തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ജാർഖണ്ഡിനെതിരെ കേരളത്തിന് മിന്നും ജയം. ഒൻപതു വിക്കറ്റിനാണ് കേരളം ജാർഖണ്ഡിനെ തോൽപിച്ചത്.

രണ്ടാം ഇന്നിങ്സിൽ ജാർഖണ്ഡ് കേവലം 89 റൺസിന് കൂടാരം കയറിയതോടെയാണ് കേരളത്തിന് വൻ ജയത്തിന് വഴിയൊരുങ്ങിയത്. ആദ്യ ഇന്നിങ്സിൽ 57 റൺസിന്റെ ലീഡ് ഉണ്ടായിരുന്ന കേരളത്തിന് ജയിക്കാൻ വേണ്ടിയിരുന്നത് കേവലം 33 റൺസായിരുന്നു. ഒരു വിക്കറ്റ് നഷ്ടത്തിൽ ഈ വിജയലക്ഷ്യം കേരളം മറികടന്നു. രണ്ടാം ഇന്നിങ്സിൽ കേരളത്തിനായി അരുൺ കാർത്തിക് 27 റൺസ് നേടി പുറത്താകാതെ നിന്നു.

അഞ്ച് വിക്കറ്റ് നേട്ടം കരസ്ഥമാക്കിയ ജലജ് സക്സേനയാണ് ജാർഖണ്ഡിന്റെ നടുവൊടിച്ചത്. കാരാപ്പറന്പിൽ മോനിഷ് നാല് വിക്കറ്റും നേടി.

നേരത്തെ ഒന്നാമിന്നിങ്സിൽ മുഹമ്മദ് അസറുദ്ദീനും ജലജ് സക്സേനയും അര്‍ധസെഞ്ചുറി നേടിയിരുന്നു. അസറുദ്ദീന്‍ 66 പന്തില്‍ നിന്ന് 51 റണ്‍സെടുത്തപ്പോൾ ജലജ് 54 റൺസെടുത്തു. ബാറ്റിങിലും ബോളിങിലും തിളങ്ങിയ ജലജ് തന്നെയാണ് കളിയിലെ താരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ