തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ വിജയപ്രതീക്ഷ കൈവിടാതെ കേരളം. അർദ്ധ സെഞ്ചുറി തികച്ച സഞ്ജുവിന്റെ ബാറ്റിങ് മികവിലാണ് കേരളം വിജത്തിലേക്ക് കുതിക്കുന്നത്. ഒരു വിക്കറ്റ് നഷ്ടത്തിൽ 27 റൺസ് എന്ന നിലയിൽ നാലാം ദിനം കളി പുനരാരംഭിച്ച കേരളത്തിന് 160 റൺസിൽ എത്തിയപ്പോൾ അഞ്ച് വിക്കറ്റ് കൂടി നഷ്ടപ്പെടുകയായിരുന്നു.

സഞ്ജു പുറത്താകാതെ 122 പന്തിൽ നിന്നും 63 റൺസുമായി ക്രീസിലുണ്ട്. കഴിഞ്ഞ മത്സരത്തിൽ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ തിളങ്ങിയ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ വിഷ്ണു വിനോദും ക്രീസിലുള്ളത് കേരളത്തിന് പ്രതീക്ഷ നൽകുന്നു.

അർദ്ധ സെഞ്ചുറി നേടിയ സിജോമോൻ നാലാം ദിനം കേരളത്തിന് മികച്ച തുടക്കം നൽകി. സിജോ 132 പന്തിൽ നിന്നും 55 റൺസ് നേടി പുറത്താകുകയായിരുന്നു. ഒരു ഘട്ടത്തിൽ 157 റൺസിന് മൂന്ന് വിക്കറ്റെന്ന സുരക്ഷിതമായ നിലയിൽ നിന്നും കേരളം വിക്കറ്റുകൾ വലിച്ചെറിഞ്ഞു. നാല് റൺസെടുക്കുന്നതിനിടയിൽ മൂന്ന് താരങ്ങൾ പുറത്ത്. നായകൻ സച്ചിൻ ബേബി ഉൾപ്പടെ മൂന്ന് പേരും അക്കൗണ്ട് തുറക്കാതെയാണ് മടങ്ങിയത്.

രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച തമിഴ്നാടിന് മികച്ച തുടക്കമാണ് ഓപ്പണർമാർ നൽകിയത്. ടീം സ്കോർ 55ൽ നിൽക്കെ 33 റൺസ് നേടിയ അഭിനവ് മുകുന്ദിനെ നഷ്ടമായെങ്കിലും കൗഷിക് ക്രീസിൽ തുടർന്നു, അർദ്ധ സെഞ്ചുറി തികയ്ക്കുകയും ചെയ്തു. ഇതിനിടയിൽ അപാരജിത്തിന്റെയും ദിനേശ് കാർത്തിക്കിന്റെയും വിക്കറ്റ് തമിഴ്നാടിന് നഷ്ടമായി. പിന്നാലെ കൗഷിക്കും മടങ്ങിയതോടെ നായകൻ ഇന്ദ്രജിത്ത് കളിയുടെ നിയന്ത്രണം ഏറ്റെടുത്തു.

ആദ്യ ഇന്നിങ്സിലെ പ്രകടനം രണ്ടാം ഇന്നിങ്സിലും ആവർത്തിച്ചതോടെ ഇന്ദ്രജിത്തിന്റെ അക്കൗണ്ടിൽ 148 പന്തിൽ നിന്നും 92 റൺസ്. 34 റൺസുമായി ഷാരൂഖ് ഖാനും മികച്ച പിന്തുണ നൽകി. ടീം സ്കോർ 252ൽ നിൽക്കെ തമിഴ്നാട് ഡിക്ലയർ ചെയ്യുകയായിരുന്നു. കേരളത്തിന് വേണ്ടി സിജോമോൻ നാല് വിക്കറ്റ് വീഴ്ത്തി. സന്ദീപ് വാര്യർ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ജലജ് സക്സേനക്കാണ് ഒരു വിക്കറ്റ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook