിൽ കടന്നത്. നേരിട്ടുളള സെറ്റുകൾക്കായിരുന്നു കേരളത്തിന്റെ വിജയം. സ്കോർ 25-16, 25-13, 25-14.

ദുർബലരായ ഹരിയാനയ്ക്കെതിരെ അനായാസമായിരുന്നു കേരളത്തിന്റെ വിജയം. പരുക്ക് മൂലം വിശ്രമത്തിലായിരുന്ന സെന്റർ ബ്ലോക്കർ സൂര്യ ടീമിലേക്ക് തിരിച്ചെത്തിയത് കേരളത്തിന് കരുത്തായി. പ്രതിരോധത്തിൽ സൂര്യയും അഞ്ജു മോളും കോട്ട തീർത്തതോടെ ഹരിയാനയുടെ അറ്റാക്കർമാർ നിഷ്‌പ്രഭമായി. കരുത്തുറ്റ സ്മാഷുകളുമായി എസ്.രേഖയും കളം പിടിച്ചതോടെ കേരളം ആദ്യ സെറ്റ് 25-16 എന്ന സ്കോറിന് സ്വന്തമാക്കി.

എതിരാളികളേക്കാൾ ഉയരക്കൂടതലും കളി മികവുമുളള കേരളത്തിന് വെല്ലുവിളി ഉയർത്താൻ​ ഹരിയാനയ്ക്ക് ശേഷിയുണ്ടായിരുന്നില്ല. രണ്ടാം സെറ്റ് 25-13 എന്ന സ്കോറിനും മൂന്നാം സെറ്റ് 25-14 സ്കോറിനും സ്വന്തമാക്കിയ കേരള ടീം അനായാസം സെമിഫൈനലിലേക്ക് കുതിക്കുകയായിരുന്നു. നേരത്തെ കേരളത്തിന്റെ പ്രധാന എതിരാളികളായ ഇന്ത്യൻ റെയിൽവേസും സെമിയിൽ കടന്നിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ