ബെംഗളൂരു: വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് ജയം. ഹൈദരാബാദിനെ 62 റൺസിനാണ് കേരളം പാരജയപ്പെടുത്തിയത്. കേരളം ഉയർത്തിയ 228 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദ് 165 റൺസിന് പുറത്താവുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ കെ.എം.ആസിഫിന്റെ പ്രകടനമാണ് കേരളത്തിന്റെ വിജയത്തിൽ നിർണായകമായത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. നേരിട്ട ആദ്യ പന്തിൽ തന്നെ വിനൂപ് പുറത്തായി. വിഷ്ണു വിനോദ് 29 റൺസുമായി പുറത്തായപ്പോൾ മൂന്നാം നമ്പരിലിറങ്ങിയ നായകൻ റോബിൻ ഉത്തപ്പയുടെ സമ്പാദ്യം 33 റൺസായിരുന്നു. 36 റൺസ് നേടിയ സഞ്ജുവാണ് കേരളത്തിന്റെ ടോപ്പ് സ്കോറർ. കഴിഞ്ഞ മത്സരത്തിൽ തകർന്ന മധ്യ നിര പ്രതിരോധിക്കാൻ ആരംഭിച്ചതോടെ കേരളത്തിന്റെ സ്കോർ ഉയർന്നു. സച്ചിൻ ബേബി 32ഉം, രാഹുൽ 35ഉം, അക്ഷയ് 28ഉം റൺസ് നേടി.
മറുപടി ബാറ്റിങ്ങിൽ അതേ നാണയത്തിൽ തിരിച്ചടിച്ച കേരളം തുടക്കത്തിൽ തന്നെ ഹൈദരാബാദ് ഓപ്പണർ അക്ഷത് റെഡ്ഡിയെ പുറത്താക്കി. തന്മയ് അഗർവാളിന് മാത്രമാണ് ക്രീസിൽ നിലയുറപ്പിക്കാൻ സാധിച്ചത്. നാല് ഹൈദരാബാദ് താരങ്ങളെ കേരള ബോളർമാർ അക്കൗണ്ട് തുറക്കാതെ പുറത്താക്കി. മധ്യനിര പൊരുതി നോക്കിയെങ്കിലും ജയം മാത്രം അകന്നു നിന്നു. തന്മയ് 103 പന്തിൽ 69 റൺസ് നേടി.
കേരളത്തിന് വേണ്ടി കെ.എം.ആസിഫ് പത്ത് ഓവറിൽ 34 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. രണ്ട് മെയ്ഡിനോവറും എറിഞ്ഞ് ഹൈദരാബാദിന്റെ കുതിപ്പിന് തടയിട്ടതും ആസിഫ് തന്നെയായിരുന്നു. സന്ദീപ് വാര്യർ, ബേസിൽ തമ്പി, അക്ഷയ് ചന്ദ്രൻ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.