കോഴിക്കോട്: ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിന് നാളെ തുടക്കമാകാൻ ഇരിക്കെ മികച്ച തയ്യാറെടുപ്പിലാണ് കേരളത്തിന്റെ വനിത ടീം. ദേശീയ ചാമ്പ്യൻഷിപ്പിൽ കഴിഞ്ഞ ഒമ്പത് വർഷമായി കലാശപോരാട്ടത്തിൽ കലമുടയ്ക്കുന്നവരെന്ന പേരുദോഷം മാറ്റാനുറച്ചാണ് ഇത്തവണ ഇവർ കളത്തിൽ ഇറങ്ങുന്നത്. പരിചയ സമ്പന്നതയും യുവത്വത്തിന്റെ ആവേശവും നിറഞ്ഞ താരങ്ങളാണ് ഇത്തവണ കേരളത്തിനായി അണി നിരക്കുന്നത്.

കേരള പൊലീസ് താരം അഞ്ജു മോളാണ് ഇത്തവണ കേരളത്തെ നയിക്കുന്നത്. കെഎസ്ഇബി താരങ്ങളായ എസ്.രേഖ, എം.ശ്രുതി, കെ.എസ്.ജിനി, ഇ.അശ്വതി, അഞ്ജു ബാലകൃഷ്ണൻ ഫാത്തിമ റുക്സാന, കെ.പി.അനുശ്രീ എന്നിവരാണ് കേരള ടീമിലെ പരിചയസമ്പന്നരായ താരങ്ങൾ. സായി താരങ്ങളായ എസ്.സൂര്യ, അഞ്ജലി സാബു, ചങ്ങനാശേരി അസംപ്ഷൻ കോളേജ് താരം എൻ.എസ്.ശരണ്യ, ആലുവ സെന്റ് സേവിയേഴ്സ് കോളേജ് താരം അശ്വതി രവീന്ദ്രൻ എന്നിവരാണ് കേരള ടീമിലെ യുവരക്തങ്ങൾ.

പരിചയ സമ്പന്നനായ സണ്ണി ജോസഫാണ് വനിത ടീമിന്റെ മുഖ്യ പരിശീലകൻ. പോയ വർഷങ്ങളിലെല്ലാം ഫൈനലിന്റെ സമ്മർദ്ദമാണ് കേരളത്തിന് കിരീടം നഷ്ടമാക്കിയതെന്നും ഇത്തവണ സ്വന്തം കാണികൾക്ക് മുന്നിൽ കേരളം കപ്പ് ഉയർത്തുമെന്നും സണ്ണി ജോസഫ് ആത്മവിശ്വാസത്തോടെ പറയുന്നു. നവാസ് വഹാബാണ് ടീമിന്റെ സഹപരിശീലകൻ.

കരുത്തരായ മഹാരാഷ്ട്ര, ഉത്തർപ്രദേശ്, തെലങ്കാന എന്നീ ടീമുകൾ അണിനിരക്കുന്ന ഗ്രൂപ്പ് ‘ബി’യിലാണ് കേരളവും അണിനിരക്കുന്നത്. സെമി​ഫൈനലിലേക്ക് അനായാസം കേരളത്തിന് എത്താമെങ്കിലും പിന്നീടുളള മൽസരങ്ങൾ​ ദുഷ്കരമാകും. മലയാളി താരങ്ങളുടെ കരുത്തിൽ അണിനിരക്കുന്ന റെയിൽവേസാണ് കേരളത്തിന്റെ പ്രധാന എതിരാളികൾ. കഴിഞ്ഞ ഒമ്പത് വർഷമായി ഫൈനലിൽ കേരളം റെയിവേയോടാണ് തോറ്റത്.

കേരളത്തിന്റെ കളികൾ

വനിതകൾ

21- 7.00pm – കേരളം Vs തെലങ്കാന
22 – 6.00pm – കേരളം Vs ഉത്തർപ്രദേശ്
23 – 8.30pm കേരളം Vs മഹാരാഷ്ട്ര

പുരുഷന്മാർ

21 – 4.30pm കേരളം Vs രാജസ്ഥാൻ
22 – 4.30pm കേരളം Vs ആന്ധ്രപ്രദേശ്
23 – 5.30pm കേരളം ​Vs പഞ്ചാബ്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ