കൊല്‍ക്കത്ത: പശ്ചിമ ബംഗാളിനെ പെനാല്‍റ്റി ഷൂട്ടില്‍ തകർത്ത് കേരളത്തിന് സന്തോഷ് ട്രോഫി കിരീടം. കേരളത്തിന്‍റെ ഗോളി മിഥുന്‍റെ തകർപ്പന്‍ പ്രകടനമാണ് കെെവിട്ടെന്ന് കരുതിയ കിരീടം കേരളത്തിലെത്തിച്ചത്. 4-2നാണ് കേരളത്തിന്‍റെ വിജയം.

കളിയവസാനിക്കാന്‍ സെക്കന്‍റുകള്‍ മാത്രം ബാക്കി നില്‍ക്കെ തീർത്ഥാങ്കർ സർക്കാരിന്‍റെ ഗോളില്‍ നഷ്ടപ്പെട്ട കളി പശ്ചിമ ബംഗാള്‍ തിരിച്ചു പിടിക്കുകയായിരുന്നു. ഇന്ത്യന്‍ ഫുട്ബോളിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മൽസരങ്ങളിലൊന്നായിരിക്കും ഇന്ന് അരങ്ങേറിയ ഫെെനല്‍. അവസാന നിമിഷം വരെ വിജയത്തിനായി കേരളവും ബംഗാളും പോരാടിയപ്പോള്‍ പിറന്നത് സന്തോഷ് ട്രോഫിയുടെ പ്രതാപ കാലത്തേക്കുള്ള മടക്കയാത്ര കൂടിയാണ്.

അധികസമയത്തിന്‍റെ 27-ാം മിനിറ്റില്‍ വിപിന്‍ തോമസ് നേടിയ ഗോളിന്‍റെ കരുത്തില്‍ കേരളം വിജയം ഉറപ്പിച്ചതായിരുന്നു. ആറാമത്തെ സന്തോഷ് ട്രോഫിയാണ് കേരളം ബംഗാളിനെ പരാജയപ്പെടുത്തി സ്വന്തമാക്കിയത്. രണ്ട് തവണ ഫെെനലില്‍ പരാജയപ്പെടുത്തിയ ബംഗാളിനെതിരായ വിജയം കേരളത്തിന് മധുര പ്രതികാരമാണ്.

അധിക സമയത്ത് രണ്ട് കൂട്ടരും ഗോളിനായി കഠിന പരിശ്രമങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ അകന്നു നിന്നു. രണ്ട് ടീമുകള്‍ക്കും നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും അതൊന്നും ഗോളാക്കി മാറ്റാന്‍ സാധിച്ചില്ല. അധിക സമയത്തിന്‍റെ 17-ാം മിനിറ്റില്‍ ലഭിച്ച സുവർണാവസരം കളഞ്ഞ് കുളിച്ച കേരള താരങ്ങള്‍ ആരാധകരെ നിരാശയിലാഴ്ത്തി. ബംഗാള്‍ ഗോള്‍ പോസ്റ്റിന് മുന്നില്‍ ഗോളി പോലുമില്ലാതിരുന്ന അവസരമായിരുന്നു കേരളം നഷ്ടപ്പെടുത്തിയത്.

പലപ്പോഴും കളി പരുക്കനായി മാറുന്നതിനും സാള്‍ട്ട് ലേക്ക് സ്റ്റേഡിയം സാക്ഷ്യം വഹിച്ചു. തുടക്കത്തില്‍ ബംഗാളായിരുന്നു പരുക്കന്‍ കളി പുറത്തെടുത്തതെങ്കില്‍ പിന്നീട് കേരളവും പരുക്കനാവുകയായിരുന്നു. അധികസമയത്തിന്‍റെ 21-ാം മിനിറ്റില്‍ കേരള ഗോളി മിഥുനെ പരുക്കേല്‍പ്പിച്ചതിന് ബംഗാള്‍ താരത്തിന് ചുവപ്പു കാർഡ് ലഭിച്ചതോടെ പത്തു പേരുമായാണ് ബംഗാള്‍ കളിയവസാനിപ്പിച്ചത്. മിഥുനെ മുഖത്ത് ചവിട്ടിയാണ് രഞ്ജന്‍ ചുവപ്പ് കാർഡ് ഏറ്റുവാങ്ങിയത്.

68-ാം മിനിറ്റിലായിരുന്നു ബംഗാള്‍ ഗോള്‍ മടക്കിയത്. ഗോള്‍ വീണതോടെ കേരളം പ്രതിരോധത്തിലാവുകയായിരുന്നു. ഈ അവസരം മുതലെടുത്ത് ബംഗാള്‍ നിരന്തരം ആക്രമണം അഴിച്ചു വിടുകയായിരുന്നു. നായകന്‍ ജിതിന്‍ മുർമുവാണ് ബംഗാളിനായി സമനില ഗോള്‍ നേടിയത്. ഗോള്‍ മടക്കിയതിന് ശേഷം ബംഗാള്‍ അക്ഷരാർത്ഥത്തില്‍ ഉയിർത്തെഴുന്നേല്‍ക്കുകയായിരുന്നു. രണ്ടാം പകുതിയില്‍ കളി നടന്നത് കേരളത്തിന്‍റെ ഗോള്‍ മുഖത്തു തന്നെയായിരുന്നു.

19-ാം മിനുറ്റില്‍ എം.എസ്.ജിതിന്റെ ഗോളിലാണ് കേരളം പശ്ചിമ ബംഗാളിനെതിരെ ലീഡ് നേടിയത്. സീസണില്‍ നിന്നും ലഭിച്ച പാസുമായി മൈതാന മധ്യത്തില്‍ നിന്നും പാഞ്ഞു കയറിയ ജിതിന്‍ ബംഗാള്‍ ഗോള്‍ കീപ്പറെ മറികടന്ന് പന്ത് കൃത്യമായി ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

പതിമൂന്ന് വര്‍ഷത്തിന് ശേഷം സന്തോഷ് ട്രോഫി കിരീടം കേരളത്തിലെത്തിക്കുക എന്ന ലക്ഷ്യവുമായാണ് കേരളം പന്തു തട്ടിയത്. ഇതിന് മുമ്പ് കേരളം കിരീടം നേടിയത് 2005 ലായിരുന്നു. അവസാനമായി ഫൈനലില്‍ കളിച്ചത് 2013 ലായിരുന്നു. അഞ്ച് വര്‍ഷത്തിന് ശേഷം വീണ്ടും സന്തോഷ് ട്രോഫിയുടെ ഫൈനലിലെത്തുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ആരാധകര്‍ പ്രതീക്ഷിച്ചിരുന്നില്ല.

അതേസമയം 33-ാം കിരീടം എന്ന നേട്ടം ലക്ഷ്യമിട്ടാണ് പശ്ചിമ ബംഗാള്‍ കളിച്ചത്. സന്തോഷ് ട്രോഫിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയ ടീമാണ് ബംഗാള്‍. നേരത്തെ മിസോറാമിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് കേരളം ഫൈനലിന് ടിക്കറ്റെടുത്തത്.

ഒരു ഗോള്‍ വഴങ്ങിയിട്ടും തളരാതെ ബംഗാളും ലീഡുയര്‍ത്താനായി കേരളവും പൊരുതിയപ്പോള്‍ രണ്ടാം പകുതിയും ആവേശകരമായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ കേരളത്തിന്റെ ഗോള്‍ മുഖത്തേക്ക് ബംഗാള്‍ തുടരെ തുടരെ അക്രമം നടത്തുകയായിരുന്നു. കേരളത്തിന്റെ പ്രതിരോധ നിരയുടെ കൃത്യമായ ഇടപെടലുകളാണ് ഗോള്‍ അകറ്റി നിര്‍ത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ