മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന്റെ അപരാജിത കുതിപ്പ് തുടരുന്നു. തുടർച്ചയായ മൂന്നാം മത്സരത്തിലും കേരളം വിജയം കണ്ടെത്തി. ഇത്തവണ ഡൽഹിയെ ആറു വിക്കറ്റിനാണ് കേരളം പരാജയപ്പെടുത്തിയത്. ഡൽഹി ഉയർത്തിയ 213 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം ഒരു ഓവർ ബാക്കി നിൽക്കെ കേരളം മറികടന്നു. വെടിക്കെട്ട് ബാറ്റിങ്ങുമായി കളം നിറഞ്ഞ റോബിൻ ഉത്തപ്പയും വിഷ്ണു വിനോദുമാണ് കേരളത്തിന് വിജയമൊരുക്കിയത്. ടൂർണമെന്റിൽ ഒരു ടീം പിന്തുടർന്ന് ജയിക്കുന്ന ഏറ്റവും ഉയർന്ന വിജയലക്ഷ്യം കൂടിയാണിന്ന് കേരളം മറികടന്നത്.

Also Read: ഇതാണ് അരങ്ങേറ്റം; ഓസ്ട്രേലിയയിൽ ചരിത്രമെഴുതി നടരാജൻ

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്ക് മികച്ച തുടക്കമാണ് ഓപ്പണർ ശിഖർ ധവാൻ നൽകിയത്. 11 റൺസുമായി ഹിറ്റൻ ദലാൽ മടങ്ങിയപ്പോഴും ക്രീസിൽ നിലയുറപ്പിച്ച നായകൻ ധവാൻ അർധസെഞ്ചുറി തികച്ചു. 26 റൺസെടുത്ത ഹിമ്മത് സിങ്ങും 16 റൺസുമായി നിതീഷ് റാണയും നായകന് ഭേദപ്പെട്ട പിന്തുണ നൽകി. എന്നാൽ ടീം സ്കോർ 150 കടത്തിയ ശേഷമാണ് ധവാൻ പുറത്തായത്. 48 പന്തിൽ 77 റൺസുമായി കുതിക്കുകയായിരുന്ന ധവാനെ ശ്രീശാന്താണ് കൂടാരം കയറ്റിയത്.

ഇതോടെ ബാറ്റിങ് ഉത്തരവാദിത്തം ഏറ്റെടുത്ത ലളിത് യാദവും അനൂജ് റാവത്തും ഡൽഹി ടീം സ്കോർ 200 കടത്തി. ലളിത് 25 പന്തിൽ 52 റൺസും അനൂജ് 10 പന്തിൽ 27 റൺസും നേടി. കേരളത്തിന് വേണ്ടി ശ്രീശാന്ത് രണ്ട് വിക്കറ്റ് വീഴ്ത്തി. കെ.എം.ആസിഫും മിധുൻ എസും ഓരോ വിക്കറ്റും സ്വന്തമാക്കി.

Also Read: ലബുഷെയ്ന്റെ സെഞ്ചുറി കരുത്തിൽ കങ്കാരുക്കാൾ; ഒന്നാം ഇന്നിങ്സിൽ കൂറ്റൻ സ്കോറിലേക്ക്

മറുപടി ബാറ്റിങ്ങിൽ കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറിയുമായി തിളങ്ങിയ മുഹമ്മദ് അസറുദീനെ ഇന്നിങ്സിലെ മൂന്നാം പന്തിൽ തന്നെ പുറത്താക്കി ഇഷാന്ത് ശർമ കേരളത്തെ ഞെട്ടിച്ചു. 16 റൺസെടുത്ത നായകൻ സഞ്ജു സാംസണും മടങ്ങിയതോടെ കേരളം ഒന്നു പതുങ്ങി. എന്നാൽ സച്ചിൻ ബേബിക്കൊപ്പം ചേർന്ന് റോബിൻ ഉത്തപ്പ കേരളത്തെ മുന്നോട്ട് നയിച്ചു.

Also Read: ഞെട്ടിച്ച് അസ്ഹറുദ്ദീൻ; ഐപിഎൽ ലേലത്തിലേക്ക്, കെസിഎയുടെ 1.37 ലക്ഷം രൂപ പാരിതോഷികം

ടീം സ്കോർ 71ൽ എത്തിയപ്പോൾ 22 റൺസുമായി സച്ചിനും മടങ്ങി. എന്നാൽ ഉത്തപ്പയ്ക്ക് കൂട്ടായി വിഷ്ണു എത്തിയതോടെ കേരളം താളം കണ്ടെത്തി. ഇഷാന്തും പവൻ നേഗിയുമെല്ലാം അടങ്ങുന്ന ഡൽഹി ബോളിങ് നിര കേരള താരങ്ങളുടെ ബാറ്റിന്റെ ചൂട് നന്നായി അറിഞ്ഞു. 18-ാം ഓവറിന്റെ അഞ്ചാം പന്തിൽ 91 റൺസെടുത്ത ഉത്തപ്പ പുറത്താകുമ്പോൾ കേരളം 204 റൺസിലെത്തിയിരുന്നു. വിജയമുറപ്പിച്ച ശേഷമാണ് താരം കൂടാരം കയറിയത്. എട്ട് സിക്സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു ഉത്തപ്പയുടെ ഇന്നിങ്സ്.

Also Read: ജാഡ കാണിക്കുന്നത് കണ്ടില്ലേ? ഒന്നു കൊടുക്കട്ടെ; സഞ്ജുവിന്റെ മാസ് ഡയലോഗ്, പിന്നാലെ സിക്സ് – വീഡിയോ

38 പന്തിൽ അഞ്ച് സിക്സും മൂന്ന് ഫോറും അടക്കം 71 റൺസെടുത്ത വിഷ്ണു വിനോദ് പുറത്താകാതെ നിന്നു. 19-ാം ഓവറിൽ സൽമാൻ നിസാറും തകർത്തടിച്ചതോടെ കേരളം അനായാസം വിജയതീരം താണ്ടി. നേരത്തെ പുതുച്ചേരിയെയും കരുത്തരായ മുംബൈയെയും കേരളം പരാജയപ്പെടുത്തിയിരുന്നു. മൂന്ന് ജയത്തോടെ എലൈറ്റ് ഗ്രൂപ്പ് ഇയിൽ കേരളം ഒന്നാം സ്ഥാനത്താണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook