തിരുവനന്തപുരം: ആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളി മൽസരം മുതല്‍ കൊല്ലം പ്രസിഡന്റ്സ് ട്രോഫി വള്ളംകളി മൽസരം വരെ ഉള്‍പ്പെടുത്തി ഐപിഎല്‍ മാതൃകയില്‍ സംസ്ഥാനത്തെ ജലമേളകള്‍ ലീഗടിസ്ഥാനത്തില്‍ സംഘടിപ്പിക്കാന്‍ സംസ്ഥാന ടൂറിസം വകുപ്പ്.

കേരള ബോട്ട് റേസ് ലീഗ് എന്ന ഈ വിപുലമായ ജലമേളയില്‍ ആചാരാനുഷ്‌ഠാനങ്ങളുമായി ബന്ധപ്പെട്ട പരമ്പരാഗത ജലോത്സവങ്ങള്‍ ഒഴിച്ചുള്ള അഞ്ച് ജില്ലകളിലെ വള്ളംകളികളെ ലീഗടിസ്ഥാനത്തില്‍ ഉള്‍പ്പെടുത്തും. 2018 ഓഗസ്റ്റ് 11 മുതല്‍ നവംബര്‍ 1 വരെ കേരള ബോട്ട് റേസ് ലീഗ് സംഘടിപ്പിക്കാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെടുത്തത്.

ഓഗസ്റ്റ് 11 ന് ആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളി മത്സരം യോഗ്യതാ മൽസരമായി കണക്കാക്കി തുടര്‍ ലീഗ് മൽസരങ്ങള്‍ നടത്തും. കേരളത്തില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ആസ്വദിക്കാന്‍ അവസരം ലഭിക്കുന്ന രീതിയിലാണ് ലീഗ് മൽസരങ്ങള്‍ സംഘടിപ്പിക്കുക. മൽസര തീയതികള്‍ നേരത്തെ തന്നെ പ്രഖ്യാപിച്ച് രാജ്യാന്തര തലത്തില്‍ തന്നെ പ്രചാരണം നടത്തും. ഓഗസ്റ്റ് 11 ന് നെഹ്റു ട്രോഫി വള്ളംകളിയോടെ ആരംഭിച്ച് നവംബര്‍ ഒന്നിന് കൊല്ലം പ്രസിഡന്റ്സ് ട്രോഫി മൽസരത്തോടെ സമാപിക്കുന്ന കേരള ബോട്ട് റേസ് ലീഗില്‍ 12 മൽസരങ്ങളാണ് ഉണ്ടാകുക. നെഹ്റു ട്രോഫി വള്ളംകളിയില്‍ പങ്കെടുക്കുന്ന 20 ചുണ്ടന്‍ വള്ളങ്ങളില്‍ മികച്ച പ്രകടനം കാഴ്‌ച വയ്‌ക്കുന്ന ഒമ്പത് ചുണ്ടന്‍വള്ളങ്ങളാണ് തുടര്‍ന്നുള്ള ലീഗ് മൽസരങ്ങളില്‍ പങ്കെടുക്കുക.

ആലപ്പുഴ ജില്ലയിലെ പുന്നമട, പുളിങ്കുന്ന്, കൈനകരി, കരുവാറ്റ, മാവേലിക്കര, കായംകുളം, എറണാകുളം ജില്ലയിലെ പിറവം, പൂത്തോട്ട, തൃശൂര്‍ ജില്ലയിലെ കോട്ടപ്പുറം, കോട്ടയം ജില്ലയിലെ താഴത്തങ്ങാടി, കൊല്ലം ജില്ലയിലെ കല്ലട, കൊല്ലം എന്നീ വേദികളിലാണ് ലീഗ് മൽസരങ്ങള്‍ സംഘടിപ്പിക്കുകയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ജല മഹോത്സവങ്ങളായാണ് ഓരോ പ്രദേശത്തും ലീഗ് മൽസരങ്ങള്‍ നടത്തുക.

ലീഗില്‍ യോഗ്യത നേടുന്ന എല്ലാ ടീമുകള്‍ക്കും ഓരോ വേദിക്കും ബോണസായി നാല് ലക്ഷം രൂപ വീതം നല്‍കും. ഓരോ ലീഗ് മൽസരത്തിലും ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് ഒരു ലക്ഷം രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെ സമ്മാനത്തുകയും ഉണ്ടാകും. കേരള ബോട്ട് റേസ് ലീഗ് അന്തിമ ജേതാക്കള്‍ക്ക് ആറ് ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെ സമ്മാനത്തുകയായി പ്രഖ്യാപിക്കുന്ന കാര്യം പരിഗണനയിലാണ്. എല്ലാ മൽസരങ്ങളിലും യോഗ്യത നേടിയ എല്ലാ വള്ളങ്ങളും ഹീറ്റ്സ് മുതല്‍ പങ്കെടുക്കേണ്ടതാണെന്നും, തുഴച്ചിലുകാരില്‍ 75 ശതമാനം തദ്ദേശീയരായിരിക്കണമെന്നും നിബന്ധന വയ്‌ക്കാൻ യോഗം തീരുമാനിച്ചു.

15 കോടിയോളം രൂപയാണ് കേരള ബോട്ട് റേസ് ലീഗ് സംഘടിപ്പിക്കുന്നതിന് വേണ്ടിവരിക. ഇതിനായി 10 കോടി രൂപ കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ബാക്കി പണം സ്‌പോണ്‍സര്‍ഷിപ്പിലും മറ്റുമായി കണ്ടെത്തേണ്ടി വരും. സംസ്ഥാനത്തിന്റെ ടൂറിസം മേഖലയിലും, ജലോത്സവങ്ങള്‍ക്കും ആവേശം പകരാന്‍ ഐപിഎല്‍ മാതൃകയിലുള്ള കേരള ബോട്ട് റേസ് ലീഗിലൂടെ സാധിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. യോഗത്തില്‍ എംഎല്‍എമാരായ തോമസ് ചാണ്ടി, എം.മുകേഷ്, അനൂപ് ജേക്കബ്, കോവൂര്‍ കുഞ്ഞുമോന്‍, പ്രതിഭ, മുന്‍ എംഎല്‍എമാരായ സി.കെ.സദാശിവന്‍, കെ.കെ.ഷാജു, ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, ടൂറിസം ഡയറക്‌ടര്‍ പി.ബാലകിരണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook