കൊൽക്കത്ത: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ബംഗാളിനെതിരെ കേരളത്തിന് മികച്ച ലീഡ്. ഓൾറൗണ്ടർ ജലജ് സക്സേനയുടെ സെഞ്ചുറി മികവിലാണ് കേരളത്തിന്റെ കുതിപ്പ്. ഒന്നാം ഇന്നിങ്സിൽ 144 റൺസിന്റെ ലീഡാണ് കേരളം നേടിയിരിക്കുന്നത്.

ആദ്യ ഇന്നിങ്സിൽ 147 റൺസിന് പുറത്തായ ബംഗാളിനെതിരെ മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം 291 റൺസ് നേടുകയായിരുന്നു. 190 പന്തുകളിൽ നിന്നും 21 ബൗണ്ടറികളുടെയും 2 സിക്സറുകളുടെയും അകമ്പടിയോടെയായിരുന്നു സക്സേനയുടെ സെഞ്ചുറി നേട്ടം.

ജഗദീശ് 39 റൺസും അക്ഷയ് ചന്ദ്രൻ 32 റൺസും നേടി. മറ്റാർക്കും കേരള നിരയിൽ കാര്യമായ സംഭവന നൽകാനായില്ല. സഞ്ജു സാംസൺ പൂജ്യത്തിന് പുറത്താകുകയായിരുന്നു. ആറ് കേരള താരങ്ങളാണ് രണ്ടക്കം കാണാതെ പുറത്തായത്.

ബംഗാളിനായി ഇഷാൻ പോറൽ നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഇന്ത്യൻ പേസർ മുഹമ്മദ് ഷമി മൂന്ന് വിക്കറ്റും വീഴ്ത്തി. 26 ഓവറിൽ 100 റൺസ് വഴങ്ങിയാണ് ഇന്ത്യൻ താരത്തിന്റെ പ്രകടനം. രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ബംഗാൾ അഞ്ച് റൺസ് നേടിയപ്പോൾ ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി.

ഇന്നലെ ബംഗാളിനെ 147 റണ്‍സിന് പുറത്താക്കിയിരുന്നു കേരളം. പേസര്‍ ബേസില്‍ തമ്പിയുടെ നേതൃത്വത്തിലുള്ള ബോളിങ് നിരയുടെ തകര്‍പ്പന്‍ പ്രകടനമാണ് ബംഗാളിന്റെ നട്ടല്ലൊടിച്ചത്. തമ്പി നാല് വിക്കറ്റ് നേടി. നിതീഷ് എംഡി മൂന്നും സന്ദീപ് വാര്യര്‍ രണ്ട് വിക്കറ്റും നേടി. ജലജ് സക്സേനയും ഒരു വിക്കറ്റ് നേടി.

53 റണ്‍സെടുത്ത അനുസ്തൂപ് മജുന്ദാര്‍ ആണ് ബംഗാള്‍ നിരയിലെ ടോപ് സ്‌കോറര്‍. ഓപ്പണര്‍ അഭിഷേക് കുമാര്‍ രമണ്‍ 40 റണ്‍സെടുത്തു. ക്യാപ്റ്റന്‍ 22 റണ്‍സ് മാത്രം നേടി പുറത്തായത് ബംഗാളിന്റെ പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടിയായി മാറി. മധ്യനിരയില്‍ 13 റണ്‍സുമായി പുറത്തായ വിവേക് സിങ്ങിന് പിന്നാലെ വന്നവരാരും രണ്ടക്കം കണ്ടില്ല. അഞ്ച് പേരാണ് അക്കൗണ്ട് തുറക്കും മുമ്പു തന്നെ മൈതാനം വിട്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook