101 മിനുട്ട് നീണ്ട മത്സരത്തില്‍ നെജിയുടെ കാലിലൂന്നി ബ്ലാസ്റ്റേഴ്‌സിന് ജയം

90 മിനുട്ട് കഴിഞ്ഞ് അനുവദിച്ച നാല് മിനുട്ട് അധികസമയവും ഏറെ പിന്നിട്ട മത്സരം 101ാം മിനുട്ടിലാണ് അവസാനിക്കുന്നത്.

കൊച്ചി : ഡല്‍ഹി ഡൈനാമോസിനെതിരെ കേരളാ ബ്ലാസ്റ്റേഴ്‌സിന് വിജയം. പകരക്കാരനായി ഇറങ്ങിയ പത്തൊമ്പത് കാരന്‍ നെജിയാണ് കേരളത്തിന്‍റെ വിജയശില്‍പി.  രണ്ടാം പകുതിയുടെ രണ്ടാം മിനുട്ടില്‍ നെജിയുടെ ഗോളിലൂടെ ആദ്യ നേടിയ കേരളാ ബ്ലാസ്റ്റേഴ്‌സ് എഴുപത്തിയഞ്ചാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെ രണ്ടാമത് ഗോള്‍ സ്വന്തമാക്കി. ഇയാന്‍ ഹ്യൂമാണ് രണ്ടാമത്തെ ഗോളടിച്ചത്. 90 മിനുട്ട് കഴിഞ്ഞ് അനുവദിച്ച നാല് മിനുട്ട് അധികസമയവും ഏറെ പിന്നിട്ട മത്സരം 101ാം മിനുട്ടിലാണ് അവസാനിക്കുന്നത്.

പകരക്കാരനായി ഇറങ്ങിയ നെജിയെ ഡല്‍ഹി ബോക്സില്‍ വച്ച് ഫൗള്‍ ചെയ്തതാണ് കേരളത്തിന് പെനാല്‍റ്റി നേടികൊടുത്തത്. നെജി യാണ് കേരളത്തിന് വേണ്ടി ആദ്യ ഗോള്‍ നേടിയത്. പത്തൊമ്പതുകാരനായ നെജിയുടെ അരങ്ങേറ്റ മത്സരമാണിത്. എഐഎഫ്എഫ് അക്കാദമിയുടെ കണ്ടെത്തലാണ് ഈ കൗമാരക്കാരന്‍.

നാല്‍പ്പത്തിയഞ്ച് മിനുട്ടുകള്‍ക്ക് പിരിയുമ്പോള്‍ ഡല്‍ഹി ഡൈനാമോസിനായിരുന്നു മുന്‍തൂക്കം. ഒരു ഗോളിന്‍റെ ആധിപത്യത്തിലാണ് ഡല്‍ഹി മുന്നില്‍ നില്‍ക്കുന്നത്. മുപ്പത്തിനാലാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെയാണ് ഡല്‍ഹി ലീഡ് നേടിയത്. ഡല്‍ഹി നായകന്‍ കാലോ ഊച്ചെയാണ് ഗോള്‍സ്കോറര്‍. ഡല്‍ഹിയുടെ സെയ്ത്യസെന്നിനെ ബോക്സില്‍ വച്ച് കേരളത്തിന്‍റെ പുള്‍ബാക്കായ പ്രശാന്ത് ഫൗള്‍ ചെയ്തതാണ് ഡല്‍ഹിക്ക് ഗുണകരമായത്.

കഴിഞ്ഞ തവണ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ഇയാന്‍ ഹ്യൂം നേടിയ ഹാട്രിക്കിന്റെ മികവില്‍ കേരളാ ബ്ലാസ്റ്റേ‌ഴ്‌സ് വിജയിച്ചിരുന്നു. ഈ മത്സരത്തിലും വിജയം ആവര്‍ത്തിക്കും എന്ന പ്രതീക്ഷയിലാകും കേരളം ഇറങ്ങിയത്.

എടുത്തുപറയേണ്ട ചില മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേ‌ഴ്‌സ് ഇറങ്ങിയത്. സുഭാശിഷ് റോയി ചൗധരി ഗോള്‍ വല കാക്കാന്‍ മടങ്ങിയെത്തുന്നു. പരുക്ക് പറ്റിയ റിനോ ആന്‍റോയ്ക്ക് പകരം മലയാളി താരം പ്രശാന്ത് ആദ്യ ഇലവനില്‍ ഇടം നേടിയിട്ടുണ്ട്. മധ്യനിരയിലും മുന്നേറ്റനിരയിലും കളിക്കുന്ന ഈ ഇരുപത് കാരനെ പുള്‍ബാക് പൊസീഷനില്‍ കളിപ്പിക്കുന്നത് വഴി വലിയൊരു പരീക്ഷണത്തിനാണ് ബ്ലാസ്റ്റേ‌ഴ്‌സ് കോച്ച് മുതിരുന്നത്. പെകൂസന്‍, മിലന്‍, ജാക്കി എന്നിവര്‍ മധ്യനിരയില്‍ കളി മെനയുമ്പോള്‍ ഇയാന്‍ ഹ്യൂമിനും സികെ വിനീതിനും പുറമേ കരണ്‍ സാവ്നേയെന്ന മുന്നേറ്റതാരവും ആദ്യ ഇലവനില്‍ ഇടംനേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കേരളവുമായി കരാറിലെത്തിയ ഐസ്ലാന്‍ഡ് സെന്‍റര്‍ ഫോര്‍വേഡ് ഗുധോണ്‍ ബാള്‍ഡ്‌വിന്‍ പകരക്കാരുടെ പട്ടികയിലുണ്ട്.

പുതിയ താരത്തെ കുറിച്ച് ആരാഞ്ഞപ്പോള്‍ ” ഐസ്ലാന്‍ഡില്‍ നിന്നുമുള്ള സമര്‍ത്ഥനായ താരമാണ് അദ്ദേഹം. നമുക്ക് മുന്നോട്ട് പോകുവാനുള്ള പ്രതീക്ഷ നല്‍കുന്നുണ്ട് അദ്ദേഹം” എന്ന് പ്രതികരിച്ച ഡേവിഡ്‌ ജെയിംസ് രണ്ടാം പകുതിയില്‍ പുതിയ താരത്തെ പരീക്ഷിച്ചേക്കും. മുന്‍ കളിയില്‍ നിന്നും പറയത്തക്ക വ്യത്യാസമൊന്നുമില്ലാതെയാണ് ഡല്‍ഹി ഇറങ്ങുന്നത്.


ബ്ലാസ്റ്റേഴ്‌സിന്‍റെ പുതിയ താരം ബാള്‍ഡ‌വിന്‍ പരിശീലനത്തിനിടയില്‍ പന്ത് ചിപ്പ് ചെയ്യുന്നു

അപ്രതീക്ഷിതമായൊരു ഫോര്‍മേഷനിലാണ് ഡേവിഡ്‌ ജെയിംസ് ഇന്ന് ടീമിനെ ഇറക്കിയിരിക്കുന്നത്. നേരത്തെ പറഞ്ഞതില്‍ നിന്നും വ്യത്യസ്തമായി നാല് പേരെയാണ് മധ്യനിരയില്‍ അണിനിരത്തിയിരിക്കുന്നത്. പെക്കൂസന്‍ കൂടുതല്‍ ഡിഫന്‍സീവായ മധ്യനിയ താരമാകുമ്പോള്‍ കരണ്‍ മിലനൊപ്പം സെന്‍റര്‍ മിഡ്ഫീല്‍ഡറായാണ് കളിക്കുന്നത്. പ്രതീക്ഷിച്ചത് പോലെ സികെ വിനീതും ജാക്കിയും വിങ്ങുകളില്‍ വേഗത തീര്‍ക്കുമ്പോള്‍ ഒരേയൊരു സ്ട്രൈക്കറായി ഇയാന്‍ ഹ്യൂമും അണിനിരക്കുന്നു.

പന്ത്രണ്ടാം മിനുട്ടില്‍ കേരളത്തിനൊരു ക്ലോസ് ചാന്‍സ്! പന്തുമായി മുന്നേറിയ ഹ്യൂം വിനീതിലേക്കും പിന്നെ പെക്കൂസനിലേക്കും പന്ത് കൈമാറുന്നു. ഡല്‍ഹി പ്രതിരോധം പെക്കൂസന്‍റെ ക്രോസ് ബ്ലോക്ക് ചെയ്യുന്നു. ഡല്‍ഹിയുടെ ക്ലിയറന്‍സില്‍ പന്ത് മിലന്‍ സിങ്ങിലേക്ക്. ഒരു ലോങ്റേഞ്ചറിനുള്ള മിലന്‍ സിങ്ങിന്‍റെ ശ്രമം. ലക്ഷ്യത്തിലേക്കുള്ള മിലന്‍റെ ഷോട്ട് ഡല്‍ഹി ഗോളി ബ്ലോക്ക് ചെയ്യുന്നു. പന്ത് കൈവശപ്പെടുത്തിയ ഹ്യൂം പോസ്റ്റിലേക്ക് അടിച്ചുകയറ്റി എങ്കിലും ഓഫ്സൈഡ് ഫ്ലാഗ് ഉയരുകയായിരുന്നു.

പതിനേഴാം മിനുട്ടില്‍ ഡല്‍ഹിയുടെ സ്റ്റാര്‍ ഡിഫണ്ടര്‍ പ്രീതം കൊട്ടാല്‍ പരുക്കേറ്റ് പുറത്തേക്ക്. ഇടുപത്തിയഞ്ചാം മിനുട്ടില്‍ സുഭാശിഷ് റോയിയുടെ മറ്റൊരു മികച്ച സേവ്. ഡല്‍ഹിയുടെ ഇടതുവിങ്ങില്‍ തുടങ്ങിയ മുന്നേറ്റം കാലോ ഊച്ചേയിലേക്ക്. കാലോ ഊച്ചേ മികച്ചൊരു ഷോട്ട് തുടുക്കുന്നു. കേരളത്തിന്‍റെ പ്രതിരോധ നിരയില്‍ തട്ടി പോസ്റ്റിലേക്ക് പാഞ്ഞടുത്ത പന്തിനെ മികച്ചൊരു ഡൈവിലൂടെ കേരളാ ഗോളി തടുക്കുന്നു.

ഇരുപത്തിയേഴാം മിനുട്ടില്‍ സികെ വിനീതിനെ ഡല്‍ഹിയുടെ കിഹിരോ പിന്നില്‍ നിന്നും ടാക്കില്‍ ചെയ്തിട്ടും റഫറിയുടെ കോടി ഉയര്‍ന്നില്ല. വിനീതിന്‍റെ പ്രതിഷേധം. മുപ്പത്തിനാലാം മിനുട്ടില്‍ ഡല്‍ഹിയുടെ ഇടതുവിങ്ങര്‍ സെയ്ത്യസെന്നിനെ പ്രശാന്ത് ബോക്സില്‍ വച്ച് ഫൗള്‍ ചെയ്യുന്നു. പെനാല്‍റ്റി കിക്കില്‍ ഡല്‍ഹി നായകന്‍ കാലേ ഊച്ചെയ്ക്ക് അനായാസ ഗോള്‍. ആദ്യ പകുതി പിരിയുമ്പോള്‍ ആതിഥേയര്‍ക്ക് മേല്‍ ഡല്‍ഹിയ്ക്ക് ഒരു ഗോളിന്‍റെ ആധിപത്യം.

രണ്ടാം പകുതിയില്‍ ഡേവിഡ്‌ ജെയിംസ് കൊണ്ടുവരുന്ന മാറ്റങ്ങള്‍ കേരളത്തിന് നിര്‍ണായകമാവും. ഒരു മാറ്റവുമായാണ് കേരളം രണ്ടാം പകുതിയില്‍ ഇറങ്ങിയത് കരണിന് പകരം പത്തൊമ്പത് കാരനായ നെജിയെ ഇറക്കുകയായിരുന്നു ഡേവിഡ്‌ ജെയിംസ്. കോച്ചിന്‍റെ തീരുമാനം ശരിവെച്ചുകൊണ്ട് ആദ്യ ടച്ചില്‍ തന്നെ നെജി ഗോള്‍ നേടുകയായിരുന്നു. കുറച്ചു നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ രണ്ടാമതൊരു ഗോളിനും നെജി മുതിരുന്നു. മറ്റൊരു ക്ലോസ് ഹെഡ്ഡര്‍.

അറുപത്തിയഞ്ചാം മിനുട്ടില്‍ ഐസ്ലാന്‍ഡില്‍ നിന്നുമുള്ള പുതിയ താരത്തെ പരീക്ഷിക്കുകയാണ് ഡേവിഡ്‌ ജെയിംസ്. പ്രശാന്തിന് പകരക്കാരനായാണ് ബാള്‍ഡ്‌വിന്‍സണ്‍ ഇറങ്ങിയിര്‍ക്കുന്നത്. ഇറങ്ങി രണ്ടാം മിനുട്ടില്‍ തന്നെ ബാള്‍ഡ്‌വിന്‍സണ്‍ ഒരു ഷോട്ട് തുടുക്കുന്നുവെങ്കിലും ഡല്‍ഹി പ്രതിരോധത്തില്‍ തട്ടി തെറിക്കുകയായിരുന്നു.

എഴുപത്തിയഞ്ചാം മിനുട്ടില്‍ നെജി കേരളത്തിനൊരു പെനാല്‍റ്റിക്ക് വഴിയൊരുക്കുന്നു. ഡല്‍ഹി ബോക്സിലേക്ക് പന്തുമായി മുന്നേറിയ കൗമാരക്കാരനെ ഡല്‍ഹി പ്രതിരോധം ഫൗള്‍ ചെയ്യുകയായിരുന്നു. ഇയാന്‍ ഹ്യൂമെടുത്ത്ത പെനാല്‍റ്റിയില്‍ കേരളത്തിന് അനായാസ ഗോള്‍.

എഴുപത്തിയേഴാം മിനുട്ടില്‍ സികെ വിനീതിനെ പിന്‍വളിച്ച കേരളം പകരക്കാരനായി ലോകാന്‍ മെയ്റ്റെയിയെ ഇറക്കുന്നു. എണ്‍പത്തിയഞ്ചാം മിനുട്ടില്‍ ലോകന്‍റെ മികച്ചൊരു ക്രോസില്‍ ബാള്‍ഡ്‌വിന്‍സണ്‍ ഒരു ഷോട്ട് തൊടുക്കുന്നുവെങ്കിലും ഡല്‍ഹി ഗോളിയുടെ സേവ്. മുഴുവന്‍ സമയം പൂര്‍ത്തിയാക്കുന്നിടയില്‍ ഒന്നിലേറെ അവസരം സൃഷ്ടിക്കുവാനും പുതിയ താരത്തിനായി. എന്നാല്‍ കളി അവസാനിക്കുവാനിരിക്കെയും ഗോള്‍നിലയില്‍ മുന്‍തൂക്കമുള്ള കേരളം തിടുക്കത്തോടെ കളിക്കുന്നതാണ് കാണുന്നത്. അധികസമയത്തിന്‍റെ അവസാന മിനുട്ടില്‍ ലോകന്‍ മെയിറ്റെയ്ക്കെതിരെ ഫൗള്‍. പരുക്കേറ്റ ലോകന്‍ ചികിത്സയ്ക്ക് ശേഷം മടങ്ങുന്നു. അനുവദിച്ച അധികസമയത്തിനു ശേഷം രണ്ടുമിനുട്ട് കഴിഞ്ഞിട്ടും കളി തുടരുന്ന കാഴ്ച.

അധികസമയം ഒമ്പതാം മിനുട്ടിലേക്ക് കടന്നപ്പോള്‍ ബാള്‍ഡ്‌വിന്‍സണെ ഫൗള്‍ ചെയ്ത ഡല്‍ഹിയുടെ പ്രതീക് സിന്‍ഹ ചുവപ്പ് കാര്‍ഡ് വാങ്ങുന്നു. 101ാം മിനുട്ടിലാണ് കളി അവസാനിപ്പിക്കുന്നത്. നെജി എന്ന അത്ഭുതബാലന്‍റെ കാലില്‍ ഊന്നിക്കൊണ്ട് കേരളാ ബ്ലാസ്റ്റേഴ്സിന് മറ്റൊരു വിജയം.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Kerala vs dehi dynamos indian super league live

Next Story
ബ്ലാസ്റ്റേഴ്‌സിലേക്ക് ഇനിയും താരങ്ങളെ കൊണ്ടുവരാന്‍ അവസരമുണ്ട് : ഡേവിഡ്‌ ജെയിംസ്
The moderation of comments is automated and not cleared manually by malayalam.indianexpress.com