തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രക്കറ്റിൽ കേരളത്തിനെതിരെ കൂറ്റൻ വിജയലക്ഷ്യം കുറിച്ച് തമിഴ്നാട്. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ കേരളം രണ്ടാം ഇന്നിങ്സിൽ ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി 27 റൺസെടുത്തിട്ടുണ്ട്. കേരളത്തിന് ജയിക്കാൻ ഇനിയും 342 റൺസ് കൂടി വേണം. 12 റൺസ് നേടിയ ജലജ് സക്സേനയുടെ വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്.

151 റൺസിന് ഒമ്പത് വിക്കറ്റ് എന്ന നിലയിൽ മൂന്നാം ദിനം കളി പുനരാരംഭിച്ച കേരളത്തിന് ഒരു റൺസ് കൂടി കൂട്ടി ചേർക്കാനെ സാധിച്ചുള്ളൂ. അർദ്ധ സെഞ്ചുറി നേടിയ രാഹുലിന്റെ ചെറുത്തു നിൽപ്പ് മാത്രമാണ് കേരളത്തിന് അൽപമെങ്കിലും തുണയായത്.

രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച തമിഴ്നാടിന് മികച്ച തുടക്കമാണ് ഓപ്പണർമാർ നൽകിയത്. ടീം സ്കോർ 55ൽ നിൽക്കെ 33 റൺസ് നേടിയ അഭിനവ് മുകുന്ദിനെ നഷ്ടമായെങ്കിലും കൗഷിക് ക്രീസിൽ തുടർന്നു, അർദ്ധ സെഞ്ചുറി തികയ്ക്കുകയും ചെയ്തു. ഇതിനിടയിൽ അപാരജിത്തിന്റെയും ദിനേശ് കാർത്തിക്കിന്റെയും വിക്കറ്റ് തമിഴ്നാടിന് നഷ്ടമായി. പിന്നാലെ കൗഷിക്കും മടങ്ങിയതോടെ നായകൻ ഇന്ദ്രജിത്ത് കളിയുടെ നിയന്ത്രണം ഏറ്റെടുത്തു.

ആദ്യ ഇന്നിങ്സിലെ പ്രകടനം രണ്ടാം ഇന്നിങ്സിലും ആവർത്തിച്ചതോടെ ഇന്ദ്രജിത്തിന്റെ അക്കൗണ്ടിൽ 148 പന്തിൽ നിന്നും 92 റൺസ്. 34 റൺസുമായി ഷാരൂഖ് ഖാനും മികച്ച പിന്തുണ നൽകി. ടീം സ്കോർ 252ൽ നിൽക്കെ തമിഴ്നാട് ഡിക്ലയർ ചെയ്യുകയായിരുന്നു. കേരളത്തിന് വേണ്ടി സിജോമോൻ നാല് വിക്കറ്റ് വീഴ്ത്തി. സന്ദീപ് വാര്യർ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ജലജ് സക്സേനക്കാണ് ഒരു വിക്കറ്റ്.

നേരത്തെ ആദ്യ ഇന്നിങ്സിൽ തമിഴ്നാട് 268 റൺസിന് പുറത്താകുകയായിരുന്നു. തീപാറുന്ന പന്തുകളുമായി തമിഴ്നാട് താരങ്ങളെ അതിവേഗം കൂടാരം കയറ്റിയ മലയാളി പേസർമാരാണ് തമിഴ്നാടിനെ ചുരുട്ടിക്കെട്ടിയത്. ഒന്നാം ഇന്നിങ്സിൽ സന്ദീപ് വാര്യർ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോൾ, നാല് വിക്കറ്റാണ് ബേസിൽ തമ്പിയുടെ സമ്പാദ്യം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook