തിരുവന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഡൽഹിക്കെതിരെ കേരളം ഇന്നിങ്സ് ജയത്തിലേക്ക്. ഒന്നാം ഇന്നിങ്സിൽ കേരളം ഉയർത്തിയ 320 റൺസ് പിന്തുടർന്ന ഡൽഹിയുടെ ആദ്യ ഇന്നിങ്സ് 139 റൺസിൽ അവസാനിച്ചു. ഫോളോഓൺ ചെയ്ത ഡൽഹിക്ക് 34 റൺസെടുക്കുന്നതിനിടയിൽ അഞ്ച് വിക്കറ്റുകൾ നഷ്ടമായി. ഒടുവിൽ രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 41 റൺസെടുത്തിട്ടുണ്ട്. ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ ഡൽഹിക്ക് 140 റൺസ് കൂടിയെടുക്കണം.

ഒന്നാം ഇന്നിങ്സിൽ ഡൽഹി നിരയിലെ ആറ് താരങ്ങളെ കൂടാരം കയറ്റിയ ജലജ് സക്സേനയാണ് കേരളത്തിന് ലീഡ് സമ്മാനിച്ചത്. ഫോളോഓണിൽ സന്ദീപ് വാര്യറും ബേസിൽ തമ്പിയും അക്രമണത്തിന്രെ ചുമതല ഏറ്റെടുക്കുകയായിരുന്നു. സന്ദീപ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ബേസിൽ തമ്പി രണ്ട് വിക്കറ്റ് വീഴ്ത്തി. 13 റൺസുമായി ഡൽഹി നായകൻ ധ്രുവും, രണ്ട് റൺസുമായി അനൂജ് റാവത്തുമാണ് ക്രീസിലുള്ളത്.

ഡൽഹി ഇന്നിങ്സിന്റെ ആദ്യ പന്തിൽ തന്നെ ഓപ്പണർ ശിവാങ്കിനെ സന്ദീപ് വാര്യർ പുറത്താക്കുകയായിരുന്നു. പിന്നാലെ സർദ്ധക് രഞ്ജന്റെ വിക്കറ്റും സന്ദീപ് തെറുപ്പിച്ചു. ദലാലിനെയും വൈഭവ് റാവലിനെയും ബേസിൽ തമ്പി പുറത്താക്കിയപ്പോൾ ജോണ്ടി സിദ്ധുവിനെ പുറത്താക്കി സന്ദീപ് വീണ്ടും ഡൽഹിയെ സമ്മർദ്ധത്തിലാക്കി.

ഏഴ് വിക്കറ്റ് നഷ്ടത്തിൽ 291 റൺസെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച കേരളത്തിന് കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല. ടീം സ്കോർ 320ൽ നിൽക്കെ എല്ലവരും പുറത്താവുകയായിരുന്നു. ആറ് വിക്കറ്റെടുത്ത ശിവം ശർമ്മയാണ് കേരളത്തെ പിടിച്ചുകെട്ടിയത്. കേരളത്തിന് വേണ്ടി രാഹുൽ പി, വിനൂപ് ഷീല മനോഹരൻ, ജലജ് സക്സേന എന്നിവർ അർദ്ധസെഞ്ചുറി നേടി.

മറുപടി ബാറ്റിങ്ങിൽ ഡൽഹിക്കും അടിതെറ്റുകയായിരുന്നു. ടീം സ്കോർ നാലിൽ നിൽക്കെ അടുത്തടുത്ത പന്തുകളിൽ ഓപ്പണർമാർ പുറത്ത്. നായകൻ ദ്രൂവും വൈഭവ് റാവലും ചേർന്ന് ചെറുത്തുനിൽപ്പിന് ശ്രമിച്ചെങ്കിലും ഇരുവരെയും സക്സേന കൂടാരം കയറ്റുകയായിരുന്നു. പിന്നാലെ എത്തിയവരും അതിവേഗം മടങ്ങിയതോടെയാണ് ഡൽഹി പ്രതിസന്ധിയിലായത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ