തിരുവനന്തപുരം: ഡൽഹിക്കെതിരായ നിർണായക രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തിന് ബാറ്റിങ് തകർച്ച. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളത്തിന് അത്ര മികച്ച തുടക്കമല്ല ലഭിച്ചത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ കേരളം ആറ് വിക്കറ്റ് നഷ്ടത്തിൽ 193 റൺസ് എന്ന നിലയിലാണ്. 29 റൺസ് നേടിയ വിനൂപും 24 റൺസ് നേടിയ ജലജ് സക്സേനയുമാണ് ക്രീസിൽ.

ഓപ്പണർമാരെ മാറ്റി പരീക്ഷിച്ചെങ്കിലും കേരളത്തിന് കാര്യമായ നേട്ടമുണ്ടായില്ല. ടീം സ്കോർ രണ്ടിൽ നിൽക്കെ ജഗദീശിനെ കേരളത്തിന് നഷ്ടമായി. അധികം വൈകാതെ അരങ്ങേറ്റ മത്സരം കളിച്ച യുവതാരം വത്സലും പുറത്തായി. സഞ്ജു സാംസൺ ചെറുത്തുനിൽപ്പിന് ശ്രമിച്ചെങ്കിലും ക്രീസിൽ നിലയുറപ്പിക്കാൻ സാധിച്ചില്ല. പിന്നാലെ നായകൻ സച്ചിൻ ബേബി റൺസൊന്നും എടുക്കാതെ പുറത്തായി.

എന്നാൽ ഒരറ്റത്ത് പിടിച്ചുനിന്ന രാഹുലിന്റെ പ്രകടനമാണ് കേരളത്തെ കടുത്ത പ്രതിസന്ധിയിൽ നിന്നും കരകയറ്റിയത്. 129 പന്തിൽ 77 റൺസ് നേടി രാഹുൽ ആറാമനായാണ് പുറത്തായത്. പത്ത് ഫോറും രണ്ട് സിക്സറും അടങ്ങുന്നതാണ് രാഹുലിന്റെ ഇന്നിങ്സ്.

വിഷ്ണു വിനോദ് 24 റൺസിൽ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ വിനൂപും സക്സേനയും ക്രീസിൽ നിലയുറപ്പിക്കാനുള്ള ശ്രമത്തിലാണ്. ഈ സീസണിൽ മികച്ച തുടക്കം ലഭിച്ച കേരളം അവസാന രണ്ട് മത്സരങ്ങളിൽ പരാജയപ്പെട്ടിരുന്നു. ടൂർണമെന്റിൽ ജീവൻ നിലനിർത്താൻ കേരളത്തിന് ജയം അനിവാര്യമാണ്. നിരവധി മാറ്റങ്ങളുമായാണ് കേരളം ഡൽഹിക്കെതിരെ ഇറങ്ങിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook