കോഴിക്കോട്: ദേശീയ സീനിയർ വോളിയിൽ വീണ്ടും കപ്പ് ഉയർത്തി കേരളത്തിന്റെ പുരുഷ ടീം. കരുത്തരായ റെയിൽവേസിനെ നിലംപരിശാക്കിയാണ് കേരളം ആറാം തവണയും കപ്പ് ഉയർത്തിയത്. റെയിൽവേസിനെതിരെ ആദ്യ സെറ്റ് നഷ്ടമായതിന് ശേഷം പിന്നിൽ നിന്ന് പൊരുതിക്കയറിയാണ് കേരളം കിരീടം ഉയർത്തിയത്. സ്കോർ 24-26, 25-23, 25- 19, 25-21.

വനിതകളുട കിരീടപ്പോരിൽ കേരളത്തിന്റെ കണ്ണീർ വീഴ്ത്തിയ റെയിൽവേക്കാരോട് കണക്ക് തീർക്കാൻ വേണ്ടിയാണ് കേരളത്തിന്റെ പുരുഷ ടീം കളത്തിൽ ഇറങ്ങിയത്. മലയാളി താരം മനു ജോസഫിന്റെ നേത്രത്വത്തിൽ ഇറങ്ങിയ റെയിൽവേ കേരളത്തിന് എതിരെ വാശിയേറിയ മത്സരമാണ് കാഴ്ചവെച്ചത്. ആദ്യ സെറ്റിൽ പ്രഭാകരന്റെയും മനു ജോസഫിന്റേയും തകർപ്പൻ പ്രകടനത്തിന്റെ മികവിൽ റെയിൽവേ തുടക്കത്തിലേ ലീഡ് എടുത്തു. എന്നാൽ ജെറോം വിനീതും, വിപിൻ എം ജോർജ്ജും കേരളത്തെ മത്സരത്തിലേക്ക് കൊണ്ടു വന്നു.

ആദ്യസെറ്റിന്റെ പാതിവഴിയിൽ 16-16 എന്ന സ്കോറിന് തുല്യത പാലിച്ച ഇരു ടീമുകളും 23-23 എന്ന സ്കോർ വരെ ഒപ്പം കുതിച്ചു. പക്ഷെ സ്കോർ 24-24ൽ നിൽക്കെ ജോറോം വിനീതിന്രെ ബാക്ക്‌ലൈൻ അറ്റാക്ക് സിംഗിൾ ബ്ലോക്കിലൂടെ തടുത്ത പ്രഭാകരൻ റെയിൽവേസിനെ ആദ്യ സെറ്റ് വിജയത്തിന് അടുത്തെത്തിച്ചു. തകർപ്പൻ ഒരു ക്രോസ് കോർട്ട് ഷോട്ടിലൂടെ കേരളത്തിന്റെ പ്രതിരോധം തകർത്ത പ്രഭാകരൻ 26-24 എന്ന സ്കോറിന് ആദ്യ സെറ്റ് റെയിൽവേയ്ക്ക് നൽകി.

ഒരു സെറ്റിന് പിന്നിലായ കേരളം രണ്ടാം സെറ്റിൽ ടീം ലൈനപ്പിൽ മാറ്റം വരുത്തിയാണ് ഇറങ്ങിയത്. സെറ്റർ മുത്തു സ്വാമിക്ക് പകരം സ്പീഡ് ഗെയിം വിദഗ്ധനായ ജിതിനെ കളത്തിലിറക്കി പരിശീലകൻ ഒരു പരീക്ഷണത്തിന് ഒരുങ്ങി. സെമിഫൈനലിൽ പകരക്കാരനായി ഇറങ്ങി കേരളത്തെ വിജയത്തിലേക്ക് നയിച്ച ജിതിൻ തനിക്ക് ലഭിച്ച അവസരം ശരിക്കും മുതലാക്കി. ജിതിൻ നൽകിയ ഷോട്ട് ബോളുകൾ അനായാസം ഫിനിഷ് ചെയ്ത് അഖിനും, രോഹിത്തും രണ്ടാം സെറ്റിൽ നിറഞ്ഞാടി.

ഫൊട്ടോ : ദീപു തോമസ്‌

എന്നാൽ പരിചയ സമ്പന്നനായ പ്രഭാകരന്റെ നേത്രത്വത്തിൽ തിരിച്ചടിച്ച റെയിൽവേസ് വീണ്ടും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ചു. 23-23 എന്ന സ്കോർവരെ ഇരു ടീമുകളും ഒപ്പത്തിനൊപ്പം മുന്നേറുകയും ചെയ്തു. എന്നാൽ വിപിൻ എം ജോർജ്ജിന്രെ തുടർച്ചയായ രണ്ട് സർവ്വുകൾ റെയിൽവേയുടെ കോർട്ടിൽ പതിച്ചതോടെ കേരളം രണ്ടാം സെറ്റ് 25-23 എന്ന സ്കോറിന് സ്വന്തമാക്കി.

ഫൊട്ടോ : ദീപു തോമസ്‌

കേരളാ ടീമിന്റെ തിരിച്ചുവരവ് സ്വപ്നനഗരിയിലെ കാണികളെ ഉണർത്തി. ആർത്തിരമ്പിയ കാണികൾ കേരളത്തിനായി കയ്യടിച്ചതോടെ താരങ്ങൾ ഊർജ്ജ്വസ്വലരായി. മൂന്നാം സെറ്റിലും സെറ്റർ ജിതിന്റെ പ്രകടനം നിർണ്ണായകമായി. റെയിൽവേയുടെ പ്രതിരോധം പിളർത്തിക്കൊണ്ട് ജിതിൻ നൽകിയ പന്തുകൾ എല്ലാം കേരളത്തിന്റെ അറ്റാക്കർമാർ ഫിനിഷ് ചെയ്തു. യുവതാരം അജിത് ലാലിന്രെ ബാക്ക് ലൈൻ അറ്റാക്കുകൾ റെയിൽവേയുടെ കോർട്ടിൽ ഇടിമുഴക്കം തീർത്തു. ഇതിനിടെ സർവ്വീസിൽ നിരന്തരം പിഴവ് വരുത്തിയ മനു ജോസഫിനെ പരിശീലകൻ പിൻവലിച്ചത് റെയിൽവേസിനെ ദുർബലരാക്കുകയും ചെയ്തു. 25-19 എന്ന സ്കോറിനാണ് കേരളം മൂന്നാം സെറ്റ് സ്വന്തമാക്കിയത്.

നാലാം സെറ്റിൽ എല്ലാം ചടങ്ങുകൾ മാത്രമായിരുന്നു. കളി നിയന്ത്രിച്ച സെറ്റർ ജിതിൻ കേരളത്തിന്റെ അറ്റാക്കർമാർക്ക് നിറഞ്ഞാടാൻ കളം ഒരുക്കി. വിപിൻ എം. ജോർജ്ജും, അജിത് ലാലുമായിരുന്നു നാലാം സെറ്റിൽ കേരളത്തിനായി മിന്നിയത്. ആരാധകരുടെ ഇരമ്പം റെയിൽവേ ടീമിനേയും തളർത്തുകയും ചെയ്തു. വിപിൻ എം ജോർജ്ജിന്റെ ഒരു ബാക്ക് ലൈൻ സ്മാഷിൽ നിന്ന് നാലാം സെറ്റും മാച്ച് പോയിന്റും പിടിച്ച് കേരളം ആറാം തവണയും ചാമ്പ്യൻപട്ടം സ്വന്തമാക്കുകയായിരുന്നു. കേരളത്തിന്റെ ജഴ്സിയിൽ അവസാന മത്സരം കളിച്ച വിപിൻ എം ജോർജ്ജിനെയും തോളിലേറ്റിയാണ് താരങ്ങൾ കിരീട നേട്ടം ആഘോഷിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ