തിരുവനന്തപുരം: കഴിഞ്ഞ തവണ സെമിയിൽ തോറ്റ് പുറത്തായെങ്കിലും കരുത്തുകാട്ടിയ കേരളം രഞ്ജിയിൽ പുതിയ കുതിപ്പിന് ഒരുങ്ങുന്നു. ഇന്ന് മുതൽ ആരംഭിക്കുന്നന്ന രഞ്ജി ട്രോഫി ടൂർണമെന്റിന്റെ പുതിയ സീസണിൽ കിരീടം നേടാമെന്ന പ്രതീക്ഷയിൽ തന്നെയാണ് കേരളം. നാലു ഗ്രൂപ്പുകളിലായി ഇന്ന് പത്ത് മത്സരങ്ങളുണ്ട്. ഗ്രൂപ്പ് എയിൽ കേരളത്തിന്റെ എതിരാളികൾ ശക്തരായ ഡൽഹിയാണ്.
രഞ്ജി ട്രോഫിയുടെ 86-ാം പതിപ്പിനാണ് ഇന്ന് തുടക്കമാകുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റാണ് രഞ്ജി ട്രോഫി. കഴിഞ്ഞ തവണ മിന്നും പ്രകടനമാണ് കേരളം പുറത്തെടുത്തത്. എന്നാൽ ആ കുതിപ്പ് സെമിയിൽ അവസാനിച്ചു.
Also Read: സഞ്ജുവിനെ ഇടിയ്ക്കാൻ കയ്യോങ്ങി ശാസ്ത്രി; വിവരമറിയുമെന്ന് ആരാധകര്‍, വീഡിയോ
എന്നാൽ ഇത്തവണ കാര്യങ്ങൾ കേരളത്തിന് അത്ര എളുപ്പമായിരിക്കില്ല. നിലവിലെ ചാംപ്യന്മാരായ വിദർഭ, ഡൽഹി, രാജസ്ഥാൻ, പഞ്ചാബ്, ആന്ധ്ര, ഹൈദരാബാദ്, ഗുജറാത്ത്, ബംഗാൾ എന്നീ ശക്തരായ ടീമുകളാണ് ഗ്രൂപ്പ് എയിൽ കേരളത്തിന്റെ എതിരാളികൾ. തുടർച്ചയായ മൂന്നാം കിരീട നേട്ടം ലക്ഷ്യമിടുന്ന വിദർഭയെ പിടിച്ചുകെട്ടുക തന്നെയായിരിക്കും പ്രധാന വെല്ലുവിളി. ഒപ്പം തിരിച്ചുവരവിന് രാജസ്ഥാനും ഡൽഹിയുമൊക്കെ ഒരുങ്ങുമ്പോൾ ഓരോ മത്സരവും വാശിയേറിയതാകും.
Also Read: ‘ഇനിയും വരില്ലേ ഇതുവഴി’; പൊള്ളാര്‍ഡിനെ ‘അടിച്ചോടിച്ച്’ ദുബെ, വീഡിയോ
നായക സ്ഥാനത്തേക്ക് സച്ചിൻ ബേബി മടങ്ങിയെത്തിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ സച്ചിന്റെ നേതൃത്വത്തിലായിരുന്നു കേരളം സെമി വരെ എത്തിയത്. പുതിയ സീസണിന്റെ തുടക്കത്തിൽ സൗരാഷ്ട്രയിൽ നിന്നും കേരളത്തിലെത്തിയ മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പയ്ക്ക് നായകനെന്ന നിലയിലും ബാറ്റ്സ്മാനെന്ന നിലയിലും തിളങ്ങാൻ സാധിക്കാതെ വന്നതോടെയാണ് നായകസ്ഥാനത്തേക്ക് സച്ചിൻ മടങ്ങിയെത്തിയത്. ഉത്തപ്പയ്ക്ക് കീഴിൽ സയ്യിദ് മുഷ്തഖ് അലി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും കേരളത്തിന് തിളങ്ങാനായിരുന്നില്ല.
Also Read: ‘സച്ചിന്…സച്ചിന്’ അല്ല, ഇത് ‘സഞ്ജു…സഞ്ജു’; ആവേശം ഈ വീഡിയോ
ഇന്ത്യൻ ടീമിനൊപ്പം ആയതിനാൽ സഞ്ജു ആദ്യ മത്സരത്തിനുള്ള കേരള ടീമിൽ ഉൾപ്പെട്ടിരുന്നില്ല. നേരത്തേ പ്രഖ്യാപിച്ച ടീമിൽ നിന്ന് രോഹൻ പ്രേമിനെ പരുക്കുമൂലം ഒഴിവാക്കി. പകരം കെ.മോനിഷ് ടീമിലെത്തിയിട്ടുണ്ട്.
Also Read: കോഹ്ലിയെ കളിയാക്കാൻ നിൽക്കേണ്ട, കളി കാര്യമാകും; വിൻഡീസിന് മുന്നറിയിപ്പുമായി അമിതാഭ് ബച്ചൻ
ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ ഡൽഹിയെ കേരളം നേടിടുമ്പോൾ ജയത്തോടെ തന്നെ സീസൺ തുടങ്ങാമെന്ന പ്രതീക്ഷയിലാണ് സച്ചിനും സംഘവും. തുമ്പ സെന്റ് സേവ്യേഴ്സ് സ്റ്റേഡിയത്തിലാണ് പോരാട്ടം. 38 ടീമുകളാണ് ഇത്തവണ രഞ്ജിയിൽ നേർക്കുനേർ വരുന്നത്. ഛണ്ഡീഗഡാണ് പുതിയ ടീം. എ, ബി, സി, പ്ലേറ്റ് ഗ്രൂപ്പ് എന്നിങ്ങനെ നാല് ഗ്രൂപ്പുകള്‍. എ,ബി ഗ്രൂപ്പുകളില്‍ നിന്നും മികച്ച പോയിന്റ് ലഭിക്കുന്ന അഞ്ച് ടീമുകള്‍ ക്വാര്‍ട്ടറിലെത്തും. 10 ടീമുകളുള്ള സി ഗ്രൂപ്പില്‍നിന്ന് രണ്ട് ടീമും പ്ലേറ്റ് ഗ്രൂപ്പില്‍നിന്ന് ഒരു ടീം ക്വാര്‍ട്ടറിലെത്തും.