scorecardresearch
Latest News

ഫിഫ ലോകകപ്പ് കാണാൻ ഖത്തറിലേക്ക് ഒറ്റയ്ക്ക് യാത്ര നടത്തി മലയാളി വനിത

ലോകകപ്പിന്റെ ഹരം ആരാധകരിലേക്കും ആളുകളിലേക്കും എത്തിത്തുടങ്ങിയതോടെയാണ് സഞ്ചാരിയും യൂട്യൂബറും വ്ളോഗറുമായ നൗഷി ഖത്തറിലേക്കുള്ള യാത്രയാരംഭിച്ചത്

ഫിഫ ലോകകപ്പ് കാണാൻ ഖത്തറിലേക്ക് ഒറ്റയ്ക്ക് യാത്ര നടത്തി മലയാളി വനിത
ഫൊട്ടോ കടപ്പാട്: നാജി നൗഷി/ഫെയ്സ്ബുക്ക്

യാത്രയോടും ഫുട്ബോളിനോടും അടങ്ങാത്ത ഭ്രാന്താണ് മലയാളിയായ നാജി നൗഷിക്ക്. അതുകൊണ്ടാണ് അഞ്ചു മക്കളുടെ അമ്മയായ ഈ മാഹീ സ്വദേശി ഖത്തറിൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പ് കാണാൻ ഒറ്റയ്ക്ക് കാർ ഓടിച്ചുപോകാൻ തീരുമാനിച്ചത്.

ലോകകപ്പിന്റെ ഹരം ആരാധകരിലേക്കും ആളുകളിലേക്കും എത്തിത്തുടങ്ങിയതോടെയാണ് സഞ്ചാരിയും യൂട്യൂബറും വ്ളോഗറുമായ നൗഷി ഖത്തറിലേക്കുള്ള യാത്രയാരംഭിച്ചത്. ഗ്രാമ പഞ്ചായത്ത് അംഗങ്ങൾക്കൊപ്പം ഗതാഗത മന്ത്രിയായ ആന്റണി രാജുവാണ് യാത്രയ്ക്ക് ഫ്ലാഗ്ഓഫ് ചെയ്തത്. കോയമ്പത്തൂർ വഴി മുംബൈലെത്തിയ നൗഷിയും ‘ഓൾ’ എന്ന് പേരുള്ള താർ ഫോർ വീലറും ഇനി കപ്പൽ മാർഗ്ഗമാകും ഒമാനിലേക്കെത്തുക.

അവിടെ നിന്ന് യുഎഇ, ബഹ്‌റൈൻ, കുവൈത്ത്, സൗദി അറേബ്യ എന്നീ അറബ് രാജ്യങ്ങളിലൂടെ റോഡുമാർഗം സഞ്ചരിച്ച് ഫിഫ ലോകകപ്പ് വേദിയായ ഖത്തറിലെത്തും. ജിസിസി രാജ്യങ്ങളിലേക്ക്, അതും ഫുട്ബാൾ ലോകകപ്പ് കാണാനായി ഒരു വനിത ഒറ്റയ്ക്ക് ഇത്തരമൊരു യാത്ര നടത്തുന്നത് ആദ്യമായിട്ടാകുമെന്ന് പറയുകയാണ് നൗഷി.

“ഡിസംബർ പത്തോടുകൂടി ഖത്തറിലെത്തി ഫൈനൽ കാണാനാകുമെന്നാണ് കരുതുന്നത്. ഈ യാത്രയെകുറിച്ച് ഞാൻ വളരെ ആകാംക്ഷയിലാണ്. ഞാൻ അർജന്റീനയുടെയും മെസ്സിയുടെയും കടുത്ത ആരാധികയാണ്, അവർ കപ്പ് എടുക്കുന്നത് കാണാൻ കൊതിയാകുന്നു.” അവർ പറഞ്ഞു. ഡിസംബർ 31 വരെ ഖത്തറിൽ താമസിക്കാനാണ് നാജി നൗഷിയുടെ തീരുമാനം.

Naaji Noushi, football, ie malayalam
ഫൊട്ടോ കടപ്പാട്: നാജി നൗഷി/ഫെയ്സ്ബുക്ക്

പാചകത്തിന് വേണ്ടുന്ന എല്ലാ സാമഗ്രികളും സ്റ്റോക്ക് ചെയ്തിട്ടുണ്ടെന്ന് നൗഷി പറയുന്നു. ടോൾ പ്ലാസയ്‌ക്കോ പെട്രോൾ പമ്പിനോ സമീപം പാർക്ക് ചെയ്ത് അതിൽ കിടന്നുറങ്ങാനാണ് പദ്ധതി. ഒമാൻ ഡ്രൈവിങ് ലൈസൻസുണ്ടെന്നും അത് ഇന്റർനാഷണൽ ലൈസൻസാക്കി മാറ്റിയെന്നും അവർ പറഞ്ഞു. “ഒരു ഇന്ത്യൻ ടീം ഫിഫ ലോകകപ്പിൽ മത്സരിക്കുന്നത് സ്വപ്നം കണ്ട ഒരാളാണ് ഞാൻ. ഈ യാത്രയിലൂടെ ഒരു ഇന്ത്യൻ നിർമിത വാഹനത്തിലൂടെ ആ ആഘോഷത്തിന്റെ ഭാഗമാകാൻ ഞാൻ ശ്രമിക്കു൦,” നൗഷി പറയുന്നു.

പ്ലസ് ടു കഴിഞ്ഞ നൗഷി വളരെ ചെറുപ്രായത്തിൽ തന്നെ വിവാഹിതയായി. 19-ാം വയസിൽ അമ്മയായി. ഭർത്താവ് നൗഷാദും മക്കളുമായിരുന്നു തന്റെ യാത്രയെ ഏറ്റവും കൂടുതൽ പിന്തുണച്ചതെന്ന് അവർ പറയുന്നു. ഇതുവരെ ലഡാക്കിലേക്കുള്ള ഓൾ-ഇന്ത്യ ട്രിപ്പ് അടക്കം നാല് യാത്ര പരമ്പരകൾ നൗഷി പൂർത്തിയാക്കി. ഇതിന്റെ ചിത്രങ്ങളും വിഡിയോകളും സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

തന്റെ ഇളയ കുട്ടിക്ക് രണ്ട് വയസ്സ് മാത്രമാണ് പ്രായമെന്നും യാത്രയ്‌ക്കായി ദൂരെയായിരിക്കുമ്പോൾ അമ്മയാണ് അവരെ നോക്കുന്നതെന്നും നൗഷി പറഞ്ഞു.

“എന്നെ പോലെ ഒരു കുടുംബിനിയായ ഒരു ഭാര്യയായ അഞ്ചു മക്കളുടെ അമ്മയായ ഒരാൾക്ക് തന്റെ സ്വപ്‌നങ്ങൾ നേടിയെടുക്കാൻ പറ്റുന്നുവെങ്കിൽ കേരളത്തിലെ ഏതൊരു സാധാരാണ സ്ത്രീക്കും ധൈര്യത്തോടെ അവരുടെ സ്വപ്നങ്ങൾക്ക് പിന്നാലെ പോകാം”, അവർ പറയുന്നു. തന്റെ യാത്ര മറ്റു സ്ത്രീകൾക്ക് അവരുടെ സ്വപ്‌നങ്ങൾ നേടാനുള്ള ഒരു പ്രചോദനമാകട്ടെയെന്നും നൗഷി പറഞ്ഞു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Kerala woman to drive to qatar to watch football world cup

Best of Express