തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രക്കറ്റിൽ കേരളത്തിന് ബാറ്റിങ് തകർച്ച. ഒന്നാം ഇന്നിങ്സിൽ തമിഴ്നാട് ഉയർത്തിയ 268 റൺസ് പിന്തുടർന്ന കേരളത്തിന് 151 റൺസ് എടുക്കുന്നതിനിടയിൽ ഒമ്പത് ബാറ്റ്സ്മാന്മാരെയും നഷ്ടമായി. അർദ്ധസെഞ്ചുറി നേടിയ രാഹുലിന്റെ ചെറുത്തു നിൽപ്പാണ് കേരളത്തിനെ നാണക്കേടിൽ നിന്നും കരകയറ്റിയത്.

രാഹുൽ 116 പന്തിൽ നിന്നും 59 റൺസ് നേടി പുറത്തായി. ആറ് കേരള താരങ്ങളാണ് രണ്ടക്കം കാണാതെ പുറത്തായത്. ടീം സ്കോർ പതിനൊന്നിൽ നിൽക്കെ സൂപ്പർ താരം ജലജ് സക്സേനയെ കേരളത്തിന് നഷ്ടമായി. പിന്നീട് കൃത്യമായ ഇടവേളകളിൽ കേരള താരങ്ങളെ വീഴ്ത്താൻ തമിഴ്നാടിനായി. തമിഴ്നാടിനായി നടരാജനും രാഹിൽ ഷായും മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.

ഒരു വിക്കറ്റ് മാത്രം കൈയ്യിൽ ബാക്കി നിൽക്കെ കേരളത്തിന് ലീഡ് ഒഴിവാക്കാൻ 117 റൺസ്കൂടി വേണം. നേരത്തെ ആദ്യ ഇന്നിങ്സിൽ തമിഴ്നാട് 268 റൺസിന് പുറത്താകുകയായിരുന്നു. തീപാറുന്ന പന്തുകളുമായി തമിഴ്നാട് താരങ്ങളെ അതിവേഗം കൂടാരം കയറ്റിയ മലയാളി പേസർമാരാണ് തമിഴ്നാടിനെ ചുരുട്ടിക്കെട്ടിയത്. സന്ദീപ് വാര്യർ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോൾ, നാല് വിക്കറ്റാണ് ബേസിൽ തമ്പിയുടെ സമ്പാദ്യം.

രണ്ടാം ദിനം ആറ് വിക്കറ്റ് നഷ്ടത്തിൽ 249 റൺസെന്ന നിലയിൽ മത്സരം പുനരാരംഭിച്ച തമിഴ്നാടിന് 19 റൺസ് കൂട്ടിച്ചേർക്കുന്നതിനിടയിൽ നാല് വിക്കറ്റുകൾ നഷ്ടപ്പെടുകയായിരുന്നു. അർദ്ധ സെഞ്ചുറി തികച്ച നായകൻ ബാബ ഇന്ദ്രജിത്തിന്റെയും ഷാരൂഖ് ഖാന്റെയും ബാറ്റിങ് മികവിലാണ് തമിഴ്നാട് ഭേദപ്പെട്ട സ്കോറിലെത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook