തിരുവന്തപുരം: രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ ഡൽഹിക്ക് കനത്ത ബാറ്റിങ് തകർച്ച. ഒന്നാം ഇന്നിങ്സിൽ കേരളം ഉയർത്തിയ 320 റൺസ് പിന്തുടർന്ന ഡൽഹിയുടെ ആദ്യ ഇന്നിങ്സ് 139 റൺസിൽ അവസാനിച്ചു. ഡൽഹി നിരയിലെ ആറ് താരങ്ങളെ കൂടാരം കയറ്റിയ ജലജ് സക്സേനയാണ് കേരളത്തിന് ലീഡ് സമ്മാനിച്ചത്. ഫോളോഓൺ ആരംഭിച്ച ഡൽഹിക്ക് തുടക്കത്തിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി.

ഡൽഹി ഇന്നിങ്സിന്റെ ആദ്യ പന്തിൽ തന്നെ ഓപ്പണർ ശിവാങ്കിനെ സന്ദീപ് വാര്യർ പുറത്താക്കുകയായിരുന്നു. പിന്നാലെ സർദ്ധക് രഞ്ജന്റെ വിക്കറ്റും സന്ദീപ് തെറുപ്പിച്ചു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഡൽഹി രണ്ട് വിക്കറ്റ് നഷ്ടത്തിൽ 21 റൺസെടുത്തിട്ടുണ്ട്. 14 റൺസുമായി ഹിറ്റൻ ദലാലും രണ്ട് റൺസുമായി നായകൻ ദ്രൂവുമാണ് ക്രീസിൽ.

ഏഴ് വിക്കറ്റ് നഷ്ടത്തിൽ 291 റൺസെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച കേരളത്തിന് കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല. ടീം സ്കോർ 320ൽ നിൽക്കെ എല്ലവരും പുറത്താവുകയായിരുന്നു. ആറ് വിക്കറ്റെടുത്ത ശിവം ശർമ്മയാണ് കേരളത്തെ പിടിച്ചുകെട്ടിയത്. കേരളത്തിന് വേണ്ടി രാഹുൽ പി, വിനൂപ് ഷീല മനോഹരൻ, ജലജ് സക്സേന എന്നിവർ അർദ്ധസെഞ്ചുറി നേടി.

മറുപടി ബാറ്റിങ്ങിൽ ഡൽഹിക്കും അടിതെറ്റുകയായിരുന്നു. ടീം സ്കോർ നാലിൽ നിൽക്കെ അടുത്തടുത്ത പന്തുകളിൽ ഓപ്പണർമാർ പുറത്ത്. നായകൻ ദ്രൂവും വൈഭവ് റാവലും ചേർന്ന് ചെറുത്തുനിൽപ്പിന് ശ്രമിച്ചെങ്കിലും ഇരുവരെയും സക്സേന കൂടാരം കയറ്റുകയായിരുന്നു. പിന്നാലെ എത്തിയവരും അതിവേഗം മടങ്ങിയതോടെയാണ് ഡൽഹി പ്രതിസന്ധിയിലായത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook