രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ തമിഴ്നാടിന് ഭേദപ്പെട്ട സ്കോർ. ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ തമിഴ്നാട് ആറ് വിക്കറ്റ് നഷ്ടത്തിൽ 249 റൺസെടുത്തിട്ടുണ്ട്. അർദ്ധ സെഞ്ചുറി തികച്ച നായകൻ ബാബ ഇന്ദ്രജിത്തിന്റെയും ഷാരൂഖ് ഖാന്റെയും ബാറ്റിങ് മികവിലാണ് തമിഴ്നാട് ഭേദപ്പെട്ട സ്കോറിലെത്തിയത്.

ആദ്യ ഇന്നിങ്സിൽ 31 റൺസിന് നാല് വിക്കറ്റെന്ന ബാറ്റിങ് തകർച്ചയിൽ നിന്നുമാണ് തമിഴ്നാട് മത്സരത്തിലേക്ക് തിരിച്ചു വന്നത്. നായകൻ ബാബ ഇന്ദ്രജിത്ത് 188 പന്തിൽ 87 റൺസ് നേടി പുറത്തായപ്പോൾ, ഷാരൂഖ് ഖാൻ 82 റൺസുമായി പുറത്താകാതെ നിന്നു.

ആദ്യ ഓവറിന്റെ രണ്ടാം പന്തിൽ തന്നെ ഓപ്പണർ അഭിനവ് മുകുന്ദിനെ നഷ്ടപ്പെട്ട തമിഴ്നാടിന് പിന്നാലെ ബാബ അപരജിത്തിനെയും കൗഷിക് ഗാന്ധിയെയും നഷ്ടമായി. സീനിയർ താരം ദിനേശ് കാർത്തിക്കും അതിവേഗം മടങ്ങിയതോടെ തമിഴ്നാട് പരുങ്ങലിലായി.

എന്നാൽ ബാബ ഇന്ദ്രജിത്തും ഷാരൂഖ് ഖാനും ചേർന്ന് തമിഴ്നാടിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. കേരളത്തിനായി സന്ദീപ് വാര്യർ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ബേസിൽ തമ്പി രണ്ട് വിക്കറ്റും ജലജ് സക്സേന ഒരു വിക്കറ്റും വീഴ്ത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook