ഒരു പന്തില്‍ കളിയുടെ ഗതി മാറി മറിയുന്നതിന് പലപ്പോഴും ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഒറ്റപന്തു കൊണ്ട് താരത്തില്‍ നിന്നും സൂപ്പര്‍ താരമായി മാറിയവരുമുണ്ട്. പക്ഷെ അന്ന് ഹൈദരാബാദിനെതിരെ അവസാന പന്തില്‍ ബാറ്റ് ചെയ്യാന്‍ സജന ഇറങ്ങുമ്പോള്‍ അത് കേരള ക്രിക്കറ്റിന്റെ ചരിത്രത്തെ മാറ്റിയെഴുതാനുള്ള വരവാണെന്ന് ആരും കരുതിയിരുന്നില്ല..

വനിതാ ഇന്റര്‍സ്റ്റേറ്റ് ട്വന്റി-20യില്‍ കേരളം ഹൈദരാബാദിനെ നേരിടുകയായിരുന്നു. കളി ജയിക്കാന്‍ രണ്ട് പന്തില്‍ വേണ്ടത് നാല് റണ്‍സ്. ക്രീസില്‍ മുതിര്‍ന്ന താരങ്ങളായ ശരണ്യയും ജിന്‍സിയും. സമ്മർദ്ദത്തിന്റെ നിമിഷങ്ങള്‍. ജയിക്കാനും തോല്‍ക്കാനും ഒരുപോലെ സാധ്യത. എല്ലാ പ്രതീക്ഷകളേയും തകര്‍ത്തു കൊണ്ട് തൊട്ടടുത്ത പന്തില്‍ ശരണ്യ റണ്ണൗട്ട്. കേരളത്തിന്റെ പ്രതീക്ഷകള്‍ക്ക് മേല്‍ കരിനിഴല്‍ വീണു. അവസാന പന്ത് നേരിടാന്‍ ഇറങ്ങിയത് അരങ്ങേറ്റ മൽസരം കളിക്കുന്ന സജന.

സീനിയര്‍ താരങ്ങള്‍ പോലും പതറിപ്പോകുന്ന നിമിഷം. സജനയില്‍ നിന്നും ആരും അത്ഭുതമൊന്നും പ്രതീക്ഷിച്ചിരുന്നില്ല.  ക്രീസിലെത്തിയ സജനയുടെ മനസില്‍ അപ്പോള്‍ ഒന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ, ഒരു പന്ത് നാല് റണ്‍സ്. അതില്‍ കൂടുതലൊന്നും സജനയുടെ മനസിലൂടെ കടന്നു പോയിരുന്നില്ല. കുത്തിയുയര്‍ന്നു വന്ന പന്ത് സജന വീശിയടിച്ചു. പന്ത് ബൗണ്ടറി ലൈന്‍ കടന്ന് പുറത്തേക്ക്. അവസാന പന്തില്‍ നാല് റണ്‍സെടുത്ത് കേരളത്തിന് ആവേശോജ്വല ജയം സമ്മാനിച്ച സജന അതോടെ ടീമിലെ താരമായി മാറി. പിന്നീട് ഇങ്ങോട്ട് സജനയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ടീമില്‍ നിന്നും ഒരിക്കല്‍ പോലും പുറത്തിരിക്കേണ്ടി വന്നിട്ടില്ല. പക്ഷെ ആ വിജയത്തോടെ ഉയിര്‍ത്തെഴുന്നേറ്റത് സജന എന്ന താരം മാത്രമായിരുന്നില്ല. കേരള ക്രിക്കറ്റിന്റെ തന്നെ ചരിത്രത്തിലെ തന്നെ നിർണായകമായ ഒരു വിജയത്തിലേക്കുള്ള ആദ്യ പടിയായിരുന്നു ആ ബൗണ്ടറി.

നാളുകള്‍ക്ക് ഇപ്പുറം, കഴിഞ്ഞ ബുധനാഴ്ച ചരിത്രം ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചു. അണ്ടര്‍ 23 ടൂര്‍ണമെന്റില്‍ മഹാരാഷ്ട്രയ്ക്കെതിരെ അവസാന ഓവറിലെ അഞ്ചാം പന്തില്‍ മിഡ് വിക്കറ്റിലൂടെ തന്നെ പന്ത് പായിച്ചു കൊണ്ട് സജന കേരളത്തിന് ചരിത്രത്തിലെ ആദ്യ ദേശീയ തലത്തിലുള്ള കിരീടമാണ് നേടി കൊടുത്തത്. പുരുഷ ടീമിനു പോലും ഇതുവരെ ഒരു ബിസിസിഐ കിരീടം നേടാന്‍ സാധിച്ചിട്ടില്ലെന്നിടത്താണ് സജനയുടെ സംഘത്തിന്റേയും വിജയത്തിന്റെ മാറ്റ് കൂടുന്നത്. വയനാട് മാനന്തവാടി സ്വദേശിയാണ് സജന. കിരീട നേട്ടത്തില്‍ കെസിഎയ്ക്കും പരിശീലകയ്ക്കും സ്‌നേഹവും പിന്തുണയും നല്‍കിയ പ്രിയപ്പെട്ട സുഹൃത്തുകള്‍ക്കുമാണ് സജന നന്ദി പറയുന്നത്.

കേരള അണ്ടര്‍ 23 ക്യാപ്റ്റന്‍ സജന സംസാരിക്കുന്നു.

കേരള ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ് സ്വന്തമാക്കിയിരിക്കുന്നത്. എങ്ങനെ കാണുന്നു ഈ വിജയത്തെ?

ഈ വിജയത്തിന് പിന്നില്‍ ഒരു വര്‍ഷത്തെ അധ്വാനമുണ്ട്. അണ്ടര്‍ 19 റണ്ണേഴ്സ് അപ്പ് ആയതു മുതലുള്ള പരിശീലനവും അധ്വാനവുമാണ് ഇന്ന് അണ്ടര്‍ 23 കിരീടത്തിലെത്തി നില്‍ക്കുന്നത്. കേരള ടീമിന്റെ വിജയത്തിന്റെ രഹസ്യം വളരെ സിമ്പിളാണ്. കിരീട നേട്ടമെന്ന വലിയ ഗോള്‍ സെറ്റ് ചെയ്യുന്നതിന് പകരം അതിനെ ചെറു ഗോളുകളാക്കി മാറ്റുകയായിരുന്നു. അടുത്ത കളിയെ കുറിച്ച് ചിന്തിക്കാതെ അന്നത്തെ മൽസരത്തില്‍ ജയിക്കുക മാത്രം മുന്നില്‍ ലക്ഷ്യമായി കാണുകയായിരുന്നു. ഈ തന്ത്രം പിന്‍പറ്റിയാണ് കേരളം കിരീടത്തിലെത്തിയത്.

കഴിഞ്ഞ ഒരുവര്‍ഷമായി കെസിഎയും പരിശീലക സുമനും താരങ്ങള്‍ക്ക് നല്‍കിയ പരിശീലനമാണ് ഇന്ന് വിജയമായി മാറിയിരിക്കുന്നത്. ടൂര്‍ണമെന്റ് ലക്ഷ്യമിട്ട് വയനാട് കൃഷ്ണഗിരിയില്‍ കെസിഎയുടെ പ്രത്യേക ക്യാമ്പുണ്ടായിരുന്നു. അണ്ടര്‍ 23 ടീമിലെ എന്റെ അവസാന മൽസരമായിരുന്നു മഹാരാഷ്ട്രയ്ക്കെതിരെ കളിച്ചത്. ഇനി സീനിയര്‍ ടീമില്‍ മാത്രമായിരിക്കും കളിക്കുക. അവസാന കളിയില്‍ ടീമിന് ഇതുപോലൊരു വിജയം സമ്മാനിക്കാനായത് ഏറെ സന്തോഷം നല്‍കുന്നതാണ്.

എങ്ങനെയായിരുന്നു ടൂര്‍ണമെന്റിനുള്ള തയ്യാറെടുപ്പുകള്‍?

ഏത് ടൂര്‍ണമെന്റും ജയിക്കുന്നത് മൈന്റ് സെറ്റിലാണെന്നാണ് എന്റെ വിശ്വാസം. പൊതുവെ വുമണ്‍സ് ക്രിക്കറ്റ് മൽസരങ്ങള്‍ തമ്മിലുള്ള ഗ്യാപ്പ് വളരെ കൂടുതലായിരിക്കും. ഈ സമയത്ത് കൃത്യമായ പരിശീലനം ലഭിക്കണം. പ്രാക്ടീസ്  മൽസരങ്ങളിലൂടെ മാത്രമേ ടീമിനെ സജ്ജമാക്കാന്‍ കഴിയുകയുള്ളൂ. 360 ദിവസം കളിക്കുന്നതിനേക്കാള്‍ ചിലപ്പോള്‍ ഉപകരിക്കുക അഞ്ച് ദിവസത്തെ കളിയായിരിക്കും. താരങ്ങളുടെ മനസിനെ സമ്മര്‍ദ്ദം അതിജീവിക്കാനുതകുന്ന തരത്തില്‍ ബാലന്‍സ്ഡ് ആക്കി നില നിര്‍ത്തേണ്ടതുണ്ട്. അതെല്ലാം മാനിച്ചു കൊണ്ടുള്ള പരിശീലനമായിരുന്നു ടീമിന് ലഭിച്ചിരുന്നത്. ഓരോ മൽസരത്തിന് ശേഷവും ആ മൽസരത്തിലെ നമ്മളുടെ പ്രകടനത്തെ കുറിച്ച് മാഡം പറയുമായിരുന്നു. പക്ഷെ നെഗറ്റീവിനെ കുറിച്ച് പറയുന്നതിനേക്കാള്‍ നമ്മളുടെ പോസിറ്റീവായിരുന്നു പറഞ്ഞിരുന്നത്. അടുത്ത മൽസരത്തിനു വേണ്ടിയുള്ള പ്ലാനിങ്ങുകളും ഇതിനിടെ തയ്യാറാക്കുമായിരുന്നു.

ദേശീയ ടീം സെലക്ടര്‍മാരുടെ ശ്രദ്ധ നേടാന്‍ ഈ വിജയത്തിലൂടെ കേരളാ താരങ്ങള്‍ക്ക് സാധിക്കുമെന്ന് തോന്നുന്നുണ്ടോ?

ഈ വിജയം കേരളതാരങ്ങളെ ദേശീയ ടീം സെലക്ടര്‍മാരുടെ ശ്രദ്ധയിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളാ ടീമിലെ എല്ലാതാരങ്ങളും സ്ഥിരത പുലര്‍ത്തുന്നവരാണ്. കേരളത്തിന്റെ കരുത്ത് ബാറ്റിങ്ങിലാണ്. പതിനൊന്നു പേരും ബാറ്റുകൊണ്ട് ടീമിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിക്കുകയും അതിനായി ശ്രമിക്കുകയും ചെയ്യുന്നവരാണ്. ഈ ആത്മാര്‍ത്ഥതയും അര്‍പ്പണബോധവുമാണ് വിജയമായി മാറിയത്. കേരളാ ടീമിലെ ജിനു, ദൃശ്യ, അക്ഷയ, മിന്നിമണി എല്ലാവരും ദേശീയ തലത്തിലെത്താനുള്ള പൊട്ടന്‍ഷ്യലുള്ളവരാണ്. കേരളത്തിന്റെ ഫീല്‍ഡിങ്ങും പവര്‍ഫുള്‍ ആണ്.

വിജയത്തിന് പിന്നാലെ ദേശീയ ടീമില്‍ നിന്നും അഭിനന്ദങ്ങള്‍ തേടിയെത്തിയിരുന്നുവോ?

നമ്മുടെ കോച്ച് നാഷണല്‍ എ ടീമിന്റേയും കോച്ചായിരുന്നു. കളി ജയിച്ചെന്ന് അറിഞ്ഞ് മിതാലിയും ജുലനുമെല്ലാം അവരെ വിളിച്ചിരുന്നു. പിന്നെ അവരുടെ കളികാണാനൊക്കെ ഞങ്ങള്‍ പോയിരുന്നു. ഇംഗ്ലണ്ടിനെതിരെ കളിക്കുമ്പോള്‍ നമ്മുടെ ടീമിന് സപ്പോര്‍ട്ടുമായി ഞങ്ങളും ഗ്യാലറിയിലുണ്ടായിരുന്നു. ഇംഗ്ലണ്ടുകാരൊക്കെ ഫുള്‍ ഫാമിലിയായിട്ടാണ് വന്നിരുന്നത്. അവര്‍ക്കൊപ്പമിരുന്ന് തന്നെ നമ്മള്‍ ഇന്ത്യന്‍ ടീമിന് വേണ്ടി സപ്പോര്‍ട്ട് ചെയ്തതൊക്കെ  രസമായിരുന്നു. പിന്നെ ടിനു ചേട്ടന്‍, വിനൂപേട്ടന്‍, റഫി ചേട്ടന്‍ ഒക്കെ മെസേജ് അയച്ചിരുന്നു. എല്ലാവര്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല ഈ വിജയം.

ടൂര്‍ണമെന്റിലെ ഏറ്റവും ടഫ് ആയിരുന്ന മൽസരം ഏതായിരുന്നു?

അത് മുംബൈയ്ക്ക് എതിരെയായിരുന്നു.  മുംബൈയ്ക്കെതിരെ നമ്മള്‍ ടോസ് ലഭിച്ച ശേഷം ബാറ്റ് ചെയ്തു. പക്ഷെ 89 റണ്‍സെടുത്ത് നമ്മള്‍ ഓള്‍ ഔട്ടായി. മുംബൈ ടീമാകട്ടെ ഫുള്‍ കോണ്‍ഫിഡന്റ് ആയിരുന്നു. ഈസിയായി ജയിക്കും എന്ന ഭാവത്തിലായിരുന്നു അവര്‍. നമ്മുടെ പ്ലെയേഴ്സ് ആകട്ടെ തല താഴ്ത്തിയായിരുന്നു നടന്നത്. പക്ഷെ കഴിഞ്ഞത് കഴിഞ്ഞു, ക്രിക്കറ്റാണ് എപ്പോഴും എന്തുവേണമെങ്കിലും സംഭവിക്കാം എന്നായിരുന്നു നമ്മുടെ കോച്ചിന്റെ വാക്കുകള്‍. അതോടെ, ഞാനും കൂടെ ഡെസ്പ് ആയാല്‍ കാര്യങ്ങള്‍ കൈ വിട്ടു പോകുമെന്ന് എനിക്ക് ബോധ്യമായി. 120 പന്തുണ്ട്, നമ്മളെറിയുന്ന ഓരോ ഡോട്ട് ബോളും നമ്മുടെ വിജയമാണെന്ന് ഞാന്‍ ടീമിനോട് പറഞ്ഞു. ഓരോ പന്തും പ്ലാന്‍ ചെയത് എറിയുകയായിരുന്നു. അങ്ങനെ പന്തെറിഞ്ഞ് നമ്മളവരെ 85 റണ്‍സിന് ഓള്‍ഔട്ടാക്കി. എല്ലാവരേയും റണ്ണൗട്ടാക്കുകയായിരുന്നു. അതൊരു വല്ലാത്ത ഫീല്‍ ആയിരുന്നു. അത് ഭയങ്കര ബൂസ്റ്റ് ആയിരുന്നു.

ഏറെ സമ്മര്‍ദ്ദം നിറഞ്ഞതായിരിക്കുമല്ലോ ഫൈനല്‍ മൽസരം. മഹാരാഷട്രയെ അവരുടെ നാട്ടില്‍ നേരിടുക എന്നതു തന്നെ വലിയ വെല്ലുവിളിയാണ്. എങ്ങനെയായിരുന്നു വിജയത്തിലേക്ക് ടീമിനെ നയിച്ചത്?

മൽസരത്തിന് മുന്നോടിയായി  മഹാരാഷ്ട്രയുടെ  മുന്‍ മൽസരങ്ങള്‍ നോക്കിയപ്പോള്‍ നൂറിന് മുകളില്‍ സ്‌കോര്‍ ചെയ്യുന്നത് ചുരുക്കമാണെന്ന് മനസിലായി. പക്ഷെ നമ്മള്‍ക്കെതിരെ ഗോവ വരെ അത്യാവശ്യം നല്ല രീതിയില്‍ തന്നെ സ്‌കോര്‍ ചെയ്യുന്ന അവസ്ഥയുമായിരുന്നു. കളി തുടങ്ങി ടോസ് അവര്‍ക്ക് തന്നെ ലഭിച്ചു. അവര്‍ 115 അടിച്ചു. അതോടെ ടീം അല്‍പ്പം സമ്മര്‍ദ്ദത്തിലായി. പക്ഷെ സാരമില്ല 120 പന്തില്‍ 115 റണ്‍സ് അത്ര വലിയ റിസ്‌കല്ല. ഒരോവര്‍ മെയ്ഡന്‍ ആയാലും തൊട്ടടുത്ത ഓവറില്‍ ഒപ്പമെത്താം എന്ന് ടീമിനെ ബോധ്യപ്പെടുത്തി. പക്ഷെ പ്രതീക്ഷിച്ച പോലെ തുടങ്ങാന്‍ പറ്റിയില്ല. ഞാന്‍ ഇറങ്ങുമ്പോള്‍ കുറഞ്ഞ പന്തും കൂടുതല്‍ റണ്‍സും എന്ന അവസ്ഥയായിരുന്നു. പ്രധാന ബാറ്റ്സ്മാന്മാരെല്ലാം പുറത്തായിരുന്നു. ക്യാപ്റ്റനായ ഞാനും എന്തെങ്കിലും മണ്ടത്തരം കാണിച്ച് പുറത്തായാല്‍ ശരിയാകില്ലായിരുന്നു. ജയിച്ചാലും ഇല്ലെങ്കിലും 20 ഓവര്‍ ബാറ്റ് ചെയ്യണമെന്ന് തീരുമാനിച്ചു. ക്രീസില്‍ നിലയുറപ്പിച്ചതോടെ പതിയെ ആത്മവിശ്വാസവും ഉയര്‍ന്നു. ഒടുവില്‍ ആറ് ബോളില്‍ ആറ് റണ്‍സ് എന്നിടത്തുവരെ എത്തി. അങ്ങനെ വിജയത്തിലെത്തുകയായിരുന്നു.

മുംബൈയിലെ കാലാവസ്ഥ പ്രതികൂലമായിരുന്നുവോ?

ആയിരുന്നു. അതിന് മുമ്പ് കളിച്ചത് ആന്ധ്രയിലായിരുന്നു. അവിടെ നല്ല ചൂടായിരുന്നു. പക്ഷെ ശരീരം വിയര്‍ക്കുമായിരുന്നു. എന്നാല്‍ മുംബൈയിലെത്തിയപ്പോള്‍ ശരീരം വിയര്‍ക്കാത്ത അവസ്ഥയായിരുന്നു. പെട്ടെന്ന് തളരുമായിരുന്നു. ഡബിള്‍സ് ഓടുമ്പോഴേക്കും തളരുന്ന അവസ്ഥ. പക്ഷെ, രണ്ട് ദിവസം മുമ്പ് തന്നെ മുംബൈയിലെത്തിയതു കൊണ്ട് സാഹചര്യം മനസിലാക്കാന്‍ സാധിച്ചു. ഡീഫൈഡ്രേഷന്‍ കൂടാനുള്ള സാധ്യതയുണ്ടെന്ന് മനസിലാക്കി അതിന് വേണ്ടത് ചെയ്യാന്‍ സാധിച്ചു. ഫ്രൂട്ട്സും മറ്റും ധാരാളമായി കഴിക്കുമായിരുന്നു.

ഇന്ത്യന്‍ താരം ജുലന്‍ ഗോസ്വാമിക്കൊപ്പം സജന

നാഷണല്‍ ടീമിലേക്കുള്ള വാതിലാകുമോ ഈ പ്രകടനം

പ്രതീക്ഷയുണ്ട്. അതിനായിരിക്കും എന്റെ ശ്രമം ഇനി. സെലക്ടര്‍മാരുടെ ശ്രദ്ധ നേടാന്‍ സാധിച്ചിട്ടുണ്ട്. ട്വന്റി-20യിലും വണ്‍ഡേയിലും ഒരുപോലെ കളിക്കാന്‍ സാധിച്ചിട്ടുണ്ട്. ബാറ്റുകൊണ്ട് ബോളുകൊണ്ടും ഒരുപോലെ നന്നായി കളിക്കാന്‍ സാധിച്ചിട്ടുണ്ട്. പിന്നെ ഫീല്‍ഡിങ്ങിലും സട്രോങ്ങാണ്.

വയനാടുപോലൊരു നാട്ടില്‍ നിന്നും ഒരു പെണ്‍കുട്ടി കേരള ക്രിക്കറ്റിലേക്ക് എത്തുന്നത് എങ്ങനെയാണ്?

പൊതുവെ പെണ്‍കുട്ടികള്‍ കളിക്കാത്ത കളിയാണ് ക്രിക്കറ്റ്. നാണംകുണുങ്ങികളായിരിക്കും മിക്കവരും. പക്ഷെ ഞാന്‍ ചെറുപ്പം മുതലേ തന്നെ അത്‌ലറ്റിക്സിലൊക്കെ മൽസരിച്ചിരുന്നു. അതുകൊണ്ട് തന്നെ ആണ്‍കുട്ടികളുടെ സ്വഭാവമായിരുന്നു. എന്തുണ്ടേലും മുഖത്ത് നോക്കി തന്നെ ചോദിക്കും. സുഹൃത്തുക്കളും കൂടുതല്‍ ആണ്‍കുട്ടികളായിരുന്നു. അത് സ്വാഭവത്തില്‍ നല്ലവണ്ണം തന്നെ സ്വാധീനിച്ചിട്ടുണ്ട്. പിന്നെ ഫാമിലിയില്‍ നിന്നുമുള്ള പിന്തുണയും വലിയ ഘടകമായിരുന്നു. അച്ഛനും അമ്മയുമൊന്നും ഒരിക്കല്‍ പോലും കളിക്കരുതെന്ന് പറഞ്ഞിട്ടില്ല. അമ്മ കബഡിയൊക്കെ കളിച്ചിട്ടുണ്ട്. അതുകൊണ്ട് കളിക്കാന്‍ പോണമെന്ന് പറഞ്ഞാല്‍ പൊയ്ക്കോളൂ, പ്രശ്നമൊന്നുമില്ലെന്നായിരിക്കും മറുപടി. കളിയോടുള്ള എന്റെ അര്‍പ്പണ മനോഭാവവും അതിന് എന്നെ സഹായിച്ചിട്ടുണ്ട്. ഒരുപക്ഷെ അതാകാം സെലക്ടര്‍മാരേയും സ്വാധീനിച്ചത്. അണ്ടര്‍ 19 ടീമിലെത്തുന്നത് തന്നെ ക്യാപ്റ്റനായാണ്. പിന്നാലെ തന്നെ സീനിയര്‍ ടീമിലെ വൈസ് ക്യാപ്റ്റനും അണ്ടര്‍ 23 യില്‍ ക്യാപ്റ്റനുമായി.

മാനന്തവാടി സ്‌കൂളിലായിരുന്നു പഠിച്ചിരുന്നത്. അവിടുത്തെ കായിക അധ്യാപികയായ എല്‍സമ്മ ടീച്ചറാണ് ക്രിക്കറ്റ് സെലക്ഷന് പോകാന്‍ പറഞ്ഞത്. എനിക്കതിനെ കുറിച്ച് വല്യ അറിവൊന്നുമുണ്ടായിരുന്നില്ല. എന്തായാലും പോയി. തിരുവനന്തപുരത്തായിരുന്നു സെലക്ഷന്‍. സെലക്ഷനില്‍ നന്നായി തന്നെ പെര്‍ഫോം ചെയ്തെങ്കിലും സീനിയര്‍ പ്ലെയേഴ്സുണ്ടായിരുന്നത് കൊണ്ട് ടീമിലെടുക്കാന്‍ സാധിക്കുമായിരുന്നില്ല. പക്ഷെ പവര്‍ഹിറ്ററാണെന്ന് സെലക്ടേഴ്സിന് ബോധ്യപ്പെട്ടിരുന്നു. അത് റിസര്‍വ്വ് ടീമിലെത്തിച്ചു. അങ്ങനെ ചെന്നൈയിലെ മൽസരത്തിനിടെ ഷാനി ചേച്ചിക്ക് പരുക്കായി. കളിക്കാന്‍ പറ്റില്ല. അങ്ങനെ എനിക്ക് നറുക്ക് വീഴുകയായിരുന്നു. അപ്പോഴും വല്യ വിശ്വാസമൊന്നുമുണ്ടായിരുന്നില്ല ആര്‍ക്കും. അന്ന് ലാസ്റ്റ് ബോളില്‍ ബൗണ്ടറി നേടി ഉറപ്പിച്ചതാണ് വിജയവും ടീമിലെ സ്ഥാനവും. നേരെ അണ്ടര്‍ 19 ടീമിലേക്കും സീനിയര്‍ ടീമിലേക്കുമെല്ലാമെത്തി. സീനിയര്‍ ടീമിന്റെ വൈസ് ക്യാപ്റ്റനുമായി.

മഹാരാഷ്ട്രയുടെ സ്വന്തം തട്ടകത്തായിരുന്നല്ലോ കളി. അവരുടെ ആരാധകര്‍ക്ക് മുമ്പില്‍ വിജയിക്കാന്‍ കഴിഞ്ഞത് വല്ലാത്തൊരു ഫീല്‍ തന്നെയായിരിക്കുമല്ലോ?

മഹാരാഷ്ട്രയുടെ കളി കാണാന്‍ അവരുടെ ഫാമിലിയൊക്കെ ഉണ്ടായിരുന്നു. നമുക്ക് വേണ്ടി സപ്പോര്‍ട്ട് ചെയ്യാന്‍ ആരുമുണ്ടായിരുന്നില്ല അവിടെ. മഹാരാഷ്ട്രയുടെ ഫാന്‍സ് ആണെങ്കില്‍ ഭയങ്കര ആവേശവും. പന്ത് പിടിക്ക്, എറിയ് എന്നൊക്കെ ഗ്യാലറിയില്‍ നിന്നും വിളിച്ച് പറയുന്നുണ്ടായിരുന്നു. അവര് പറയുന്നത് കേട്ടാണോ പ്ലെയേഴ്സ് കളിക്കുന്നത് എന്നു വരെ തോന്നിപ്പോകും. കുറേ കോളേജ് പിള്ളേരൊക്കെ കൊടിയുമൊക്കെ ആയാണ് വന്നത്. പക്ഷെ ആരുമില്ലാത്തിടത്തു നിന്നുമാണ് എന്തെങ്കിലുമെക്കെ ആയവരുണ്ടായിട്ടുള്ളൂ എന്നൊക്കെ പറഞ്ഞ് ഞങ്ങള്‍ ഞങ്ങളെ തന്നെ മോട്ടിവേറ്റ് ചെയ്യുകയായിരുന്നു. കളി നമ്മള്‍ ജയിക്കും എന്നതായതോടെ ഞാനും ദൃശ്യയും പറഞ്ഞു, എന്ത് സംഭവിച്ചാലും വിന്നിങ് ഷോട്ട് അടിച്ചിട്ട് അവിടെ ഇരിക്കുന്ന അവന്മാര്‍ക്ക് മറുപടി കൊടുക്കണമെന്ന്. വിന്നിങ് സ്‌കോര്‍ നേടിയ ശേഷം ഞാന്‍ ഗ്യാലറിയിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ അവിടെ ഒരുത്തന്‍ പോലുമുണ്ടായിരുന്നില്ല. എല്ലാം മുങ്ങി.

നാഷണല്‍ ടീമില്‍ ആരാണ് ഫേവറീറ്റ്?

മിതാലി ദിയും പിന്നെ ഹര്‍മനുമാണ് പ്രിയപ്പെട്ടവര്‍. ഹര്‍മന്റെ ആറ്റിറ്റ്യൂഡ് കിടുവാണ്. ലോകകപ്പ് സെമിയില്‍ അടിച്ച അടിയുണ്ടല്ലോ അതൊന്ന് വേറെ തന്നെയാണ്. ഹര്‍മന്‍ ക്രീസിലേക്ക് വരുമ്പോള്‍ തന്നെ ഒരു പ്രത്യേക ഫീലാണ്. എന്തെങ്കിലുമൊക്കെ നടക്കുമെന്ന തോന്നലുണ്ടാകും. മിതാലി ദി ഭയങ്കര കൂളാണ്. കളിക്ക് മുമ്പ് പോലും പുസ്തകം വായിച്ചിരിക്കും. എത്ര വലിയ പ്രഷര്‍ സാഹചര്യത്തിലും കൂളാണ്. അവരൊക്കെ നല്ല പ്രാഫഷണലാണ്. ഗ്രൗണ്ടിനകത്ത് പരസ്പരം സപ്പോര്‍ട്ട് ചെയ്യുന്ന എന്നാല്‍ പുറത്ത് എത്തിയാല്‍ സ്വന്തം കരിയര്‍ മെച്ചപ്പെടുത്താന്‍ വേണ്ടി ശ്രമിക്കുന്ന പ്രൊഫഷണല്‍സ്. നമ്മുടെ പ്ലെയേഴ്സ് ഒക്കെ എന്തെങ്കിലും മോശം സംഭവിച്ചാല്‍ പെട്ടെന്ന് ഡൗണ്‍ ആകുന്നവരാണ്. എന്നാല്‍ അങ്ങനെ ഡൗണ്‍ ആകരുതെന്നും പ്രൊഫഷണലായിട്ട് കളിയെ സമീപിക്കാന്‍ കഴിയണമെന്നുമാണ് സുമന്‍ മാം പറയുന്നത്.

സജനയ്ക്ക് ഇന്ത്യന്‍ താരം ഗംഭീർ ബാറ്റ് സമ്മാനിക്കുന്നു

ടൂര്‍ണമെന്റിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷം ഏതായിരുന്നു? ഫൈനല്‍ വിജയം മാറ്റി നിര്‍ത്തിയാല്‍

അത് മുംബൈയ്ക്കെതിരായ മൽസരം തന്നെയാണ്.. നേരത്തെ പറഞ്ഞല്ലോ. ഇല്ലായ്മകളില്‍ നിന്നും നമ്മള്‍ ഉണ്ടാക്കിയെടുത്ത വിജയമായിരുന്നു അത്. ആ കളി നമ്മള്‍ ജയിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. അവരുടെ കളിയും സ്ട്രോങ്ങായിരുന്നു പോരാത്തതിന് ആരാധകരുടെ പിന്തുണയും. നെഗറ്റീവുകളുടെ നമ്മള്‍ പോസിറ്റീവ് ആക്കി മാറ്റുകയായിരുന്നു.

ഇതുവരെയുള്ള ക്രിക്കറ്റ് കരിയറിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷം ഏതായിരിക്കും?

ഫാസ്റ്റസ്റ്റ് ഫിഫ്റ്റി അടിച്ചത് ഗൗതം ഗംഭീര്‍ സമ്മാനിച്ച ബാറ്റുകൊണ്ടായിരുന്നു. അത് മറക്കാന്‍ പറ്റാത്ത അനുഭവമായിരുന്നു. എനിക്ക് ലഭിച്ച ഏറ്റവും മികച്ച കിറ്റായിരുന്നു അത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ