/indian-express-malayalam/media/media_files/2025/11/08/kerala-vs-saurashtra-ranji-trophy-2025-11-08-18-49-01.jpg)
Source: Kerala Cricket Association
രഞ്ജി ട്രോഫിയിലെ നാലാമത്തെ മത്സരത്തിൽ സൗരാഷ്ട്രയ്ക്കെതിരെ കേരളം ശക്തമായ നിലയിൽ. ഒന്നാം ഇന്നിങ്സിൽ സൗരാഷ്ട്രയെ കേരളം 160 റൺസിന് ചുരുട്ടിക്കെട്ടി. ആറ് വിക്കറ്റ് പിഴുത് എം ഡി നിധീഷ് ആണ് സൗരാഷ്ട്രയെ തകർത്തിട്ടത്. സൗരാഷ്ട്രയെ പുറത്താക്കിയതിന് പിന്നാലെ ഒന്നാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ കേരളം ആദ്യ ദിവസം കളി നിർത്തുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 82 റൺസ് എന്ന നിലയിലാണ്.
ടോസ് നേടിയ കേരളം സൗരാഷ്ട്രയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. കേരള ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീന്റെ ബോളിങ് തിരഞ്ഞെടുത്ത തീരുമാനം ശരിയെന്ന് തെളിയിച്ച് ബോളർമാർ ഉജ്ജ്വലമായ തുടക്കമാണ് നല്കിയത്. സ്കോർ ബോർഡ് തുറക്കും മുൻപ് തന്നെ സൗരാഷ്ട്രയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ആദ്യ ഓവറിലെ അഞ്ചാം പന്തിൽ ഹാർവിക് ദേശായിയെ പുറത്താക്കി നിധീഷ് തൻ്റെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു.
Also Read: ട്വന്റി20 പരമ്പര തൂക്കി ഇന്ത്യ; സമനില പിടിക്കാനെത്തിയ ഓസീസിന് തടയിട്ട് മഴ
ഏഴാം ഓവറിൽ തുടരെയുള്ള പന്തുകളിൽ ചിരാഗ് ജാനിയെയും അർപ്പിത് വസവദയെയും പുറത്താക്കി വീണ്ടും നിധീഷിന്റെ പ്രഹരം. ചിരാഗ് അഞ്ച് റൺസെടുത്തപ്പോൾ റണ്ണൊന്നുമെടുക്കാതെയാണ് അർപ്പിത് മടങ്ങിയത്. ഇതോടെ മൂന്ന് വിക്കറ്റിന് ഏഴ് റൺസെന്ന നിലയിലായ സൗരാഷ്ട്ര. എന്നാൽ ജയ് ഗോഹിലും പ്രേരക് മങ്കാദും ചേർന്ന നാലാം വിക്കറ്റ് കൂട്ടുകെട്ട് സൗരാഷ്ട്രയെ വലിയ നാണക്കേടിൽ നിന്ന് കരകയറ്റി. 69 റൺസാണ് ഇവർ കൂട്ടിച്ചേർത്തത്.
ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് തൊട്ടു മുൻപ് പ്രേരക് മങ്കാദിനെ പുറത്താക്കി നിധീഷ് വീണ്ടും കേരളത്തിന് ബ്രേക്ക് നൽകി. അടുത്ത ഓവറിൽ ഒരു റണ്ണെടുത്ത അൻഷ് ഗോസായിയെ അസറുദ്ദീൻ്റെ കൈകളിലെത്തിച്ച് നിധീഷ് അഞ്ച് വിക്കറ്റ് നേട്ടം പൂർത്തിയാക്കി. മറുവശത്ത് ഉറച്ച് നിന്ന ജയ് ഗോഹിൽ തുടർന്നെത്തിയ ഗജ്ജർ സമ്മാറുമായി ചേർന്ന് ഇന്നിങ്സ് മുന്നോട്ടു നീക്കി.ഇരുവരും ചേർന്ന് 41 റൺസ് കൂട്ടിച്ചേർത്തു.
Also Read: Sanju Samson; തുടരെ മൂന്നാം ട്വന്റി20യിലും സഞ്ജുവിനെ തഴഞ്ഞു; ഗംഭീറിന്റെ ചതി എന്ന് ആരാധകർ
എന്നാൽ 84 റൺസെടുത്ത ജയ് ഗോഹിലിനെ ഏദൻ ആപ്പിൾ ടോം പുറത്താക്കിയതോടെ സൗരാഷ്ട്രയുടെ ഇന്നിങ്സ് വീണ്ടും തകർച്ചയിലേക്ക് നീങ്ങി. 23 റൺസെടുത്ത ഗജ്ജറിനെയും 11 റൺസെടുത്ത ധർമ്മേന്ദ്ര സിങ് ജഡേജയെയും ഒരു റണ്ണെടുത്ത ഹിതൻ കാംബിയെയും പുറത്താക്കി ബാബ അപരാജിത് സൗരാഷ്ട്രയുടെ ചെറുത്തുനിൽപ്പ് അവസാനിപ്പിച്ചു. ക്യാപ്റ്റൻ ജയ്ദേവ് ഉനദ്കട്ടിനെ നിധീഷും പുറത്താക്കി. ബാബ അപരാജിത് മൂന്നും ഏദൻ ആപ്പിൾ ടോം ഒരു വിക്കറ്റും വീഴ്ത്തി.
Also Read: സഞ്ജുവിനെ കുറിച്ച് എന്തു തീരുമാനിച്ചു എന്നതാണ് ഏറ്റവും വലിയ ചോദ്യം: ആകാശ് ചോപ്ര
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിനായി രോഹൻ കുന്നുമ്മലും എ കെ ആകർഷും ചേർന്നാണ് ഇന്നിങ്സ് ഓപ്പൺ ചെയ്തത്. 61 റൺസ് ഇരുവരും ചേർന്നുള്ള ഓപ്പണിങ് കൂട്ടുകെട്ടിൽ വന്നു. രോഹൻ കുന്നുമ്മൽ ഏകദിന ശൈലിയിൽ ബാറ്റ് വീശിയതോടെ അതിവേഗത്തിലാണ് കേരളത്തിൻ്റെ സ്കോർ മുന്നോട്ടു നീങ്ങിയത്. ആദ്യ ദിവസത്തെ കളി അവസാന നിമിഷങ്ങളിലേക്ക് കടക്കവെയാണ് ആകർഷിൻ്റെയും സച്ചിൻ ബേബിയുടെ വിക്കറ്റുകൾ കേരളത്തിന് നഷ്ടമായത്. ആകർഷ് 18ഉം സച്ചിൻ ബേബി ഒരു റണ്ണും നേടിയാണ് പുറത്തായത്. ഹിതെൻ കാംബിയാണ് ഈ രണ്ട് വിക്കറ്റും വീഴ്ത്തിയത്. കളി നിർത്തുമ്പോൾ രോഹൻ 59 റൺസും അഹ്മദ് ഇമ്രാൻ രണ്ട് റൺസുമായി ക്രീസിലുണ്ട്.
Read More: സ്പിൻ കരുത്തിൽ ഇന്ത്യ; ഓസ്ട്രേലിയക്കെതിരെ 48 റൺസിന്റെ തകർപ്പൻ ജയം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us