കൃഷ്ണഗിരി: നാളെ തങ്ങളുടെ ആദ്യ രഞ്ജി ട്രോഫി സെമി ഫൈനലിന് ഇറങ്ങുമ്പോള്‍ കേരളത്തിന് മുന്നിലെ പ്രധാന വെല്ലുവിളി ഇതിഹാസ താരം വസീം ജാഫറടക്കമുള്ള വിദര്‍ഭയുടെ താരനിരയായിരിക്കില്ല. അവരുടെ ഡഗ്ഗ് ഔട്ടിലിരിക്കുന്ന ഒരു മനുഷ്യനായിരിക്കും. പേര്, ചന്ദ്രകാന്ത് പണ്ഡിറ്റ്. കേരള ടീമിനേയും താരങ്ങളേയും വാട്ട്‌മോറോളമോ ഒരു പക്ഷെ അതിനേക്കാളുമോ അടുത്തറിയുന്ന വ്യക്തിയാണ് ചന്ദ്രകാന്ത്.

വാട്ട്‌മോര്‍ എത്തും മുമ്പു വരെ കേരളത്തിന്റെ പരിശീലകനായിരുന്നു ചന്ദ്രകാന്ത്. ഇന്ന് കേരളാ ടീമിലെ പലരേയും കണ്ടെത്തുകയും വളര്‍ത്തികൊണ്ടു വരികയും ചെയ്തത് ചന്ദ്രകാന്തായിരുന്നു. സമീപ കാലത്ത് കേരളം ക്രിക്കറ്റില്‍ നേടിയ മുന്നേറ്റത്തിന്റെ അടിത്തറ പാകിയത് ഈ മനുഷ്യനായിരുന്നു. 2014 മുതല്‍ കേരളത്തോടൊപ്പമുണ്ടായിരുന്ന ചന്ദ്രകാന്തിനോട് ഇന്നും തങ്ങള്‍ ഒരുപാട് കടപ്പെട്ടിരിക്കുന്നു എന്നത് സച്ചിന്‍ ബേബിയുടെ വാക്കുകളില്‍ നിന്നു തന്നെ വ്യക്തമാണ്.

കേരളത്തിന്റെ കുതിപ്പില്‍ ചന്ദ്രകാന്തിന് നിര്‍ണായ പങ്കുണ്ടെന്ന് നായകന്‍ സച്ചിന്‍ ബേബി തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. ഭാവി താരങ്ങളെ കണ്ടെത്തുകയും വളര്‍ത്തുകയും ലക്ഷ്യമിട്ടു കൊണ്ട് 2014 ല്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഡയറക്ടറായാണ് ചന്ദ്രകാന്ത് കേരളത്തിലെത്തുന്നത്. ആ പദവിയിലിരിക്കെ അദ്ദേഹം കണ്ടെത്തിയവരാണ് ഇന്നത്തെ പല താരങ്ങളും. പിന്നാലെ ചന്ദ്രകാന്ത് കേരളത്തിന്റെ പരിശീലകനായി. കണക്കില്‍ ഒരുപക്ഷെ വാട്ട്‌മോറോളം നേട്ടം ചന്ദ്രകാന്തിനുണ്ടാകില്ല. പക്ഷെ, ചന്ദ്രകാന്തായിരുന്നു തുടക്കം. അവിടുന്ന് മുന്നോട്ട് കൊണ്ടു പോവുകയാണ് വാട്ട്‌മോര്‍ ചെയ്തത്.

തീര്‍ന്നില്ല, കേരളത്തില്‍ നിന്നും ചന്ദ്രകാന്ത് നേരെ പോയത് മുംബൈയിലേക്ക്. ആ വര്‍ഷം മുംബൈ ചാമ്പ്യന്മാരായി. പിന്നാലെ വിദര്‍ഭയിലെത്തി. അതുവരെ ഒന്നുമല്ലാതിരുന്ന വിദര്‍ഭയെ ചാമ്പ്യന്മാരാക്കി. 19 വര്‍ഷം മുംബൈയ്ക്ക് വേണ്ടി കളിച്ച, ഫസ്റ്റ് ക്ലാസിലെ ഇതിഹാസമായ വസീം ജാഫറെ വിദര്‍ഭയിലെത്തിച്ചത് ചന്ദ്രകാന്താണ്. കഴിഞ്ഞ വര്‍ഷവും കേരളവും വിദര്‍ഭയും നേര്‍ക്കു നേര്‍ വന്നതാണ്. ക്വാര്‍ട്ടറില്‍. ജയം വിദര്‍ഭയ്ക്കാണ്. അതുകൊണ്ട് തന്നെ ആശാനെ പരാജയപ്പെടുത്തുക എന്ന വെല്ലുവിളിയാണ് സച്ചിനും കൂട്ടര്‍ക്കും മുന്നിലുള്ളത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ