തിരുവന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ തമിഴ്നാടിനെ എറിഞ്ഞു വീഴ്ത്തി കേരള പേസർമാർ. ഒന്നാം ഇന്നിങ്സിൽ തമിഴ്നാട് 268 റൺസിന് പുറത്തായി. തീപാറുന്ന പന്തുകളുമായി തമിഴ്നാട് താരങ്ങളെ അതിവേഗം കൂടാരം കയറ്റിയ മലയാളി പേസർമാരാണ് തമിഴ്നാടിനെ ചുരുട്ടിക്കെട്ടിയത്. സന്ദീപ് വാര്യർ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോൾ, നാല് വിക്കറ്റാണ് ബേസിൽ തമ്പിയുടെ സമ്പാദ്യം.

രണ്ടാം ദിനം ആറ് വിക്കറ്റ് നഷ്ടത്തിൽ 249 റൺസെന്ന നിലയിൽ മത്സരം പുനരാരംഭിച്ച തമിഴ്നാടിന് 19 റൺസ് കൂട്ടിച്ചേർക്കുന്നതിനിടയിൽ നാല് വിക്കറ്റുകൾ നഷ്ടപ്പെടുകയായിരുന്നു. അർദ്ധ സെഞ്ചുറി തികച്ച നായകൻ ബാബ ഇന്ദ്രജിത്തിന്റെയും ഷാരൂഖ് ഖാന്റെയും ബാറ്റിങ് മികവിലാണ് തമിഴ്നാട് ഭേദപ്പെട്ട സ്കോറിലെത്തിയത്.

ആദ്യ ഇന്നിങ്സിൽ 31 റൺസിന് നാല് വിക്കറ്റെന്ന ബാറ്റിങ് തകർച്ചയിൽ നിന്നുമാണ് തമിഴ്നാട് മത്സരത്തിലേക്ക് തിരിച്ചു വന്നത്. എന്നാൽ രണ്ടാം ദിനം വീണ്ടും കേരളം മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. തമിഴ്നാടിനായി നായകൻ ബാബ ഇന്ദ്രജിത്ത് 188 പന്തിൽ 87 റൺസ് നേടി പുറത്തായപ്പോൾ, ഷാരൂഖ് ഖാൻ 92 റൺസുമായി പുറത്താകാതെ നിന്നു.

മറുപടി ബാറ്റിങ്ങിൽ കേരളത്തിനും അത്ര മികച്ച തുടക്കമല്ല ലഭിച്ചത്. പതിനൊന്ന് റൺസിൽ സൂപ്പർ താരം ജലജ് സക്സേനയെ കേരളത്തിന് നഷ്ടമായി. 22 റൺസെടുത്ത് ക്രീസിൽ നിലയുറപ്പിക്കുന്നതിനിടയിൽ അരുൺ കാർത്തിക്കും പുറത്ത്. ഒടുവിൽ വിവരം കിട്ടുമ്പോൾ കേരളം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 58 റൺസെടുത്തിട്ടുണ്ട്. 30 റൺസ് നേടിയ രാഹുലും, ഒരു റൺസുമായി സഞ്ജുവുമാണ് ക്രീസിൽ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ